Connect with us

Articles

സുന്ദര സ്വപ്നം, പക്ഷേ

Published

|

Last Updated

ഒരു പഴയ സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്; “എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം” എന്ന്. സി പി എം നേതാവ് പ്രകാശ് കാരാട്ട് മുന്‍കൈയെടുത്ത് പൊടി തട്ടിയെടുത്ത മൂന്നാം മുന്നണിയുടെ അവസ്ഥ ഈ ഡയലോഗിന് ഏറെ യോജിച്ചതാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വോട്ടര്‍മാര്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന വലിയൊരു സ്വപ്‌നമാണിത്. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനും ബദലായ കറ കളഞ്ഞൊരു മതേതര ബദല്‍. തങ്ങളാലാകും വിധം പലപ്പോഴായി വോട്ടര്‍മാര്‍ ആ ആശയത്തിന് സഹായം ചെയ്തുപോന്നിട്ടുമുണ്ട്. എന്നാല്‍ ഇവരില്‍ പലരും തന്നെ അഴിമതിയുടെയും വര്‍ഗീയതയുടെയും കൂടാരങ്ങള്‍ കയറുന്ന ദുഃഖകരമായ കാഴ്ചയാണ് പിന്നീട് ഈ വോട്ടര്‍മാര്‍ക്ക് കാണേണ്ടിവന്നത്.
വര്‍ഗീയതയും അഴിമതിയും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന സവിശേഷ കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടുമൊരിക്കല്‍ കൂടി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ ആധിയും വ്യാകുലതയും കടന്നുകൂടുന്നത് ഇത്തരുണത്തില്‍ സ്വാഭാവികം. അവിടെയാണവര്‍ മതേതര നിലപാടുകളിലും മൂല്യങ്ങളിലും വിശ്വസിക്കുന്ന, അഴിമതിക്കെതിരെ പൊരുതാന്‍ കെല്‍പ്പുള്ള ഒരു ടീമിനെ ഉറ്റുനോക്കുന്നത്. പക്ഷേ പല കുറി കണ്ട ഈ പരീക്ഷണത്തില്‍ ഒട്ടും സംതൃപ്തരല്ല ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മതേതര വോട്ടര്‍മാര്‍.
ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മതേതര ഇലവന് നാം മാര്‍ക്കിടുക? പലപ്പോഴും റെഡ് കാര്‍ഡ് കിട്ടി പുറത്തുപോയ കളിക്കാരെയും കൂട്ടിയാണ് കാരാട്ട് ഈ ഇലവന്‍സ് ഒപ്പിച്ചെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വി പി സിംഗിന്റെ മതേതര നിലപാടുകള്‍ക്ക് കനത്ത മുറിവേല്‍പ്പിച്ച പിന്‍ഗാമികളാണ് ഇന്ന് ഐക്യജനതാ ദള്‍ എന്നും മതേതര ജനതാദള്‍ എന്നും വ്യത്യസ്ത ലേബലുകളില്‍ അറിയപ്പെടുന്ന ജനതാദള്‍ ടീം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും രാജ്യനിവാസികള്‍ക്ക് പൊതുവായും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ജനതാദള്‍ ഉത്തര, ദക്ഷിണ വ്യത്യാസമില്ലാതെ ഇന്ത്യയിലാകമാനം വേരോടിയത്.
