Connect with us

Ongoing News

ഇന്ത്യാവിഷന്‍ വാര്‍ത്താപ്രക്ഷേപണം പുനരാരംഭിച്ചു

Published

|

Last Updated

കൊച്ചി: ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാര്‍ത്താപ്രേക്ഷേപണം ഇന്ത്യാവിഷന്‍ പുനരാരംഭിച്ചു. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് രാത്രി 8 മണിയോട സംപ്രേഷണം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, കമ്പനി പിരിച്ചുവിട്ട എക്സിക്യട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍, കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്മെനറ് അറിയിച്ചു.

ഇന്ന് രാവിലെ 11 മണിക്കാണ് ജീവനക്കാര്‍ നാടകീയ രീതിയില്‍ വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നതാി പ്രഖ്യാപിച്ചത്. 11 മണിക്ക് വാര്‍ത്ത ആരംഭിച്ച് ചാനല്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന്  അവതാരകന്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തുകയും ചെയ്തു.

)

രാവിലെ റെക്കോര്‍ഡ് ചെയ്ത വാര്‍ത്തയും നേരത്തെ സംപ്രേഷണം ചെയ്ത പ്രോഗ്രാമുകളാണ് ചാനലില്‍ പിന്നീട് സംപ്രേഷണം ചെയ്തിരുന്നത്. ജീവനക്കാരുടെ വിശദീകരണക്കുറിപ്പ് ചാനലിന്റെ ഒൗദേ്യാഗിക ഒാണ്‍ലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഒാണ്‍ലൈന്‍ അപ്രത്യക്ഷമായി. സമരം തത്ക്കാലത്തേക്ക് പിന്‍വലിച്ചെങ്കിലും ഒാണ്‍ലൈന്‍ പേജ് പുനസ്ഥാപിച്ചിട്ടില്ല.

മാസങ്ങളായി ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് നേരത്തെയും ജീവനക്കാര്‍ മാനേജ്‌മെന്റുമായി സമരം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് പ്രവര്‍ത്തനം തുടരുകയായിരുന്നു.

റസിഡന്റ് ഡയറക്ടര്‍ ജമാലുദീന്‍ ഫറൂക്കിയും ചാനല്‍ ചെയര്‍മാന്‍ എം.കെ മുനീറും അഴിമതി നടത്തിയെന്ന് നേരത്തെ മുതല്‍ ജീവനക്കാര്‍ക്കിടയില്‍ പരാതി ഉണ്ടായിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന ആരോപണം ഉയര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രതികരമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ഇന്ന് രാവിലെ ഇന്ത്യാവിഷന്‍ എഡിറ്റര്‍ സ്ഥാനത്തു നിന്നും എം.പി ബഷീറിനേയും കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഉണ്ണികൃഷ്ണനേയും പുറത്താക്കിയതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കി. ഇതോടെയാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ശമ്പളം നല്‍കുമെന്ന് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിയുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.

സമരത്തെക്കുറിച്ചുള്ള ജീവനക്കാരുടെ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കൊച്ചി: ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിലെ ചിലരുടെ ദുഷ്പ്രവണതകളും നിയമലംഘനവും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ ഒരു ശ്രമവുംഉണ്ടാക്കാത്ത സാഹചര്യത്തില്‍ വാര്‍ത്താവിഭാഗം ഇന്ന് മുതല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിന്റെ വാര്‍ത്താമേഖലയെ നിര്‍ണായകമായി സ്വാധീനിക്കുകയും, മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത ഒരുസ്ഥാപനത്തിലെ ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ പൊതുജനങ്ങളെ  കൂടി ബോധ്യപ്പെടുത്താന്‍, മാധ്യമ പ്രവര്‍ത്തനത്തെ പൊതു പ്രവര്‍ത്തനമായി കണ്ട് ജോലിചെയ്യുകയായിരുന്ന ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്.

നിഷ്പക്ഷവും ധാര്‍മികവും, നമ്മള്‍ ഇടപഴകുന്ന സമൂഹത്തിന്റെ പൊതുവികാസത്തിന് യോജിച്ചു പോകുകയും ചെയ്യുന്ന നിലപാടുകളാണ് കഴിഞ്ഞ 10വര്‍ഷമായി ഇന്ത്യാവിഷന്‍ വാര്‍ത്താവിഭാഗം അതിന്റെ വാര്‍ത്താനയമായി നിലനിര്‍ത്തിപോന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥാപനവും ധാര്‍മ്മികവും നിയമപരവുമായി ശരിയായരീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് ഞങ്ങള്‍ക്ക് ഈ ജോലിഇതുവരെചെയ്തുപോന്ന ആര്‍ജ്ജവത്തില്‍ തുടരാന്‍ അത്യാവശ്യമാണ്. തുടക്ക ഘട്ടത്തില്‍ സ്ഥാപനം സാമ്പത്തികമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍, മാനേജ്‌മെന്റിനൊപ്പം നിന്ന് കേരളത്തിലെ ഏറ്റവും സജീവ ദൃശ്യ മാധ്യമ സ്ഥാപനമാക്കി വളര്‍ത്താന്‍ പാടുപെട്ടവരാണ് ഇക്കാലമത്രയും ഇവിടെ ജോലിചെയ്തു പോന്നവര്‍.

