Connect with us

Ongoing News

പോരാട്ടച്ചൂടില്‍ മഞ്ഞുരുകി ഹിമാലയന്‍ താഴ്‌വര

Published

|

Last Updated

രണ്ട് ലോക്‌സഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പ്രചാരണവുമായി ഇടതുപക്ഷവും തൃണമൂലും മുന്നോട്ട്. മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് ആര്‍ഭാടരഹിതമായ തിരഞ്ഞെടുപ്പ് പ്രചാരണം. തിങ്കളാഴ്ചയാണ് ദക്ഷിണ ത്രിപുരയിലെ ബെലോനിയയില്‍ ഭരണകക്ഷിയായ ഇടതുപക്ഷത്തിന്റെ പ്രചാരണം തുടങ്ങിയത്. ഏപ്രില്‍ ഏഴിനും 12 നുമാണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച തൃണമൂലും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

ജിതേന്ദ്ര ചൗധരിയും ശങ്കര്‍ ദത്തയുമാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍. യുവാക്കളും ഊര്‍ജസ്വലരും വിദ്യാസമ്പന്നരുമാണ് ഇടത് സ്ഥാനാര്‍ഥികള്‍. ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവരുടെ സാന്നിധ്യം ലോക്‌സഭയില്‍ അനിവാര്യമാണെന്ന് ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാന വനം, നഗരവത്കരണം, ഐ ടി മന്ത്രിയാണ് ജിതേന്ദ്ര ചൗധരി. കിഴക്കന്‍ ത്രിപുരയിലെ ആദിവാസി സംവരണ മണ്ഡലത്തിലാണ് ഇദ്ദേഹം ജനവിധി തേടുക. കഴിഞ്ഞ തവണത്തെ സിറ്റിംഗ് എം പിമാര്‍ക്ക് പാര്‍ട്ടി ഇത്തവണ ടിക്കറ്റ് നല്‍കിയില്ലന്നതും ശ്രദ്ധയമാണ്.
രണ്ടാം യു പി എ പാരാജയമായിരുന്നുവെന്നും രാജ്യത്ത് ഇടത്ശക്തി വ്യാപിക്കേണ്ടതിന്റെ ആവശ്യം വര്‍ധിച്ചു വരികയാണെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇടത് പ്രത്യയശാസ്ത്രത്തിന് ഈ അവസരത്തില്‍ പ്രാധാന്യമുണ്ടെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. ബി ജെ പി- കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി സാധ്യമാണെന്നും ഇടതുപക്ഷം പറയുന്നു. ശങ്കര്‍ പ്രസാദ് ദത്തയാണ് പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയെന്ന് ഇടത് മുന്നണി കണ്‍വീനര്‍ കംഗന്‍ദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ പാര്‍ട്ടിയില്‍ ചൗധരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമത സ്വരമുയരുകയും ചെയ്തു. ദക്ഷിണ ത്രിപുരയിലെ സബ്‌റോമിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടി തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ സമ്മേളനത്തിനിടെ ഇവിടത്തെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. കലാച്ചെറയിലെ ദേശീയപാതയിലാണ് പാര്‍ട്ടി തീരുമാനത്തെ പ്രതികൂലിച്ച് പ്രവര്‍ത്തകര്‍ കുത്തിയിരുന്നത്.
കഴിവുള്ള മന്ത്രിയെ നാടുകടത്താനാണ് ലോക്‌സഭയിലേക്ക് അദ്ദേഹത്തെ അയക്കാനുള്ള തീരുമാനമെന്നും ഇവര്‍ ആരോപിക്കുന്നു.
