Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ജനവാസ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ഇളവിന് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഹാരത്തിന് തിരക്കിട്ട നീക്കം. സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദത്തിനൊപ്പം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ താത്കാലിക പരിഹാരം എങ്ങനെയെന്ന ചിന്തയിലാണ് വനം, പരിസ്ഥിതി മന്ത്രാലയം. വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലിയുടെ നിര്‍ദേശ പ്രകാരം കേരളത്തിലെ പ്രതിഷേധം തണുപ്പിക്കാനുള്ള വഴികള്‍ തേടുന്നതിന് തിരക്കിട്ട ചര്‍ച്ചകളിലാണ് ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തിലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് നാളെയുണ്ടാകുമെന്നാണ് വിവരം. അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനായി പക്ഷം മറന്ന് മലയോരത്തെ രാഷ്ട്രീയ നേതൃത്വം തെരുവിലും സജീവമാണ്. പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുണ്ടായ ഭിന്നത ദിവസം ചെല്ലും തോറും മൂര്‍ച്ഛിക്കുകയാണ്.

പരിസ്ഥിതിലോലമായി കണ്ടെത്തിയ 123 വില്ലേജുകള്‍ അതേ രീതിയില്‍ നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും പ്രത്യേക ഇളവ് നല്‍കാനാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചനയെന്നറിയുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി വാങ്ങണം എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
കേരളത്തിലെ 12,477 ചതുരശ്ര കിലോമീറ്റര്‍ മേഖലയെയാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 2,550 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഇക്കാര്യം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ച് വരികയാണ്.
പരിസ്ഥിതിലോല പ്രദേശങ്ങളെന്ന് കണ്ടെത്തിയ 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിണയിക്കുന്നതിന് പകരം ജനവാസ കേന്ദ്രങ്ങള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും പ്രത്യേക ഇളവ് നല്‍കാമെന്ന നിര്‍ദേശമാണ് മന്ത്രാലയം മുന്നോട്ടു വെക്കുന്നത്. അന്തിമ വിജ്ഞാപനം വരുമ്പോള്‍ അതിര്‍ത്തി പുനര്‍നിര്‍ണയം പരിഗണിക്കാമെന്നാണ് നിലപാട്.
പതിനഞ്ചോ അതിലധികമോ കുടുംബങ്ങളുള്ള പ്രദേശങ്ങളെയായിരിക്കും ജനവാസ കേന്ദ്രങ്ങളായി പരിഗണിക്കുക. പ്രത്യേക ഇളവ് നല്‍കുമ്പോഴും ഇവിടങ്ങളിലെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടിവരും. വന മേഖലയിലുള്ള ഒറ്റപ്പെട്ട താമസ താമസക്കാര്‍ക്ക് ഇളവ് നല്‍കുകയുമില്ല. ഏലത്തോട്ടങ്ങള്‍, ആശുപത്രികള്‍ എന്നിവയെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും. കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ ഒരു ഓഫീസ് മെമ്മോറാണ്ടവും ഒപ്പം പശ്ചിമഘട്ടത്തിന്റെ മൊത്തം സംരക്ഷണത്തിനായി കരട് വിജ്ഞാപനവും നാളെ ഇറക്കുമെന്നാണ് വിവരം.
കസ്തൂരിരംഗന്‍ ശിപാര്‍ശയോട് കേരളം കടുത്ത എതിര്‍പ്പ് തുടരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തല്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനുമുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നത് കേസില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Latest