Connect with us

Articles

ഏത് ദുരൂഹതയിലേക്കാണ് ആ വിമാനം പറന്നുപോയത്?

Published

|

Last Updated

ആ മലേഷ്യന്‍ വിമാനം എങ്ങോട്ട് പോയി? മനുഷ്യചരിത്രത്തിലെ ഏറ്റവും ദുരൂഹമായ തിരോധാനമായി അത് അസ്തമിക്കുകയാണോ? ഒരും തുമ്പും തരാതെ അപ്രത്യക്ഷമായ ആകാശയാനങ്ങളുടെ പട്ടികയിലേക്കാണോ ഈ വിമാനവും പറക്കുന്നത്? കഴിഞ്ഞ ശനിയാഴ്ച 1.30 നാണ് 239 യാത്രക്കാരെയുമായി എം എച്ച് ബോയിംഗ് 777 എന്ന മലേഷ്യന്‍ വിമാനം കാണാതാകുന്നത്. കടലില്‍ വീണുവെന്ന നിഗമനത്തില്‍ എത്താന്‍ എളുപ്പമായിരുന്നു. വിമാനത്തകര്‍ച്ചക്കുള്ള പരമ്പരാഗതമായ കാരണങ്ങളൊന്നും മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന വിമാനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതായിരുന്നില്ല. തെളിഞ്ഞ കാലാവസ്ഥ. മൂന്ന് പതിറ്റാണ്ട് പരിചയമുള്ള പൈലറ്റ്. അത്രത്തോളമില്ലെങ്കിലും പരിചയസമ്പന്നന്‍ തന്നെയായിരുന്നു കോ പൈലറ്റ്. പേരുദോഷമൊന്നും കേള്‍പ്പിക്കാത്ത ക്രൂ. റോള്‍സ് റോയ്‌സിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബോയിംഗ് എന്‍ജിന്‍. സാങ്കേതികമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള യാത്ര. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അവസാനം ലഭിച്ച സന്ദേശത്തിലും എല്ലാം ഭദ്രം എന്നു തന്നെയാണ് പറയുന്നത്. പക്ഷേ, 138 ചൈനക്കാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരെയുമായി ആ വിമാനം എങ്ങോട്ട് പോയെന്ന് ഒരു വാരം പിന്നിടുമ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉറച്ചു നില്‍ക്കാവുന്ന ഒരു നിഗമനം പോലും പുറത്ത് വന്നിട്ടില്ല. വിയറ്റ്‌നാം സമുദ്രാതിര്‍ത്തിയില്‍ വെച്ച് ബന്ധം നഷ്ടപ്പെട്ടു. അത്രമാത്രമറിയാം. അതും ഉറപ്പിച്ചു പറയാന്‍ വിദഗ്ധര്‍ തയ്യാറല്ല. അവിടെ നിന്ന് പിന്നെയും പറന്നുവെന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു സംഘം തട്ടിവിട്ടിരുന്നു. വിമാനം കാണാതായ ശേഷം നാല് മണിക്കൂര്‍ നേരത്തേക്ക് എന്‍ജിന്‍ നിര്‍മാതാക്കള്‍ക്ക് എന്‍ജിനില്‍ ഘടിപ്പിച്ച സെന്‍സറില്‍ നിന്ന് വിവരം ലഭിച്ചു കൊണ്ടിരുന്നുവെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അത് അപ്പാടെ തള്ളിക്കളഞ്ഞ് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ രംഗത്ത് വന്നു. റോള്‍സ് റോയ്‌സ് കമ്പനി അധികൃതര്‍ തന്നെ അത് നിഷേധിച്ചു.
ഇന്ത്യയടക്കം പന്ത്രണ്ടോളം രാജ്യങ്ങള്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. വിമാനം വീണിരിക്കാമെന്ന് കരുതിയ സ്ഥലത്തെക്കുറിച്ചും പരസ്പരവിരുദ്ധമായ നിഗമനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണ ചൈനാ കടലായിരുന്നു ആദ്യ നിഗമനങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നെ അത് മലാക്കാ കടലിടുക്കിലേക്ക് നീങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ അവിടെയായിരുന്നു ആദ്യ ഘട്ടത്തില്‍ തിരച്ചില്‍ യജ്ഞങ്ങള്‍ കേന്ദ്രീകരിച്ചത്. പിന്നെ അത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാറി. തിരച്ചില്‍ ചെന്നൈ തീരത്തേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. അവസാനമായി റഡാറില്‍ പതിഞ്ഞ വിമാനത്തിന്റെ ദൃശ്യം മുഖവിലക്കെടുത്ത് മലേഷ്യന്‍ വിദഗ്ധര്‍ തന്നെയാണ് തിരച്ചില്‍ ചെന്നൈ തീരത്തേക്ക് വ്യാപിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ബോയിംഗ് 777ന്റെത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്രീകരിച്ചിരിക്കുന്ന തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9000 കിലോമീറ്റര്‍ പ്രദേശത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ പരിസരത്തും തന്നെ കേന്ദ്രീകരിക്കണമെന്നാണ് ഭൂരിപക്ഷം വിദഗ്ധരുടെയും പക്ഷം. ആള്‍പ്പാര്‍പ്പില്ലാത്ത ഏതോ ദ്വീപില്‍ വിമാനം തകര്‍ന്നു വീണിരിക്കാമെന്ന ഒരു നിഗമനവും പുറത്ത് വന്നിട്ടുണ്ട്.
അപകടത്തിന്റെ ഓരോ സിദ്ധാത്തത്തെയും ശാസ്ത്ര വിദഗ്ധ സംഘം തന്നെ റദ്ദാക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യം അവര്‍ പറഞ്ഞു, യന്ത്രത്തകരാറാണെന്ന്. ചൈനീസ് ഉപഗ്രഹത്തില്‍ പതിഞ്ഞുവെന്ന് പറയുന്ന അവശിഷ്ടത്തെ ചുറ്റിപ്പറ്റിയായിരുന്നു ഈ നിഗമനം. ഈ അവശിഷ്ടങ്ങള്‍ വിമാനം നിര്‍ദിഷ്ട സഞ്ചാരപാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതിനാല്‍ പൈലറ്റിന്റെ പിഴവോ മറ്റെന്തെങ്കിലും മാനുഷിക ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് തീര്‍പ്പിലെത്താം. യു എസ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ ഗോള്‍സ് ആണ് ഈ സിദ്ധാന്തം ശക്തമായി മുന്നോട്ട് വെച്ചത്. എന്നാല്‍ അമേരിക്കയുടെ തന്നെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ മുന്‍ ഡയറക്ടര്‍ സ്റ്റീവന്‍ വാലസ്, ഗോള്‍സിനെ റദ്ദാക്കി. ചൈന കണ്ടെത്തിയെന്ന് പറയുന്ന ഒഴുകി നടക്കുന്ന വസ്തു വിമാന അവശിഷ്ടമാകാന്‍ ഒരു വഴിയുമില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. അത് പായല്‍ പോലെ എന്തോ ആണെന്ന് മലേഷ്യന്‍ അധികൃതരും പറഞ്ഞു. ഒടുവില്‍ ചൈന തന്നെ തെറ്റ് സമ്മതിച്ചു. യന്ത്രത്തകരാര്‍ സിദ്ധാന്തത്തെ നിലനിര്‍ത്തിയിരുന്ന അടിസ്ഥാന വാദം തന്നെ അതോടെ പൊളിഞ്ഞു. ബോയിംഗ് 777ന്റെ യാന്ത്രിക പൂര്‍ണതയെക്കുറിച്ച് ആരും സംശയം പ്രകടിപ്പിക്കുന്നില്ലെന്ന നിലയിലാണ് ആ സിദ്ധാന്തം കലാശിച്ചത്. സത്യത്തില്‍ ടേക് ഓഫും ലാന്‍ഡിംഗും പിന്നിട്ടാല്‍ പൈലറ്റ് അത്ര പ്രസക്തമല്ല. എല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ്. അപകടഘട്ടങ്ങളില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങളിലാണ് പൈലറ്റിന്റെ മിടുക്ക് കുടികൊള്ളുന്നത്. ബാക്കിയെല്ലാം യന്ത്രത്തികവിന്റെ കൈയിലാണ്.
റാഞ്ചല്‍ സിദ്ധാന്തത്തിനാണ് പതിവു പോലെ മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. വിമാനത്തിനകത്തും പുറത്തുമുള്ള ഉപഗ്രഹങ്ങള്‍, റഡാറുകള്‍, സെന്‍സറുകള്‍, മറ്റു അത്യന്താധുനിക സംവിധാനങ്ങള്‍ എന്നിവക്കൊന്നും പിടിതരാതെ വിമാനം അപ്രത്യക്ഷമായെങ്കില്‍ അതിനര്‍ഥം അങ്ങേയറ്റം വിദഗ്ധനായ ഒരു മനുഷ്യന്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേരുന്നത്. വിമാനം പറത്തലില്‍ വൈദഗ്ധ്യമുള്ള