Connect with us

National

രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലിറങ്ങി

Published

|

Last Updated

ബംഗളൂരു: ബംഗളൂരു മെട്രോപൊളിറ്റീന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ രാജ്യത്താദ്യമായി ഇലക്ട്രിക് ബസ് നിരത്തിലിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസം ഓടിയതിന് ശേഷം ബസ് സാധാരണ സര്‍വീസ് നടത്തും. മജസ്റ്റിക്, കടുഗൊഡി റൂട്ടിലാണ് സര്‍വീസ് നടത്തുക. പരീക്ഷണ കാലാവധിക്ക് ശേഷം ബസ് കെംപെഗൗഡയില്‍ നിന്ന് എയര്‍പോര്‍ട്ട് വഴി സര്‍വീസ് നീട്ടും.
വോള്‍വോ ബസിന്റെ സൗകര്യങ്ങളാണ് ബസിലുള്ളത്. വോള്‍വോയുടെ ചാര്‍ജ് ഈടാക്കും. പത്ത് രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും ആറ് ട്രിപ്പുകളുണ്ടാകും. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സര്‍വീസ്. ആറ് മണിക്കൂര്‍ നേരം ബാറ്ററി ചാര്‍ജ് കിട്ടും. ഒരു ഡിപ്പോയില്‍ ബസ് ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫുള്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബസ് 250 കിലോമീറ്റര്‍ ഓടുമെന്ന് ബി എം ടി സി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ പര്‍വേസ് പറഞ്ഞു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും നെതര്‍ലാന്‍ഡ്‌സിലും ഇത്തരത്തില്‍ 5000 ബസുകള്‍ ഓടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ഫ്‌ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപയാണ് ബസിന്റെ ചെലവ്. വോള്‍വോ ബസിന് 90 ലക്ഷം രൂപയാണ് ചെലവ്.
വോള്‍വോക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ 18 രൂപ ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസിന് ഏഴ് രൂപയാണ് ചെലവ്. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.