Connect with us

National

സുബ്രതോ റോയി കസ്റ്റഡിയില്‍ തുടരണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകേസില്‍ പോലീസില്‍ കീഴടങ്ങിയ സുബ്രതോ റോയിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം സമര്‍പ്പിക്കുന്നതുവരെ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടു മാസത്തിനകം നിക്ഷേപകര്‍ക്ക് പൂര്‍ണമായും തുക തിരികെ നല്‍കാമെന്ന് സുബ്രതോ റോയി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വസ്തു വിറ്റ് പണം കണ്ടെത്താമെന്ന നിര്‍ദേശം കോടതി അംഗീകരിച്ചില്ല.

അതേസമയം സുബ്രതോയുടെ മാപ്പപേക്ഷ കോടതി സ്വീകരിച്ചു. കോടതിയില്‍ ഹാജരാകാന്‍ കാലതാമസം വരുത്തിയതിന് സുബ്രതോ മാപ്പു പറഞ്ഞിരുന്നു. തക്കതായ കാരണം സുബ്രതോ റോയി ബോധിപ്പിച്ചതായി കോടതി അറിയിച്ചു.

കനത്ത സുരക്ഷയില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഒരു അഭിഭാഷകന്‍ സുബ്രതോ റോയിയുടെ മുഖത്ത് മഷി ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മനോജ് ശര്‍മയെന്ന അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു.