Connect with us

Ongoing News

പെയ്ഡ് ന്യൂസ്: സംസ്ഥാനത്ത് കേസുകള്‍ 65

Published

|

Last Updated

കൊച്ചി: പണം നല്‍കി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്ന പ്രവണതയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്നത് 65 കേസുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് പഞ്ചാബിലാണെങ്കിലും ഏറ്റവും കുടുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത് ഗുജറാത്തിലാണ്.
കേരളത്തില്‍ 65 കേസുകളിലായി 65 സ്ഥാനാര്‍ഥികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പഞ്ചാബില്‍ 534 കേസുകളിലായി 339 സ്ഥാനാര്‍ഥികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഗുജറാത്തില്‍ 414 കേസുകളിലായി 495 സ്ഥാനാര്‍ഥികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.
മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് പണം നല്‍കി വാര്‍ത്തയുടെ കാര്യത്തില്‍ സംപൂജ്യരായവര്‍. ഒരു കേസു പോലും ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതുച്ചേരിയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് കേസുകളിലായി മൂന്ന് പേര്‍ക്കാണിവിടെ നോട്ടീസ് നല്‍കിയിട്ടുള്ളത്. എട്ട് കേസുകളിലായി 15 പേര്‍ക്ക് നോട്ടീസ് നല്‍കിയ പശ്ചിമ ബംഗാളാണ് ഇക്കാര്യത്തില്‍ പിന്നിലുള്ള മറ്റൊരു സംസ്ഥാനം.
18 കേസുകളിലായി 11 പേര്‍ക്ക് നോട്ടീസ് നല്‍കിയ തമിഴ്‌നാടും ഈ നിരയില്‍ പിന്നിലാണെന്നു കാണാം. എന്നാല്‍, ഇവിടുത്തെ പല കേസുകളും തുടര്‍നടപടികളുടെ ഘട്ടത്തിലാണെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 97 കേസുകളില്‍ 97 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ 30 കേസുകളിലായി 60 സ്ഥാനാര്‍ഥികള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഗോവയില്‍ ഒമ്പത് കേസുകളിലായി 63 സ്ഥാനാര്‍ഥികള്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അസമില്‍ 42 കേസില്‍ 42 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 42 കേസിലായി കര്‍ണാടകയില്‍ 61 സ്ഥാനാര്‍ഥികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. 121 കേസുകളിലായി 121 സ്ഥാനാര്‍ഥികള്‍ക്കാണ് ബീഹാറില്‍ നോട്ടീസ്. ഹിമാചല്‍ പ്രദേശില്‍ 104 കേസില്‍ 190 പേര്‍ക്കാണ് നോട്ടീസ്.

Latest