Connect with us

Ongoing News

ഏഷ്യാ കപ്പ്; ശ്രീലങ്ക-പാക്കിസ്ഥാന്‍ ഫൈനല്‍ ഇന്ന്

Published

|

Last Updated

മിര്‍പുര്‍: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്‍മാരെ ഇന്നറിയാം. നിലവിലെ അവകാശികളായ പാക്കിസ്ഥാനും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച് കിരീട ഫേവറിറ്റായി മാറിയ ശ്രീലങ്കയും തമ്മിലാണ് കലാശക്കൊട്ട്. ലീഗ് മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഏഞ്ചലോ മാത്യൂസിനും സംഘത്തിനുമുണ്ട്. ആള്‍ റൗണ്ട് മികവും കുമാര സങ്കക്കാരയുടെ ബാറ്റിംഗ് ഫോമുമാണ് ലങ്കയുടെ കരുത്ത്.
പാക്കിസ്ഥാനാകട്ടെ ക്രിക്കറ്റിന്റെ അനിശ്ചിതത്വം മുഴുവന്‍ പേറിക്കൊണ്ടാണ് ഫൈനല്‍ കളിക്കാനെത്തുന്നത്. ഷാഹിദ് അഫ്രീദിയെന്ന മാസ്മരിക ആള്‍ റൗണ്ടറുടെ ബാറ്റിംഗ് ഫോം പാക്കിസ്ഥാന്റെ ഹൈലൈറ്റാണ്. ഇന്ത്യയും ബംഗ്ലാദേശും അഫ്രീദിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
തുടരെ രണ്ട് മത്സരങ്ങളില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട്, മാന്‍ ഓഫ് ദ മാച്ച് പ്രകടനം കാഴ്ചവെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പുനരുജ്ജീവിപ്പുക്കുകയാണ് അഫ്രീദി ചെയ്തത്. ശ്രീലങ്കന്‍ ബൗളര്‍മാര്‍ അഫ്രീദിയെ മെരുക്കാനുള്ള തന്ത്രങ്ങളാകും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുക.

സാധ്യതാ ടീം
ശ്രീലങ്ക: കുശാല്‍ പെരേര, ലാഹിരു തിരിമന്നെ, കുമാര സങ്കക്കാര (വിക്കറ്റ് കീപ്പര്‍), മഹേല ജയവര്‍ധനെ, ദിനേശ് ചാന്ദിമാല്‍, ഏഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ചതുരംഗ ഡിസില്‍വ, തിസര പെരേര, സചിത്ര സേനനായകെ/സുരംഗ ലക്മാല്‍, ലസിത് മലിംഗ, അജന്ത മെന്‍ഡിസ്.

പാക്കിസ്ഥാന്‍: അഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ഹഫീസ്, മിസ്ബാ ഉല്‍ ഹഖ് (ക്യാപ്റ്റന്‍), ശുഐബ് മഖ്‌സൂദ്, ഫവാദ് അലം, ഉമര്‍ അക്മല്‍ (വിക്കറ്റ് കീപ്പര്‍), ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍, സഈദ് അജ്മല്‍, മുഹമ്മദ് തല്‍ഹ, ജുനൈദ് ഖാന്‍.

 

Latest