Connect with us

International

ഇന്ത്യ അഴിമതിയില്‍ മുങ്ങിയ രാജ്യമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയിലടക്കം സര്‍ക്കാറിന്റെ എല്ലാ മേഖലകളിലും അഴിമതി വ്യാപകമെന്ന് യു എസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ 2013ലെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി തടയാന്‍ നിയമങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ല. ഇക്കാരണത്താല്‍ ശിക്ഷാ ഭീതിയില്ലാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാറിന്റെ എല്ലാ തലങ്ങളിലും അഴിമതിയുണ്ട്.
ജനുവരി മുതല്‍ നവംബര്‍വരെ 583 അഴിമതിക്കേസുകളാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2012ല്‍ ലഭിച്ച 7,224 കേസുകളില്‍ 5,720 എണ്ണത്തിന് കമ്മീഷന്‍ നടപടികക്ക് ശിപാര്‍ശ ചെയ്തു. അടിയന്തിര സേവനങ്ങളായ പോലീസ് സംരക്ഷണം, സ്‌കൂള്‍ പ്രവേശനം, കുടിവെള്ള വിതരണം തുടങ്ങിയ സര്‍ക്കാര്‍ സേവന മേഖലകളില്‍ അഴിമതി വ്യാപകമാണെന്ന് എന്‍ ജി ഒകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഴിമതി തടയാന്‍ പാര്‍ലമെന്റ് ലോക്പാല്‍ ബില്‍ പാസാക്കിയിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിലും അഴിമതി നടന്നു. മഹാരാഷ്ട്രയിലെ ആദിവാസി വികസന വകുപ്പ് ഫണ്ട് തിരിമറി നടതത്തിയത് അന്വേഷിക്കാന്‍ ബോംബെ ഹൈക്കോടതി പ്രത്യേക സംഘത്തെതന്നെ നിയോഗിക്കാന്‍ ഉത്തരവിട്ടു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടെന്നും ചില സംഭവങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest