Connect with us

National

ഗുജറാത്തിലെ നേതാവിന് വര്‍ഗീയ മുഖമെന്ന് മമതാ ബാനര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ നേതാവിന് വര്‍ഗീയ മുഖമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രികൂടിയായ മമതയുടെ വിമര്‍ശം. ന്യൂഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടന്ന റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അവര്‍ പുറത്തിറക്കി. അഴിമതിക്കെതിരെ പോരാട്ടം നടത്തി ജനശ്രദ്ധ നേടിയ അന്നാ ഹസാരെ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ ആര് വന്നു, വന്നില്ല എന്നത് പരിഗണിക്കുന്നില്ലെന്നും ആര് പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും തങ്ങള്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കുമെന്നും ഇതിനോട് പ്രതികരിക്കവെ മമത പറഞ്ഞു. തങ്ങള്‍ ബംഗാളില്‍ നിന്നാണ് ആരംഭിച്ചത്. ഡല്‍ഹിയും പഞ്ചാബും മഹാരാഷ്ട്രയും തങ്ങളുടെ സംസ്ഥാനങ്ങളാണെന്ന കാര്യം മറക്കുന്നില്ല. വ്യക്തിപരമായ അധികാരമല്ല താന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ ശക്തിപ്പെടണം. അവരെ പുറന്തള്ളാന്‍ പാര്‍ട്ടി അനുവദിക്കില്ല. ബി ജെ പിയായാലും കോണ്‍ഗ്രസായാലും സി പി എം ആയാലും അവരെല്ലാവരും രാജ്യത്തെ വിറ്റുതുലച്ച് ആനന്ദിക്കുകയാണ്. എന്നാല്‍ തങ്ങള്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.