Connect with us

Kollam

കാഷ്യൂ ബോര്‍ഡ് ഇല്ല; മെമു എത്തി

Published

|

Last Updated

കൊല്ലം ജനതയുടെ ചിരകാല ആവശ്യങ്ങള്‍ പൂര്‍ണമായും സാധിതപ്രായമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വികസന സംരംഭങ്ങള്‍ക്കാവശ്യമായ തുക കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി അനുവദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതിലാണ് സിറ്റിംഗ് എം പിയായ എന്‍ പീതാംബരക്കുറുപ്പ് ആശ്വാസം കൊള്ളുന്നത്. അതേസമയം, കൊല്ലത്തിന്റെ പരമപ്രധാനമായ ചില ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പിന്നിട്ട അഞ്ച് വര്‍ഷക്കാലത്തിനിടക്ക് സാധിക്കാത്തത് ഒരു പോരായ്മയായും അവശേഷിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം കശുവണ്ടി തൊഴിലാളികള്‍ അധിവസിക്കുന്ന ജില്ലയായിട്ടു പോലും കൊല്ലം ആസ്ഥാനമായി കാഷ്യു ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതില്‍ പ്രധാനം. കൊല്ലത്ത് കാഷ്യു ബോര്‍ഡ് സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം എം പി എന്‍ പീതാംബരക്കുറുപ്പും കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷും ഇതിന് വേണ്ടി കേന്ദ്രത്തില്‍ നടത്തിയ സമ്മര്‍ദങ്ങള്‍ ശ്രദ്ധേയമാണ്. കൊല്ലത്ത് നിന്ന് ആരംഭിച്ച മെമു ട്രെയിന്‍ സര്‍വീസുകളും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തിയതും കൊല്ലം ബൈപാസ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതുമാണ് നേട്ടങ്ങളുടെ പട്ടികയിലൂടെ കണ്ണോടിക്കുമ്പോള്‍ തെളിയുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ കൊല്ലം ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് 267 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത്. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതല്ലാതെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൊല്ലം നഗരത്തെ ശ്വാസം മുട്ടിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 11.81 കോടി രൂപ ചെലവില്‍ ഇരുമ്പ് പാലത്തിന് സമാന്തര പാലം നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡിന് തുക വകയിരുത്താത്തതിനാല്‍ ഇതുവരെയും പാലത്തിന്റെ പ്രയോജനം ലഭ്യമായിട്ടില്ല. ദേശീയപാതയെ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് ദേശീയപാതകള്‍ക്ക് 57.66 കോടി രൂപ അനുവദിച്ചു. ഇവക്ക് പുറമെ ദേശീയ പാത അറ്റകുറ്റപ്പണിക്ക് 21 കോടി രൂപ, പരവൂര്‍ – മടത്തറ റോഡിന്റെ പുനര്‍നിര്‍മാണത്തിന് നാല്‍പ്പത് കോടി രൂപ എന്നിവ നേടിയെടുത്തു. 232 കോടി അടങ്കല്‍ തുക വരുന്ന 32 പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്.
കൊല്ലത്തിന്റെയും തൊഴിലാളിവര്‍ഗ ചരിത്രത്തിന്റെയും പ്രയാണ വീഥിയിലെ ഒരു നാഴികക്കല്ലായ പാരിപ്പള്ളി ഇ എസ് ഐ മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇ എസ് ഐ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഇ എസ് ഐ മെഡിക്കല്‍ കോളജിന് മുന്നൂറ് കിടക്കകളാണ് അനുവദിച്ചതെങ്കിലും അത് ഇതുവരെയും ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല.
നീണ്ടകര പാലത്തിന്റെ നവീകരണത്തിന് 4.36 കോടി രൂപ അനുവദിപ്പിച്ച് പണി പൂര്‍ത്തിയാക്കി. പുനലൂര്‍, വാഴക്കോട്, ആണ്ടൂര്‍ പച്ച, കഴുതുരുട്ടി, മുരുകന്‍ പാങ്ങാട് എന്നീ അഞ്ച് പാലങ്ങളുടെ പുനര്‍നിര്‍മാണത്തിന് 8. 65 കോടി രൂപ അനുവദിപ്പിച്ചു. കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 28 കോടി രൂപ ഈ കാലയളവില്‍ വകയിരുത്തി. പത്ത് കോടി രൂപ ചെലവില്‍ കൊല്ലം – കണ്ണനല്ലൂര്‍ റോഡ് നവീകരിച്ചു. റെയില്‍വേ വികസനത്തിന് കൊല്ലം- പുനലൂര്‍ ബ്രോഡ്‌ഗേജ് പാതയുടെ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പുനലൂര്‍- ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കൊല്ലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ടെര്‍മിനല്‍ സാക്ഷാത്ക്കാരത്തിലേക്ക് നീങ്ങുന്നു. 19 കോടി രൂപ ചെലവില്‍ നിര്‍മിച്ച കൊല്ലം ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. കൊല്ലം മെമു ഷെഡ് നിര്‍മാണം, വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം വിപുലീകരണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നേട്ടങ്ങളുടെ പട്ടികയില്‍ നിരത്തുന്നു. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പാസ്‌പോര്‍ട്ട് റീജ്യനല്‍ ഓഫീസ് കൊല്ലത്ത് സ്ഥാപിക്കാനായതും നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

 

Latest