Connect with us

Articles

പരീക്ഷ: കുട്ടികളെ തളര്‍ത്തരുത്; തകര്‍ക്കരുത്

Published

|

Last Updated

examsമലപ്പുറം ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ കഴിഞ്ഞ ഓണപ്പരിക്ഷ എഴുതിയ വിദ്യാര്‍ഥിയുടെ പരീക്ഷ പേപ്പര്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കാണിച്ചു തന്നു. അവസാന പരീക്ഷയായ സോഷ്യല്‍ സയന്‍സിന്റെ ഉത്തരക്കടലാസില്‍ അവന്‍ എഴുതിയത് തനിക്ക് ലഭിച്ച ചോദ്യങ്ങളുടെ ഉത്തരമായിരുന്നില്ല. ജീവിതം ഒടുക്കുന്നതിന്റെ കാരണങ്ങളായിരുന്നു. അവന്‍ എഴുതി തുടങ്ങിയത് ഇങ്ങനെ. “”ക്ഷമിക്കണം, ഞാന്‍ എഴുതുന്നത് എന്റെ അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ്… എനിക്ക് മെക്കാനിക്കല്‍ എന്‍ജിനീയറാകാന്‍ താത്പര്യമുണ്ട്. എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല. എന്റെ കഴിവ് ഉപയോഗിച്ച് ഈ സ്ഥാപനത്തിന് സ്വര്‍ണ മെഡല്‍ വാങ്ങിത്തരാന്‍ മോഹമുണ്ട്. പക്ഷേ, അതിനു സാധിക്കുമെന്ന് തോന്നുന്നില്ല….”” നാല് പേജ് നിറയെ അവന്‍ പകര്‍ത്തിയത് തന്റെ സ്വപനങ്ങളും അവന്‍ ആത്മഹത്യ ചെയ്യുന്നതെന്തിനെന്നുമായിരുന്നു. ആ വിദ്യാര്‍ഥിയുമായി തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു സത്യമുണ്ട്. ഇതിനു മുമ്പ് നാല് തവണ ഞാന്‍ എലി വിഷം കഴിച്ചിരുന്നു. പക്ഷേ, മരിച്ചില്ല. മൂന്ന് വര്‍ഷത്തോളമായി താന്‍ അനുഭവിക്കുന്ന മാനസിക വിഷമത്തിന്റെ പരിഹാരമായി ആ വിദ്യാര്‍ഥി അവസാനം കണ്ടെത്തിയത് ആത്മഹത്യയായിരുന്നു. അവന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായതോടെ താന്‍ മൂടി വെച്ചിരുന്ന പ്രശ്‌നങ്ങളുടെ മേഘങ്ങള്‍ മാഞ്ഞുപോയി. ഇപ്പോള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു.
മുമ്പ് കടക്കെണിയില്‍ കുടുങ്ങിയും ജീവിത പ്രാരാബ്ധത്താലും ആത്മഹത്യ ചെയ്ത മുതിര്‍ന്നവരുടെ വാര്‍ത്തകളായിരുന്ന കേട്ടിരുന്നത്. ഇന്ന് ഇളം മനസ്സുകള്‍ ആത്മഹത്യ അഭിനയവും ആത്യമഹത്യാ ശ്രമവും ആത്മഹത്യയും നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളിലെ ആത്മഹത്യാ പ്രവണത മനഃശാസ്ത്രജ്ഞര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കെ ജി ക്ലാസ് മുതല്‍ മാനസിക പിരിമുറുക്കം അനുഭവിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ വളരുന്നത്. പഠന ഭാരവും പഠിക്കാനുള്ള സമ്മര്‍ദവും ഇളം മനസ്സുകളെ തളര്‍ത്തുന്നു. വിദ്യാഭ്യാസം മത്സരാധിഷ്ടിതമായതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടുന്നു. പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങലാണ് ജീവിത