Connect with us

Ongoing News

മോദിയുടെ ഇരുണ്ട വശം തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ല: കെജ്‌രിവാള്‍

Published

|

Last Updated

ബംഗളൂരു: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ കറുത്ത വശം തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ലെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . മോദിക്ക് സ്തുതിപാടാന്‍ മാധ്യമങ്ങള്‍ പണം കൈപറ്റിയെന്നും അത്തരക്കാരെ അധികാരത്തിലെത്തിയാല്‍ ജയിലില്‍ അടക്കുമെന്നും കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ വികസനത്തെക്കുറിച്ച് മോദി പറയുന്നതൊക്കെ ഏറ്റുപാടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഈ അവകാശവാദങ്ങളൊക്കെ പൊള്ളയാണ്. ഗുജറാത്തില്‍ 800 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും 16,000 ചെറുകിട വ്യവസായങ്ങള്‍ പൂട്ടിയതും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറാകുന്നില്ല. മറ്റുള്ള സംസ്ഥാനങ്ങളിലുള്ളതിനെക്കാള്‍ ഒട്ടും കുറവല്ല ഗുജറാത്തിലെ അഴിമതി. 11 വര്‍ഷം ഭരിച്ചിട്ടും അഴിമതി ഇല്ലാതാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. അഴിമതി പുറത്തുകൊണ്ടുവരുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഗുജറാത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഗുജറാത്തിനെക്കുറിച്ച് മനപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ആരാണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കര്‍ണാടകയില്‍ നിന്ന് മത്സരിക്കുന്ന 13 എ എ പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കെജ്‌രിവാള്‍. തിരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കാന്‍ കെജ്‌രിവാളിനൊപ്പം വിരുന്നിന് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന പരിപാടിയും ബംഗളൂരുവിലുണ്ട്. ഇരുപതിനായിരം രൂപയാണ് കെജ്‌രിവാളിനൊപ്പം ഭക്ഷണം കഴിക്കാന്‍ എ എ പി ഒരാളില്‍ നിന്ന് ഈടാക്കുന്നത്.