Connect with us

Malappuram

കോണ്‍ഗ്രസ് ഓഫീസിലെ കൊല; രാധയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

നിലമ്പൂര്‍: രാധ കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. രാധയുടെ വീട്ടിലെത്തി സഹോദരനില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് സംഘം മൊഴിയെടുത്തത്.
രാവിലെ 10.45 ഓടെ തുടങ്ങിയ മൊഴി രേഖപ്പെടുത്തല്‍ രണ്ട് മണിക്കൂറോളം തുടര്‍ന്നു. തെളിവെടുപ്പിന് ശേഷം പുറത്തിറങ്ങിയ എ ഡി ജി പി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. കേസന്വേഷണം തുടങ്ങി എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അന്വേഷണ സംഘം നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബിസിനസ് ഓഫീസിലും ബന്ധു ആര്യാടന്‍ ആസാദിന്റെ ഓഫീസിലും പരിശോധന നടത്തി.
ഈ ഓഫീസുകളില്‍ ജോലി പൂര്‍ത്തിയാക്കിയ ശേഷമാണ് രാധ കോണ്‍ഗ്രസ് ഓഫീസില്‍ എത്താറുള്ളത്. കൊല്ലപ്പെട്ട ദിവസം രണ്ട് ഓഫീസുകളിലും രാധ എത്തിയിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. എ ഡി ജി പി. ബി സന്ധ്യയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് സിറ്റി ട്രാഫിക് എസ് പി അക്ബര്‍, കണ്ണൂര്‍ കെ എ പി കമാന്റര്‍ ശ്രീനിവാസന്‍, ഡി വൈ എസ് പിമാരായ എം പി മോഹന ചന്ദ്രന്‍, പി ശശിധരന്‍, വളാഞ്ചേരി സി ഐ ബഷീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം, കോണ്‍ഗ്രസ് ഓഫീസില്‍ ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ളി വാസുവിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാം തവണയും തെളിവെടുത്തു.
മൃതദേഹം കണ്ടെത്തിയ ദിവസവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ തലേ ദിവസവും ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു.

 

Latest