Connect with us

International

അന്വേഷണം വഴിത്തിരിവില്‍: വിമാനം റാഞ്ചിയത് തന്നെയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

Published

|

Last Updated

ക്വാലാലംപൂര്‍: ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചപ്പെട്ടതാണെന്ന് അന്വേഷണ സംഘം. വിമാനം അപ്രത്യക്ഷമായത് സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെയാണ് ഇത്തരത്തിലുള്ള നിഗമനത്തില്‍ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒന്നോ അതിലധികമോ ആളുകളാണ് റാഞ്ചിയതെന്നും റാഞ്ചുന്നതിന് മുമ്പ് വിമാനത്തിലേക്കുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ചിരുന്നതായും അന്വേഷണ സംഘത്തില്‍ പെട്ട മലേഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനം റാഞ്ചാനുള്ള കാരണങ്ങളെക്കുറിച്ചോ റാഞ്ചികളുടെ ആവശ്യങ്ങളോ എന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം കാണാതായതിനു പിന്നിലെ മാനുഷിക ഇടപെടല്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും റാഞ്ചിയതാകാമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു. കാണാതായ വിമാനത്തില്‍ നിന്നുള്ള ഇലക്‌ട്രോണിക് സിഗ്നലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുപയോഗിച്ച് വിമാനം എവിടെയാണെന്ന് കണ്ടെത്താനാകുമെന്നാണ് നിഗമനം. അതേസമയം വിമാനം റാഞ്ചിയതെന്ന് സൂചന നല്‍കി മലേഷ്യന്‍ സര്‍ക്കാര്‍ രംഗത്തെത്തി. അപ്രത്യക്ഷമാകുന്നതിന് മുമ്പ് വിമാനത്തിന്റെ ട്രാന്‍സ്‌പോണ്‍ഡര്‍ മന:പൂര്‍വം ഓഫാക്കിയിരുന്നുവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലേഷ്യക്കും വിയറ്റ്‌നാമിനും ഇടയില്‍ വെച്ച് വിമാനം റാഞ്ചിയെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്തിനകത്തുള്ള ആരോ ആണ് ഇത് ചെയ്തിരിക്കുന്നത്. കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരും. യാത്രക്കാരെയും വിമാനജോലിക്കാരെയും കുറിച്ച് അന്വേഷണം നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വിമാനത്തിന് വേണ്ടി 14 രാഷ്ട്രങ്ങള്‍ സംയുക്തമായി ദക്ഷിണ ചൈനാ കടലില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചതായും എന്നാല്‍ ഇന്തോനേഷ്യയിലെയും ഇന്ത്യന്‍ സമുദ്രത്തിലേയും തിരച്ചില്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളത്തിനു തൊട്ടുപിന്നാലെ കാണാതായ വിമാനത്തിലെ പൈലറ്റ് 53 കാരനായ സഹാരി അഹ്മദ് ഷായുടെ വീട്ടില്‍ ഇന്തോനേഷ്യന്‍ പോലീസ് തിരച്ചില്‍ നടത്തി.
ഇന്ത്യന്‍ സമുദ്രത്തിലെ തിരച്ചില്‍ ചെന്നൈ തീരത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം വിമാനം തകര്‍ന്നു വീണത് ഇന്ത്യന്‍ സമുദ്രത്തിലായിരിക്കാമെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ ഉള്‍ക്കടലിലോ ഇന്ത്യയിലെ മറ്റേതെങ്കിലും കടലിലോ ആയിരിക്കും വിമാനം തകര്‍ന്നു വീണതെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട്.ഇന്നലെ ബംഗ്ലാദേശും തിരച്ചിലില്‍ പങ്കാളികളായി. യുദ്ധവിമാനങ്ങളും പട്രോള്‍ കപ്പലുകളുമാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.

 

Latest