Connect with us

Editorial

സ്ത്രീകളുടെ തിരോധാനം

Published

|

Last Updated

കാണാതാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്ന വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തോടനുബന്ധിച്ചു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നിന്ന് 24,384 സ്ത്രീകളെ കാണാതായി. തൊട്ടു മുന്‍വര്‍ഷം ഇത് 3375 പേരായിരുന്നു. കഴിഞ്ഞ വര്‍ഷം കാണാതായവരില്‍ 22,562 പേരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചപ്പോള്‍ 1822 പേരെ കുറിച്ച് ഒരു വിവരവുമില്ല. പോലീസ് രജിസ്റ്റര്‍ ചെ യ്ത കേസുകളുടെ കണക്കുകള്‍ മാത്രമാണിത്. മാനഹാനി ഭയന്ന് അധികൃതരെ അറിയിക്കാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കൂടി കണക്കെടുത്താല്‍ എണ്ണം ഇരട്ടിക്കും.
പെണ്‍വാണിഭ സംഘങ്ങളുടെ വ്യാപനവും ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളും പെരുകുന്ന ഗാര്‍ഹികപീഡനവുമാണ് ഇതിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. അടുത്ത കാലത്തായി സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത്തരമൊരു റാക്കറ്റിന്റെ ബ്ലാക്ക്‌മെയില്‍ കാരണം പെരുവണ്ണാമുഴി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയും പ്ലസ് വണ്ണില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. പ്രസ്തുത സ്‌കുളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടതായി ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ നിരവധി സ്‌കൂളുകളെ ചുറ്റിപ്പറ്റി പെണ്‍വാണിഭ സംഘങ്ങളും മയക്കുമരുന്നു റാക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥിനികളെ പ്രണയം അഭിനയിച്ചു വശത്താക്കുന്ന സംഘം, പിന്നീട് അവരെ വന്‍കിട റാക്കറ്റുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഹൈദരാബാദില്‍ കഴിഞ്ഞ ഡിസംബറില്‍ പിടിയിലായ, സെക്‌സ് റാക്കറ്റിലെ പ്രമുഖ കണ്ണി മുഹമ്മദ് മുസ്തഫയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇയാള്‍ ഉള്‍ക്കൊള്ളുന്ന സംഘം കേരളീയരടക്കമുള്ള മുന്നൂറോളം യുവതികളെ വേശ്യാവൃത്തിക്കായി വിദേശരാജ്യങ്ങളിലേക്ക് കയറ്റിവിട്ടിട്ടുണ്ട്. ഇത്തരം കടത്തുകള്‍ക്ക് വിമാനത്താവള ഉദ്യോഗസ്ഥരുടെയും നിയമപാലകരുടെയും സഹകരണവും ലഭിക്കാറുണ്ടെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായതാണ്.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വഴിയുള്ള സൗഹൃദവും ബന്ധങ്ങളും സാര്‍വത്രികമാണിന്ന്. സ്ത്രീകളുടെ തിരോധാനത്തിന്‍ ഇത്തരം ബന്ധങ്ങള്‍ക്കു വലിയ പങ്കുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഒളിച്ചോടി ചതിയില്‍ പെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. മകളോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അവര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അതിന്റെ അപകടത്തെക്കുറിച്ചു ചിന്തിക്കാറില്ല.
സ്വന്തം വീട്ടില്‍ പിതാവിന്റെയും, അടുത്ത ബന്ധുക്കളുടെയും ശാരീരികവും മാനസികവുമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കഥകള്‍ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പരിപാവനമായ പിതൃത്വത്തിന്റെ കണ്ണ് കൊണ്ട് കാണുന്നതിന് പകരം മകളെ സ്വന്തം പിതാവ് ലൈംഗിക വികാരത്തോടെ വീക്ഷിക്കുന്ന വിധം നമ്മുടെ ചുറ്റുപാടും സാമൂഹികാന്തരീക്ഷവും ദുഷിച്ചിരിക്കുന്നു. ഒളിച്ചോടുന്നവരില്‍ ഒരു വിഭാഗം ഇത്തരം പീഡനങ്ങളുടെ ഇരകളാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലെന്നാണ് അവകാശവാദം. എന്നിട്ടും ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതെന്തുകൊണ്ടെന്നതിനെക്കുറിച്ചു ഗൗരവമായ അന്വേഷണവും പഠനവും ആവശ്യമാണ്. കാണാതാകുന്ന സ്ത്രീകളില്‍ പലരും മടങ്ങിവരികയോ, പോലീസിന്റെ സഹായത്തോടെ തിരിച്ചെത്തുകയോ ചെയ്യുന്നുണ്ടെങ്കിലും വര്‍ഷങ്ങളായിട്ടും ഒരു വിവരമുമില്ലാത്തവര്‍ ആയിരങ്ങളാണ്. ഒരു പരിധി വരെ അന്വേഷണത്തിലെ വീഴ്ചയും അപര്യാപ്തതയുമാണ് കാരണം. ഹൈക്കോടതി നേരത്തെ ഇതെച്ചൊല്ലി പോലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒളിച്ചോടിയ ശേഷം തിരിച്ചെത്തിക്കുന്നതിനേക്കാള്‍, ഒളിച്ചോട്ടത്തിനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഏറ്റവും ഫലപ്രദം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും നിയമപാലള്‍ക്കുമൊപ്പം സ്‌കൂള്‍ അധികൃതള്‍ക്കും വനിതാ സംഘ ടനകള്‍ക്കും ഉത്തരവാദിത്വമുണ്ട്.

Latest