Connect with us

National

അഹ്മദാബാദ് ഒരുങ്ങി: ദേശീയ ഇസ്‌ലാമിക സമ്മേളനം ശനിയാഴ്ച

Published

|

Last Updated

അഹമദാബാദ് ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ നാളെ നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളന നഗരിയുടെ മുന്‍ വശം (ഫോട്ടോഃ ജലീല്‍ മടവൂര്‍)

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദില്‍ നടക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനം ശനിയാഴ്ച. ദേശീയ തലത്തിലുള്ള സുന്നി സംഘടനയുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായാണ് ഗുജറാത്ത് മേഖലാ ദേശീയ സമ്മേളനം സംഘടിപ്പിച്ചത്.

ഇസ്‌ലാമിക അധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ അഹ്മദാബാദിലെ ഷാഹ് ആലം നഗറിലെ എം.എസ്.ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുന്നി പണ്ഡിതന്മാരും നേതാക്കളും അഭിസംബോധനം ചെയ്യും. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ്, ശൈഖുല്‍ ഇസ്‌ലാം അല്ലാമാ ഹസ്‌റത്ത് അല്ലാമാ മുഹമ്മദ് മദനി മിയ അല്‍ അശ്‌റഫി, ഗുജറാത്ത് ഗ്രാന്റ് മുഫ്തി ഹസ്‌റത്ത് അല്ലാമാ മൗലാനാ ശബീര്‍ ആലം, രാജസ്ഥാന്‍ മുഫ്തി മൗലാനാ ഷേര്‍ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളാണ്. ഗുജറാത്തിലെ മുപ്പത്തിമൂന്ന് ജില്ലകളില്‍ നിന്നുള്ള സയ്യിദന്മാരും പണ്ഡിതന്മാരും പങ്കെടുക്കും.

വിദ്യഭ്യാസ – സാമൂഹിക – സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ ശാക്തീകരണം ലക്ഷ്യംവെച്ച് നടക്കുന്ന ദേശീയ സമ്മേളനം, മര്‍കസ് ഗുജറാത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കും ആളുകളിലേക്കും എത്തിക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കും. നിലവില്‍ ഗോണ്ടല്‍, വഡോദര, ഉപ്ലേട്ട, കര്‍ജന്‍, ചാഞ്ച്വല്‍, ഭുജ് എന്നിവിടങ്ങളിലായി അഞ്ച് പബ്ലിക് സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ നേരിട്ടും അല്ലാതെയുമുള്ള ഇരകളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി മര്‍കസ് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ആരംഭിച്ച ഈ സ്‌കൂളുകളില്‍ മൂവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസിന്റെ പുനരധിവാസ പദ്ധതികള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ദീര്‍ഘ കാലാടിസ്ഥാനത്തിലും കൂടുതല്‍ ഫലപ്രദമായും നേരിടാന്‍ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ ആതുര ശുശ്രൂഷ, കൃഷി, വീട് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് കൂടി ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ക്കാണ് മര്‍കസ് തുടക്കം കുറിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് അഹ്മദാബാദിലെ ഖുതുബെ ആലം മുഹമ്മദ് സിറാജുദ്ദീന്‍ ഷാഹ് ആലം ദര്‍ഗ സിയാറത്തോടുകൂടിയാണ് ദേശീയ സമ്മേളനം ആരംഭിക്കുക. ഗുജറാത്ത് ഗ്രാന്റ് മുഫ്തി ഹസ്‌റത്ത് അല്ലാമാ മൗലാനാ ശബീര്‍ ആലം സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പതാക ജാഥക്ക് തിരഞ്ഞെടുത്ത 313 പേര്‍ നേതൃത്വം നല്‍കും. ഹാജി സിദ്ദീഖ് ജുനൈജ, ശൈഖ് ഗയാസുദ്ദീന്‍, ഹാജി യൂസുഫ് ജുനൈജ, സ്വാബിര്‍ ഭായ് കാബ്ലി, ഹാജി മേമന്‍ ഇദ്‌രീസ്, ഹാജി ഹനീഫ് സിമ്രാന്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്ന് കവാടങ്ങളുള്ള സമ്മേളന നഗരിയില്‍ നിസ്‌കാരത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു.