Connect with us

Ongoing News

വിഴിഞ്ഞം മുതല്‍ ഹൈക്കോടതി ബഞ്ച് വരെ

Published

|

Last Updated

തലസ്ഥാനമെന്ന പ്രൗഢി, അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധനായ എം പി. ഖ്യാതികള്‍ ഏറെയുണ്ടെങ്കിലും തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്ന വികസന പ്രശ്‌നങ്ങളില്‍ മാറ്റമില്ല. ബാഴ്‌സലോണ മാതൃകയിലെ ഇരട്ട നഗരം ലക്ഷ്യമിട്ട് വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്ത് നങ്കൂരമിടുന്ന വലിയ കപ്പലുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ തിരുവനന്തപുരത്തുകാരുടെ സ്വപ്‌നമായിരുന്നു. ഈ തിരഞ്ഞെടുപ്പിലും ഇത് സ്വപ്‌നമായി അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം വികസനം ചര്‍ച്ചയാകുന്നത്. വിഴിഞ്ഞം പദ്ധതിക്കൊപ്പം അഞ്ച് ദശാബ്ദമായി ആവശ്യപ്പെടുന്ന ഹൈക്കോടതി ബഞ്ച്, അന്താരാഷ്ട്ര വിമാനത്താവള വികസനം, കോവളം ഉള്‍പ്പെടുന്ന ടൂറിസം മേഖലയുടെ വികസനം… തിരഞ്ഞെടുപ്പ് കാലത്ത് ഉന്നയിക്കപ്പെടുന്ന വികസന പ്രശ്‌നങ്ങളേറെയുണ്ട്. വിഴിഞ്ഞം തന്നെയാണ് മുഖ്യചര്‍ച്ച. തുറമുഖത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിച്ച് ഭൂവുടമ മോഡല്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ നടത്തി പദ്ധതി നടത്തിപ്പ് വേഗത്തിലാക്കിയെന്ന അവകാശവാദമാണ് സ്ഥലം എം പി ശശി തരൂര്‍ മുന്നോട്ടു വെക്കുന്നത്. പദ്ധതിക്ക് ലഭിച്ച അന്തിമ പാരിസ്ഥിതികാനുമതി സുപ്രധാന നേട്ടമായി അദ്ദേഹം ഉന്നയിക്കുന്നു. രാജ്യാന്തര സമുദ്ര വ്യാപാരരംഗത്ത് സംസ്ഥാനത്തിന്റെ ഭാഗധേയം മാറ്റിമറിക്കുന്ന വിഴിഞ്ഞം പദ്ധതിയില്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മുന്നേറാനായി എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ഫലത്തില്‍ കടമ്പകള്‍ കടന്ന് നിര്‍മാണം തുടങ്ങാന്‍ ഇനിയും വൈകുമെന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. കേരളത്തിന്റെ നിരന്തര ആവശ്യമായ കബോട്ടാഷ് നിയമത്തിലെ ഇളവ് ഇനിയും ലഭ്യമായിട്ടില്ല. മദര്‍ പോര്‍ട്ടായി വികസിപ്പിക്കാവുന്ന സ്വാഭാവിക തുറമുഖമായ വിഴിഞ്ഞത്തെ ഭയക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബിയുടെ സമ്മര്‍ദത്തില്‍ നിന്ന് മോചിതരായെങ്കില്‍ മാത്രമേ ഇക്കാര്യത്തിലെ നടപടിക്രമങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും സുഗമമായി നടക്കൂ എന്നതാണ് യാഥാര്‍ഥ്യം.