വി പി സിംഗ് മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പഴയ സമതക്കാരന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പിന്നീട് വാജ്പയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയും ഐക്യജനതാ ദളിന്റെ സ്ഥാപകനുമാകുന്ന വിചിത്ര കാഴ്ചയാണ് പിന്നീട് കണ്ടത്. മതേതരത്വത്തിന്റെ വീമ്പ് പറഞ്ഞ് സെക്കുലര്‍ ജനതാ ദളുമായി വന്ന ദേവെ ഗൗഡയും മകന്‍ കുമാരസ്വാമിയും പിന്നീട് കര്‍ണാടകയില്‍ ബി ജെ പിക്കൊപ്പം ഭരണം പങ്കിട്ട് തങ്ങളുടെ മതേതരത്വത്തിന്റെ മാറ്റ് മാലോകര്‍ക്ക് കാട്ടിക്കൊടുത്തു. കുമാരസ്വാമി ബി ജെ പിക്കൊപ്പം അധികാരം പങ്കിട്ടപ്പോള്‍ വേറെ കാരണത്തിനാണെങ്കിലും വീരേന്ദ്രകുമാര്‍ കേരളത്തിലിരുന്ന് ഗൗഡയെ പുറത്താക്കിയതും സീനിയര്‍ നേതാവ് സി എം ഇബ്‌റാഹീം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയതും മറ്റൊരു ചരിത്രം.
1998ല്‍ ജയലളിത വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിക്കൊടുത്തത് നാം കണ്ടു. നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ ആണ് ടീമില്‍ ഇടം കണ്ടെത്തിയ മറ്റൊരു കക്ഷി. ബി ജെ പിപ്രണയത്തിന്റെ പേരില്‍ ജനതാ ദള്‍ തറവാട്ടില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ച ഈ ടീം ഒഡീഷയിലും ലോക്‌സഭയിലും ബി ജെ പിക്കൊപ്പം നിന്ന് അനല്‍പ്പമായ നേട്ടം കൊയ്തു. നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലുമായി 20 എം പിമാരുള്ള ബിജു ജനതാദള്‍ 2009ലെ പൊതുതിരഞ്ഞെടുപ്പ് വരെ എന്‍ ഡി എ പാളയത്തിലായിരുന്നു. അവസരത്തിനൊത്ത് മതേതര മൂല്യങ്ങളില്‍ ആവശ്യത്തിലേറെ വെള്ളം ചേര്‍ക്കാന്‍ മിടുക്കന്മാരായ ഈ മതേതര കുട്ടപ്പന്മാര്‍ക്കൊപ്പം കാരാട്ട് പണിയാന്‍ പോകുന്ന “മതേതര സ്വര്‍ഗ”ത്തില്‍ ആ രേഖ വെക്കാന്‍ ഒരുപാട് പിന്‍ബലത്തിന്റെ കുറവുണ്ട്.
പഴയ കാല ബി ജെ പി പ്രവര്‍ത്തകനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ മറാണ്ടി രൂപവത്കരിച്ച ഝാര്‍ഖണ്ട് വകാസ് മോര്‍ച്ചയും അസം ഗണപരിഷത്തുമാണ് ടീം ഇലവനിലെ മറ്റു രണ്ട് പേര്‍. 1985ല്‍ രൂപവത്കരിക്കപ്പെട്ട് ആ വര്‍ഷം തന്നെ സംസ്ഥാനത്ത് അധികാരത്തിലെത്തി ഇപ്പോഴത്തെ ആം ആദ്മിക്ക് തുല്യമായ രാഷ്ട്രീയ നേട്ടം കൊയ്ത പ്രഫുല്ലകുമാര്‍ മൊഹന്തയുടെ അസം ഗണപരിഷത്തിനും വര്‍ഗീയ ചേരിയില്‍ നിലയുറപ്പിച്ചതിന്റെ പാടുകള്‍ക്ക് കുറവൊന്നുമില്ല. എന്‍ ഡി എ സഖ്യത്തില്‍ നിന്നും അടുത്ത കാലത്ത് മാത്രം പുറത്തു ചാടിയ അസം ഗണപരിഷത്ത് മൂന്നാം മുന്നണിക്കൊപ്പം എത്ര കാലം എന്ന് അനുഭവിച്ചറിയുക തന്നെ വേണം.
ചുരുക്കത്തില്‍ സി പി എം, സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ശക്തമായ വര്‍ഗീയവിരുദ്ധ നിലപാടുകളുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളല്ലാതെ മറ്റുള്ളവ ബി ജെ പി പാളയത്തിലേക്കും അവിടെ നിന്നിങ്ങോട്ടും മറുകണ്ടവും ചാടി പരിചയമുള്ളവരാണ്.
കാരാട്ട് ആട്ടിത്തെളിയിച്ച് കൊണ്ടുവരുന്ന ഈ കൂട്ടങ്ങള്‍ അധികാരത്തിന്റെ ഇടങ്ങള്‍ കാണുന്ന നിമിഷം കുതറി മാറാം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ആം ആദ്മി മൂന്നാം ചേരിയില്‍ കൂടുന്ന കാര്യം സങ്കല്‍പ്പിക്കാനേ കഴിയില്ല.

Latest