Connect with us

Malappuram

സാമൂഹികനീതി സമുച്ചയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും: മന്ത്രി എം കെ മുനീര്‍

Published

|

Last Updated

കുറ്റിപ്പുറം: തവനൂര്‍ സാമൂഹിക നീതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. സമുച്ചയ നിര്‍മാണത്തിന് മികവുറ്റ മാതൃകയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ ടി മുഹമ്മദ് ബശീര്‍ എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കര്‍ ഭൂമിയില്‍ 38.08 കോടി ചെലവിലാണ് സമുച്ചയം നിര്‍മിക്കുന്നത്.
150 പേര്‍ക്ക് താമസിക്കാവുന്ന വൃദ്ധ സദനം, മുതിര്‍ന്നവര്‍ക്കായി പകല്‍ പരിപാലന കേന്ദ്രം, മാനസിക വെല്ലുവിളി നേരിടുന്ന 100 സ്ത്രീകളെ താമസിപ്പിക്കാവുന്ന പ്രതീക്ഷാ ഭവന്‍, 100 ആണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോം, പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ചില്‍ഡ്രന്‍സ് ഹോം, മഹിളാമന്ദിരം എന്നിവ പുതിയ സമുച്ചയത്തിലുണ്ടാവും. നിലവിലുള്ള റെസ്‌ക്യൂ ഹോം ഷെല്‍ട്ടര്‍ ഹോമാക്കും. പൗള്‍ട്രി ഫാം, ഡയ്‌റി ഫാം, കൃഷിത്തോട്ടം, വാട്ടര്‍ഷെഡ്, വൃദ്ധജനങ്ങള്‍ക്കുള്ള പാര്‍ക്ക് (ജറിയാട്രിക് പാര്‍ക്). ആംഫി തിയെറ്റര്‍, ഗാസ് ക്രിമറ്റോറിയം എന്നിവയും സമുച്ചയത്തിലുണ്ടാവും. സാന്ത്വന പരിചരണ രംഗത്ത് താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള സൗകര്യവും സമുച്ചയത്തിലുണ്ടാവും. ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, പച്ചക്കറിത്തോട്ടം, ഇന്‍സിനറേറ്റര്‍, ഭരതപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കേന്ദ്രത്തിലെത്തിക്കുന്നതിന് പുതിയ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നത് കൂടാതെ നിലവിലുള്ള കിണറുകള്‍ പുനരുദ്ധരിക്കുകയും ചെയ്യും. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദനവും നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ കെ.ബിജു, സാമൂഹിക നീതി വകുപ്പ് റീജനല്‍ അസി. ഡയറക്റ്റര്‍ കെ. മുകുന്ദന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തിപങ്കെടുത്തു.

 

Latest