വിജയം എന്ന് മനസിലാക്കി രക്ഷിതാക്കള്‍ കുട്ടികളില്‍ താങ്ങാനാവത്ത ഭാരം കയറ്റിവെക്കുന്നു. കുട്ടികളുടെ കഴിവും അഭിരുചിയും നോക്കാതെ കുട്ടികളുടെ പഠന പ്രശ്‌നവും മാനസിക പ്രശ്‌നവും അറിയാതെ പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുക എന്ന നിര്‍ദേശം നല്‍കികൊണ്ടിരിക്കുന്നു. സ്‌കൂള്‍ പഠന ശേഷം ട്യൂഷനും സ്‌പെഷ്യല്‍ കോച്ചിംഗും നല്‍കി കുട്ടികളെ നിര്‍ജീവമാക്കുന്നു. ഇതിനു നിര്‍ബന്ധിതനാകുകയല്ലാതെ വഴിയില്ലെന്ന് കണ്ട് കുട്ടികള്‍ അതിനു വിധേയമാകുന്നു. പിന്നെ ചെറിയ പിരിമുറുക്കം തുടങ്ങുകയായി. അത് വലുതായി പൊട്ടിത്തെറിയിലെത്തുന്നു. ഈ പൊട്ടിത്തെറി ആത്മഹത്യയായി മാറുന്നു.
മാനസിക പിരിമുറുക്കം വരുമ്പോള്‍ വ്യക്തി സ്വീകരിക്കുന്ന രണ്ട് വഴികളുണ്ട്. ഒന്ന് പോരാടുക, രണ്ട്, പലായനം ചെയ്യുക. ഇതില്‍ പോരാടാനുള്ള വഴി കുരുന്നു വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചെന്നുവരില്ല. കാരണം പഠനം മാത്രമണല്ലോ ജീവിത തപസ്യയാക്കി വെച്ചത്. പിന്നെ എളുപ്പവഴി പലായനം ചെയ്യലാണ്. ഈ പലായനമാണ് ഒളിച്ചോട്ടവും ആത്മഹത്യയും. ആത്മഹത്യാ പ്രവണത കുട്ടികളില്‍ വരാതിരിക്കാന്‍ ചെറു പ്രായം മുതല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുക. അവനുമായി തുറന്ന് സംസാരിക്കുക. ശാരീരിക മാനസിക മാറ്റങ്ങളെ കണ്ടറിയാന്‍ ശ്രമിക്കുക. “അപ്പാര്‍ട്ട്‌മെന്റ് ഫാമിലി”കളില്‍ ആശയ വിനിമയം കുറയുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നു. മക്കള്‍ വീട്ടില്‍ ഒറ്റക്കാകുന്നു. തുറന്ന് പറയാന്‍ കഴിയാതെ അവന്‍ ഇരിക്കുന്നു.
മാനസികാസ്വസ്ഥതയുടെ വല്ല ലക്ഷണവും പെരുമാറ്റത്തിലൂടെയോ എഴുത്തിലൂടെയോ വരയിലൂടെയോ കണ്ടാല്‍ ഉടനെ പരിഹരിക്കണം. കൊച്ചു കുട്ടികളുടെ ചെറിയ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അതിന്റെ ലക്ഷണങ്ങല്‍ പലപ്പോഴും പലരും കാണിക്കുമെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അഭിമന്യു തന്റെ പരീക്ഷാ പേപ്പറില്‍ ജീവിതം വിരസമാകുന്നുവെന്ന് എഴുതിവെച്ചിരുന്നു. ഇത് ഗൗരവത്തോടെ കാണേണ്ടതായിരുന്നു. കുട്ടികളില്‍ മാനസികാരോഗ്യമുണ്ടാക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടാക്കി കൊടുക്കണം. പഠനത്തോടൊപ്പം ജീവിതത്തില്‍ വിജയിക്കുകയാണ് വേണ്ടതെന്ന സന്ദേശം രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണം. എങ്കില്‍ നമ്മുടെ ഭാവി മക്കള്‍ നമ്മുടെ പൂക്കളമായി മാറും.

 

Latest