ഹൈക്കോടതി ബഞ്ചെന്ന ആവശ്യം അമ്പത് വര്‍ഷത്തിലേറെയായുള്ള തലസ്ഥാനത്തിന്റെ ആവശ്യമാണ്. ഇതുവരെയും ഇതില്‍ ഫലപ്രദമായ ഒരു നടപടി ഉണ്ടായിട്ടില്ല. എന്നാല്‍, ബഞ്ച് പുനഃനസ്ഥാപിക്കുന്നതിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ അഞ്ചംഗ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയമിക്കാന്‍ കഴിഞ്ഞുവെന്നതാണ് എം പി നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെയും ചീഫ് ജസ്റ്റിസിന്റെയും അംഗീകാരമുണ്ടെങ്കില്‍ നടപ്പിലാകുന്ന കാര്യത്തിന് ജുഡീഷ്യല്‍ കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഹൈക്കോടതി ബഞ്ച് വേണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളം കാരണം ചര്‍ച്ചക്ക് അവസരം നഷ്ടപ്പെടുകയായിരുന്നുവെന്ന് എം പി ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി 14 പുതിയ ട്രെയിനുകള്‍ കൊണ്ടുവരാനായ നേട്ടം നിരത്തിയാകും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജനങ്ങളെ സമീപിക്കുക. വിമാനത്താവളത്തിന്റെ തുടര്‍ വികസനത്തിനായി 130 കോടിയുടെ വികസന പദ്ധതി നേടിയെടുക്കാന്‍ സാധിച്ചത് ശശി തരൂരിന് അഭിമാനമായി അവതരിപ്പിക്കാം. പാരലല്‍ ടാക്‌സിവേ, നാലാമത്തെ എയ്‌റോ ബ്രിഡ്ജ്, ടേണിംഗ് പാഡ്, അഡീഷനല്‍ ഏപ്രണ്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. അമ്പത് കോടി രൂപ ചെലവില്‍ എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂനിറ്റ് സ്ഥാപിച്ചതും നേട്ടമായി തരൂര്‍ അവകാശപ്പെടുന്നു.

കോവളം – കളിയിക്കവിള നാഷനല്‍ ഹൈവേ ബൈപാസിനായി സ്ഥലം ഏറ്റെടുക്കലിനും അടിസ്ഥാന വികസനത്തിനുമായി നാഷനല്‍ ഹൈവേ അതോറിറ്റി ഇന്ത്യ 1,170 കോടി രൂപ അനുവദിക്കാനായി. കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെട്ട് പത്ത് കോടി രൂപയുടെ വികസന പാക്കേജ് കോവളത്തിന്റെ വികസനത്തിനായി കൊണ്ടു വരാന്‍ കഴിഞ്ഞത് നേട്ടമായി വിലയിരുത്തപ്പെടും. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍വകലാശാലയുടെ ഓഫ് സൈറ്റ് ക്യാമ്പസ് കൊണ്ടുവരാനായതും കേരളത്തിനും ലക്ഷദ്വീപിനുമായി സി ബി എസ് ഇയുടെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും റീജ്യനല്‍ ഓഫീസ് കൊണ്ടുവരാനായതും നേട്ടമായി വിലയിരുത്താവുന്നതാണ്. ആരോഗ്യ രംഗത്ത് തിരുവനന്തപുരം ആര്‍ സി സിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് 120 കോടി ലഭ്യമാക്കാനായതും മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി അനുവദിക്കപ്പെട്ട 179 കോടി രൂപയും നേട്ടമായി എം പി ചൂണ്ടിക്കാട്ടുന്നു.

നഗരസഭയുമായി ചേര്‍ന്ന് മുട്ടത്തറയില്‍ 107 ദശലക്ഷം ലിറ്റര്‍ സംസ്‌കരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് 80 കോടി രൂപ ചെലവില്‍ സ്ഥാപിക്കാനായതും നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍, നഗരത്തിലെ തീരാശാപമായ മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേകിച്ച് പദ്ധതികളൊന്നും കൊണ്ടുവരാന്‍ കഴിയാത്തത് ന്യൂനതയായി വിലയിരുത്തപ്പെടാം. റോഡുകള്‍ പാലങ്ങള്‍ എന്നിവക്കായി 7.2 കോടിയും വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 67 ഹൈമാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 3.76 കോടി രൂപയും അംങ്കണ്‍വാടികള്‍, ലൈബ്രറികള്‍, പബ്ലിക് പാര്‍ക്കുകള്‍, സാംസ്‌കാരിക നിലയങ്ങള്‍ എന്നിവക്കായി 3.64കോടിയും നീക്കിവെച്ചു. വിജയപദ്ധതികള്‍ ഏറെ നിരത്തുന്നതിനിടെ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ബാഴ്‌സിലോണ ഇരട്ട നഗര പദ്ധതി നടപ്പിലാക്കാനാകാത്തത് എം പിയുടെ പരാജയമായി വിലയിരുത്തവരും കുറവല്ല. വികസനത്തിന്റെ നാള്‍വഴികളില്‍ മുന്നോട്ട് വെക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പഴയ പദ്ധതികളുടെ തുടര്‍ച്ചക്ക് പ്രാധാന്യം നല്‍കുന്ന ജനപ്രതിനിധികളെയാകും കാലം ഓര്‍മിക്കുക.