Connect with us

Gulf

ദോഹ തീപ്പിടുത്തം: പെട്രോള്‍ സ്‌റ്റേഷനുകളിലെ ഗ്യാസ് ടാങ്കുകള്‍ക്ക് വിലക്ക്

Published

|

Last Updated

ദോഹ: ലാന്‍ഡ്മാര്‍ക്ക് പെട്രോള്‍ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കുകള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റെസ്‌റ്റോറന്റുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധമായ നോട്ടീസ് ലഭിച്ചു തുടങ്ങി. പെട്രോള്‍ സ്‌റ്റേഷനുകളിലെ സുരക്ഷാകാരണങ്ങളാല്‍ അവിടങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് പോട്ടോ ഗ്യാസ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകും വരെ നിറുത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും സിവില്‍ ഡിഫന്‍സ്, വുഖൂദ് അധികൃതര്‍ അറിയിച്ചു.

പ്രസ്തുത ഗ്യാസ് കണക്ഷനുകള്‍ വൈകാതെ കട്ട് ചെയ്യുമെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.ടാങ്കുകളില്‍ അവശേഷിക്കുന്ന ഗ്യാസ് തിരികെ സ്വീകരിച്ച് ആയതിന്റെ തുക സ്ഥാപന ഉടമകള്‍ക്ക് നല്‍കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ നടപടി ഇത്തരം രാജ്യത്തെ അനേകം പെട്രോള്‍ സ്‌റ്റേഷനുകളില്‍ കാലങ്ങളായി വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റുകളെയും അത് പോലുള്ള വ്യാപാരസ്ഥാ പനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന അളവില്‍ വാണിജ്യാടിസ്ഥാനത്തില്‍ പോട്ടോഗ്യാസ് ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് ഖത്തറിലെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ടാങ്ക് നല്‍കി ഗ്യാസ് ശേഖരിച്ചു സൂക്ഷിക്കുന്ന രീതി വുഖൂദ് ആരംഭിച്ചത്. അങ്ങിനെയൊരു സൗകര്യം ഇല്ലാതെ പോകുമ്പോള്‍ പകരം സംവിധാനം ഒരുക്കാന്‍ സാധിക്കാതെ, കുറഞ്ഞ അളവില്‍ ഗ്യാസ് ശേഖരിച്ചു സൂക്ഷിക്കുന്ന ചെറിയ തരം സിലിണ്ടറുകളെ ആശ്രയിക്കേണ്ടി വരികയും അത്മൂലം വ്യാപാരസ്ഥാപനങ്ങള്‍ വന്‍നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും.

ഇയ്യിടെയുണ്ടായ ഗ്യാസ്സിലിണ്ടര്‍ സ്‌ഫോടനത്തിലും അഗ്‌നിബാധയിലും സ്വദേശികളടക്കം പതിമൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം 19 പേരുടെ മരണത്തിനിടയാക്കിയ രണ്ടായിരത്തി പന്ത്രണ്ടില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തെ വില്ലാജിയോ മാളിലുണ്ടായ അഗ്‌നിദുരന്തത്തിനു പിറകെ, വ്യാവസായിക മേഖലയില്‍ മൂന്നോളം സ്ഥലങ്ങളില്‍ അടിക്കടി ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ ഉണ്ടായി. അവിടങ്ങളിലൊക്കെ വലിയ തോതിലുള്ള ഗോഡൌണുകളുടെ ഭാഗമെന്ന പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ലേബര്‍ കേമ്പുകളില്‍ പാര്‍ക്കുന്ന വിദേശ തൊഴിലാളികള്‍ പലപ്പോഴും തലനാരിഴക്കാണ് തീനളാങ്ങളില്‍ നിന്ന് രക്ഷപ്പെടാറുള്ളത്.

Latest