ഇടതിന് വെല്ലുവിളിയുമായി രംഗത്തുള്ളത് ത്രിണമൂല്‍ സ്ഥാനാര്‍ഥികളാണ്. മുന്‍ കോണ്‍ഗ്രസ് നേതാക്കളെയാണ് തൃണമൂല്‍ ഇത്തവണ മത്സര രംഗത്തിറക്കിയത്. മുന്‍ കോണ്‍ഗ്രസ് മന്ത്രി രാത്തര്‍ ചക്രവര്‍ത്തിയെയാണ് പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് മത്സരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ബരിഗുറാം റിയേന്‍ഗ് ആണ് കിഴക്കന്‍ ത്രിപുരയില്‍ നിന്ന് മത്സരിക്കുക. മമതയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണത്തിനാണ് അഗര്‍ത്തലയില്‍ തുടക്കമായത്.
കോണ്‍ഗ്രസും ബി ജെ പിയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംസ്ഥാനങ്ങളെ വെട്ടിമുറിക്കുകയാണെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആരോപിച്ചു. തെലങ്കാന സംസ്ഥാന രൂപവത്കരണം ഇതിന് ഉദാഹരണമാണെന്നും അവര്‍ വ്യക്തമാക്കി. സി പി എമ്മും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ത്രിപുരയുടെ മിക്ക ഭാഗങ്ങളിലും വെള്ളമോ വൈദ്യുതിയോ ഇല്ല. ബംഗാളില്‍ നിന്ന് പാഠം പഠിക്കാന്‍ സി പി എം തയ്യാറാകുന്നില്ലെന്നും മണിക് സര്‍ക്കാറിന്റെ പേര് പോലും മറന്ന ത്രിപുരയെ നമുക്ക് കാണാമെന്നും മമത പറഞ്ഞു. ത്രിപുരയിലെ രണ്ട് സീറ്റുകളും നേടുമെന്നും ത്രിപുരയില്‍ വ്യവസായ വത്കരണവും റെയില്‍പാതയും കൊണ്ടുവരുമെന്നും മമത അവകാശപ്പെട്ടു. റെയില്‍പാത കൊണ്ടുവരുന്നതില്‍ സി പി എം പരാജയമാണെന്നും അവര്‍ പറഞ്ഞു. സമരം നടത്താനും വികസനം മുടക്കാനും മാത്രമേ സി പി എമ്മിന് അറിയൂ എന്നും ജനങ്ങളെ സേവിക്കാനറിയില്ലെന്നും മമത ആരോപിച്ചു.
കോണ്‍ഗ്രസും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ത്രിപുര സെന്‍ട്രല്‍ സര്‍വകലാശാലയിലെ മുന്‍ വി സി അരുണോദയ് സഹയാണ് പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ സ്ഥാനാര്‍ഥി. വിദ്യാഭ്യാസ വിദഗ്ധ സചിത്ര ദെബ്ബാര്‍മയാണ് കിഴക്കന്‍ ത്രിപുരയില്‍ നിന്ന് മത്സരിക്കുന്നത്.
ഇന്‍ഡീജിനസ് നാഷനലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര (ഐ എന്‍ പി ടി)യാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ കുത്തക തകര്‍ക്കാന്‍ ഐ എന്‍ പി ടിയുടെ സഖ്യം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ബി ജെ പിയുടെയും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് വോരൊട്ടമില്ലെങ്കിലും ഇത്തവണയും പാര്‍ട്ടി മത്സര രംഗത്തുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ് ഗുപ്തയാണ് വെസ്റ്റ് ത്രിപുരയില്‍ നിന്ന് മത്സരിക്കുന്നത്. ഉപാധ്യക്ഷന്‍ പരിക്ഷിത് ദെബ്ബാര്‍മയാണ് കിഴക്കന്‍ ത്രിപുരയിലെ സ്ഥാനാര്‍ഥി,
ആം ആദ്മി പാര്‍ട്ടിയും ഇരു മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ പടിഞ്ഞാറന്‍ ത്രിപുരയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഡോക്ടറെയാണ് ഇവിടെ രംഗത്തിറക്കിയത്. അസ്ഥിരോഗ വിദഗ്ധനായ ഡോ. സലീല്‍ ഷാ ജനവിധി തേടും. കിഴക്കന്‍ ത്രിപുരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Latest