എന്നാല്‍ പിന്നീട് കേരളത്തിലെ ഏറ്റവും പ്രാധാന മാധ്യമസ്ഥാപനമായി ഇത് മാറിയതിനുശേഷവും ഇതിന്റെ നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതമൂലം, വലിയ പ്രശ്‌നങ്ങളാണ് ഇവിടെ ജോലി ചെയ്തവര്‍ നേരിട്ടത്. നിയമപരമായി ഒരു കമ്പനി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ ചെയ്തില്ല. ഇപ്പോഴും പി.എഫ്, ഇ.എസ്.ഐ, ടി.ഡി.എസ് ഇനത്തില്‍ വലിയതുകയാണ് സര്‍ക്കാരിലേക്ക് മാനേജ്‌മെന്റ് ബാധ്യതപ്പെട്ടിട്ടുളളത്. ഇതിന് പുറമെയാണ്, പൊതുസ്ഥാപനവുമായി ബന്ധപ്പെട്ട് അഴിമതിയെന്ന് ന്യായമായും പറയാവുന്ന കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇത് നിരവധി തവണ കമ്പനിയുടെ ഡയറക്ടര്‍മാരെ ഞങ്ങള്‍ രേഖമൂലം അറിയിച്ചിരുന്നു. കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രി എം.കെ.മുനീറിനെ രേഖാമൂലവും നേരിട്ടും പലതവണ ഇക്കാര്യം ബാധ്യപ്പെടുത്തുകയും അദ്ദേഹം ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. ഈ വാക്കുകള്‍ വിശ്വസിച്ചാണ് സാങ്കേതികമായി വലിയ ബലഹീനതകള്‍ക്കിടയിലും ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തുപോന്നത്. എന്നാല്‍ തന്ന വാക്കുകള്‍ നിരവധി തവണലംഘിച്ച സാഹചര്യത്തിലാണ് ഞങ്ങള്‍ വലിയവേദനയോടെ, ഒരു പക്ഷെ മാധ്യമചരിത്രത്തില്‍ വലിയ മുന്‍മാതൃകകളില്ലാത്ത രീതിയില്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമായത്.

കെടുകാര്യസ്ഥവും അഴിമതി എന്ന് സംശയിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഞങ്ങള്‍ നേരത്തെയും മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇത്തവണ നോട്ടീസ് നല്‍കിയിട്ട് അത് കാര്യമായി എടുക്കാന്‍ ആരും തയ്യാറായില്ലെന്നത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യവിഷനില്‍ ഇതുവരെയും ഇപ്പോഴും ജോലിചെയ്യുന്നവരുടെ സത്യസന്ധമായ നിലപാടുകളും കര്‍മശേഷിയുമാണ് ഈ സ്ഥാപനത്തെ കേരളത്തെ വേറിട്ട ഒരു മാധ്യമമാക്കി മാറ്റിയത്. അതില്‍ മാനേജ്‌മെന്റിന്റെ സംഭാവന, ഖേദകരമെന്ന് പറയട്ടെ തുച്ഛമായിരുന്നു.

സമൂഹത്തിലെ ചെറിയ അനീതികളോട് പോലും, വലിയരീതീയില്‍ പ്രതികരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന ഒരു പൊതുസ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തന ഇടവും ധാര്‍മ്മികമായും നിയമപരമായും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നടത്തിപ്പുകാരന്റെ കെടുകാര്യസ്ഥതയ്ക്ക് മുന്നില്‍  ഞങ്ങളുടെ പ്രൊഫഷണല്‍ ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാല്ലെന്ന് പറഞ്ഞുകൊണ്ടാണ്, തല്‍ക്കാലത്തേക്ക് ഞങ്ങള്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇക്കാലമത്രയും ഇന്ത്യാവിഷന്റെ വാര്‍ത്തയെ വിമര്‍ശിച്ചും, അഭിനന്ദിച്ചും ഞങ്ങള്‍ക്കൊപ്പം നിന്ന പ്രേക്ഷകരും വായനക്കാരും ഇക്കാര്യം മനസ്സിലാക്കുമെന്നാണ് ഞങ്ങള്‍ ന്യായമായും പ്രതീക്ഷിക്കുന്നത്.

 

 

Latest