Connect with us

Gulf

നാട്ടിലെ ജയിലുകളിലേക്ക് മാറാന്‍ സഊദി ജയിലിലെ ഇന്ത്യക്കാര്‍

Published

|

Last Updated

റിയാദ്: സഊദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരില്‍ പലരും, അവശേഷിക്കുന്ന ശിക്ഷാ കാലാവധിക്ക് ഇന്ത്യന്‍ ജയിലുകളിലേക്ക് സ്ഥലം മറാന്‍ (ട്രാന്‍സ്ഫര്‍ ഓഫ് പ്രിസണേഴ്‌സ്) ആഗ്രഹിക്കുന്നു.
ഏതു ദിവസവും ഉത്തരവ് വരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് സമ്മതം അറിയിച്ച നിരവധി തടവുകാര്‍. അതേ സമയം ഇതിന് താല്‍പര്യമില്ലെന്ന് അറിയിച്ച ഇന്ത്യന്‍ തടവുകാരും വിവിധ ജയിലുകളിലുണ്ട്. അവശേഷിക്കുന്ന ശിക്ഷാ കാലാവധി ഇന്ത്യയില്‍ അനുഭവിക്കാന്‍ തയാറാണോ എന്ന് കാണിച്ച് ഇന്ത്യന്‍ തടവുകാര്‍ക്കിടയില്‍ നേരത്തെ ചോദ്യാവലി വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ തടവുകാരുടെ പൂര്‍ണ വിവരം ശേഖരിക്കാനാണ് സഊദി സര്‍ക്കാരിന്റെ അനുമതിയോടെ ഫോം വിതരണം നടത്തിയത്. തടവുകാരുടെ സ്ഥലം മാറ്റം സജീവ പരിഗണനയിലാണെന്ന് പത്ര റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2010 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ സഊദി സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച റിയാദ് പ്രഖ്യാപന കരാറില്‍ കുറ്റവാളി കൈമാറ്റവും സ്ഥലംമാറ്റവും അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു.
പിന്നീട് സഊദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു. കുറ്റവാളികളുടെ കൈമാറ്റമല്ല ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും കിരീടാവകാശിയുടെ സന്ദര്‍ശനത്തോടെ ഇതിന് കൂടുതല്‍ വ്യക്തത കൈവന്നു. നടപടികള്‍ പുരോഗമിക്കുമ്പോഴും കൃത്യമായ വിവരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ തയാറാകുന്നില്ല.
അതേ സമയം യു എ ഇ യില്‍ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. യു എ യിലെ പല തടവുകാരും വിരുദ്ധ താത്പര്യമാണ് പ്രകടിപ്പിച്ചത്. ശിക്ഷാ കാലവധി പൂര്‍ണമായും അവിടെത്തന്നെ അനുഭവിച്ചു തീര്‍ക്കാമെന്ന് കരുതുന്ന തടവുകാരാണ് അധികവും. ഇക്കാര്യം യു എ ഇയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഊദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇക്കാര്യം പരസ്യമാക്കാന്‍ തയ്യാറായില്ല. അതേസമയം നടപടികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എത്ര തടവുകാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നോ എന്നു മുതല്‍ സ്ഥലം മാറ്റം തുടങ്ങുമെന്നോ തുടങ്ങിയവ വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. ജിദ്ദയിലെ ജയിലുകളില്‍ കഴിയുന്ന മൂന്ന് മാസത്തെ മാത്രം തടവു ശിക്ഷ ബാക്കിയുള്ളവരെ സ്ഥലം മാറ്റ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
സഊദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ആനുപാതികമായി വളരെ കുറവാണ്. കുവൈത്തില്‍ 1161 പേരും യു എ ഇയില്‍ 1012 പേരുമാണ് തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമ പ്രകാരം പുറത്തു വന്ന കണക്കനുസരിച്ച് ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ 112 രാജ്യങ്ങളിലെ ജയിലുകളില്‍ 6569 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. ഇതില്‍ പകുതിയും സഊദി ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ് തടവില്‍ കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് സഊദിയില്‍ 1691 ഇന്ത്യന്‍ തടവുകാരാണുള്ളത്. ഇവരില്‍ അധികവും ചെറുകിട കുറ്റകൃത്യങ്ങളുടെ പേരിലാണ് തടവില്‍ കഴിയുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുമുണ്ട്.
മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവര്‍ കുറവാണ്. മദ്യ നിര്‍മാണം, വില്‍പന, വ്യാജ രേഖ ചമക്കല്‍, മരണത്തിന് ഇടയാക്കിയ വാഹനാപകടങ്ങള്‍, ഗുരുതരമായ ഗതാഗത നിയമലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ഇന്ത്യക്കാരില്‍ അധികവും ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നത്.

---- facebook comment plugin here -----

Latest