Connect with us

Ongoing News

കാര്‍ലസ് പുയോള്‍ സീസണ്‍ അവസാനത്തോടെ ബാഴ്‌സ വിടും

Published

|

Last Updated

puyol

കാര്‍ലസ് പുയോള്‍ പത്രസമ്മേളനം നടത്തുന്നു

ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബാള്‍ ക്ലബ് ബാഴ്‌സലോണയുടെ വിശ്വസ്തനായ പ്രതിരോധതാരവും നായകനുമായ കാര്‍ലസ് പുയോള്‍ ക്ലബ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ താന്‍ ക്ലബ് വിടുമെന്ന് പുയോള്‍ അറിയിച്ചു. 15 വര്‍ഷത്തെ ബാഴ്‌സലോണ യുഗത്തിന് ശേഷമാണ് പുയോള്‍ ക്ലബ് വിടുന്നത്. എന്നാല്‍ ബാഴ്‌സ വിട്ട് ഏത് ക്ലബിലേക്ക് പോവുമെന്ന് പുയോള്‍വ്യക്തമാക്കിയില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ കാര്യമായി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പുയോളിന് സാധിച്ചിരുന്നില്ല. പരുക്കായിരുന്നു കാരണം. സീസണില്‍ ഇതുവരെ 12 മത്സരങ്ങള്‍ മാത്രമാണ് പുയോള്‍ കളിച്ചത്.

സാവി ഫെര്‍ണാണ്ടസിന് പിന്നില്‍ ബാഴ്‌സക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് പുയോള്‍. 593 മത്സരങ്ങളിലാണ് പുയോള്‍ ബാഴ്‌സക്കുവേണ്ടി കളിച്ചത്. 1999ലാണ് പുയോള്‍ ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അംഗമാവുന്നത്. അതിനുമുമ്പ് 1995-96 വരെ ബാഴ്‌സലോണയുടെ യൂത്ത് ടീമിലും 1996-97ല്‍ ബാഴ്‌സ സി ടീമിലും പിന്നീട് ബി ടീമിലും അംഗമായിരുന്നു പുയോള്‍. പഴയ തലമുറയിലെ പ്രതിരോധ നിരക്കാരുടെ ഇടയിലെ അവസാന കണ്ണിയായാണ് പുയോള്‍ അറിയപ്പെടുന്നത്.

പുയോള്‍ നായകസ്ഥാനത്തിരുന്ന കാലത്താണ് ബാഴ്‌സ വലിയ നേട്ടങ്ങള്‍ കൊയ്തത്. ദേശീയ ടീമായ സ്‌പെയിനിന് ഒരേ സീസണില്‍ ലോകക്കപ്പും യൂറോകപ്പും നേടിക്കൊടുത്തതിലും പുയോളിന്റെ പങ്ക് വലുതാണ്.