Connect with us

Ongoing News

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോല്‍വി

Published

|

Last Updated

ഫത്വഹുല്ല: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്കയുടെ വിജയക്കുതിപ്പ്. ആവേശകരമായ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ലങ്കന്‍ ജയം. ഇന്ത്യ മുന്നോട്ടു വെച്ച 265 റണ്‍സ് ലക്ഷ്യം ലങ്ക നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കടന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. 84 പന്ത് മാത്രം നേരിട്ട സങ്കക്കാര 12 ഫോറും ഒരു സിക്‌സും അടക്കം 103 റണ്‍സ് നേടി. കരിയറിലെ 18-ാം സെഞ്ചുറിയാണ് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. എന്നാല്‍, സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം തൊട്ടടുത്ത പന്തില്‍ സങ്കക്കാര പുറത്തായത് ഇന്ത്യക്ക് അവസരമൊരുക്കി.
ഷമിയുടെ പന്തില്‍ അശ്വിന്‍ ക്യാച്ചെടുക്കുകയായിരുന്നു. ഔട്ട് റിവ്യൂ ചെയ്‌തെങ്കിലും സങ്കക്കാരക്ക് നിരാശപ്പെടേണ്ടി വന്നു. തിസര പെരേര(11)യും മെന്‍ഡിസും (5) ചേര്‍ന്ന് ലങ്കയെ വിജയത്തിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്ക് സങ്കക്കാരയുടെ സ്റ്റംപിംഗ് പാഴാക്കിയതും ഫീല്‍ഡില്‍ ക്യാച്ചുകള്‍ നഷ്ടമാക്കിയതും ബൗണ്ടറികള്‍ വിട്ടതുമെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി.
ഓപ്പണര്‍മാരായ കുശാല്‍ പെരേര (64), ലഹിരു തിരുമാനേ (38) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ലങ്കക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍മാര്‍ക്ക് പിന്നാലെ മധ്യനിര തകര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. മഹേല ജയവര്‍ധന ഒന്‍പത് റണ്‍സിനും തൊട്ടടുത്ത പന്തില്‍ ദിനേശ് ചാണ്ഡിമാല്‍ പൂജ്യത്തിനും പുറത്തായി. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ആറ് റണ്‍സിന് പുറത്തായി. എന്നാല്‍ വിക്കറ്റുകള്‍ ഒരു വശത്ത് വീണപ്പോഴും നന്നായി കളിച്ച സങ്കക്കാര ലങ്കയെ വിജയതീരത്തെത്തിച്ചു. ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോഴാണ് സങ്കക്കാര പുറത്തായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. 94 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 48 റണ്‍സ് നേടി. ലങ്കയ്ക്ക് വേണ്ടി അജന്ത മെന്‍ഡിസ് നാലും സചിത്ര സേനനായകെ മൂന്നും വിക്കറ്റുകള്‍ നേടി.

---- facebook comment plugin here -----

Latest