ഒരു സംഘമാളുകള്‍ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കാമെന്നും അവര്‍ നിശ്ചിത സഞ്ചാരപഥത്തില്‍ നിന്ന് മാറ്റിവിട്ടിരിക്കാമെന്നും അവര്‍ പറഞ്ഞു വെക്കുന്നു. മാത്രമല്ല, സന്ദേശ വിനിമയ സംവിധാനങ്ങളെല്ലാം തകര്‍ത്തിട്ടുമുണ്ടാകാം. അങ്ങനെയാണെങ്കില്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലേക്ക് വഴി തിരിച്ചു കൊണ്ടുപോയിരിക്കാം. മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയെന്ന് പറയപ്പെടുന്ന ഇറാനികളിലേക്ക് സംശയം തിരിച്ചു വിടാനുള്ള ശ്രമവും നടക്കുന്നു. ഇന്റര്‍പോള്‍ തുടക്കത്തിലേ പരിശോധിച്ച് തള്ളിക്കളഞ്ഞ വാദഗതിയാണ് ഇത്. അവര്‍ അഭയാര്‍ഥികളാണെന്നും തീവ്രവാദം ആരോപിക്കാവുന്ന ഒരു തെളിവുമില്ലെന്നും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ തലനാരിഴകീറി പരിശോധിച്ച് തീര്‍പ്പിലെത്തിയിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഏറ്റവും ഒടുവില്‍ ലോകത്തോട് സംസാരിച്ചപ്പോഴും റാഞ്ചല്‍ സംശയത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. റാഞ്ചിയത് തന്നെയെന്ന് അവര്‍ തീര്‍ത്തു പറയുന്നു. ഇന്ത്യയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണത്തിന് ശ്രമിക്കുന്ന ഏതോ ഗ്രൂപ്പുകളായിരിക്കാം റാഞ്ചലിന് പിന്നിലെന്നും ചില ഏജന്‍സികള്‍ പറഞ്ഞു വെക്കുന്നു.
എന്നാല്‍ റാഞ്ചല്‍ തിയറിക്കുമുണ്ട് കൃത്യമായ മറുപടി. റാഞ്ചല്‍ സംശയക്കാര്‍ക്ക് വിമാനത്തിലെ സംവിധാനങ്ങള്‍ തന്നെയാണ് മറുപടിയെന്ന് ഒരു സംഘം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റമറ്റ വിനിമയ സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്. പൈലറ്റ് വിവരങ്ങള്‍ കൈമാറിയില്ലെങ്കിലും വിമാനം സ്വയമത് കൈമാറും. അപ്പോള്‍ വഴിതിരിച്ചുവിടലോ തട്ടിക്കൊണ്ടു പോകലോ നടന്നുവെങ്കില്‍ അത് പുറം ലോകം അറിഞ്ഞിരിക്കും. കോക്പിറ്റില്‍ കയറി സംവിധാനങ്ങള്‍ തകര്‍ത്താല്‍ പോലും വിവര വിനിമയത്തെ പൂര്‍ണമായി അടയ്ക്കാനാകില്ല. അപ്പോള്‍ സംശയം പൈലറ്റുമാരിലേക്ക് തന്നെ തിരിച്ചു വിടാനാണ് പദ്ധതി. സഹ പൈലറ്റിന്റെതെന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. അദ്ദേഹം തന്റെ പെണ്‍സുഹൃത്തുമായി കോക്പിറ്റില്‍ സല്ലപിക്കുന്നതാണ് ദൃശ്യം. 2011ലേതെന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന്റെ ആധികാരികത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പ്രധാന പൈലറ്റിന്റെ മനഃശാസ്ത്ര, കുടംബ പശ്ചാത്തലമൊക്കെ അരിച്ചു പെറുക്കുന്നു തിരക്കിലാണ് റാഞ്ചല്‍ തിയറിയുടെ വക്താക്കള്‍. തുമ്പൊന്നും കിട്ടിയിട്ടില്ലെന്ന് മാത്രം.
തീവ്രവാദി ആക്രമണം അഥവാ ബോംബ് സ്‌ഫോടനം എന്ന ഒരു നിഗമനവും അന്തരീക്ഷത്തിലുണ്ട്. പക്ഷേ സ്‌ഫോടനത്തിന്റെ ദ്യുതി ഉപഗ്രഹങ്ങളില്‍ പതിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ ആ രംഗത്തുള്ളവര്‍ കൂട്ടാക്കുന്നില്ല. ജിയോസിക്രണൈസ്ഡ് ഉപഗ്രഹങ്ങളുടെ കണ്ണില്‍ പെടാതെ വിമാനം പൊട്ടിത്തെറിക്കില്ലത്രേ. ഈ അനിശ്ചിതത്വത്തിനിടയിലും ചൈന വളരെ ബാലിശമായ വാദങ്ങളിലും പിടിവാശികളിലും അഭിരമിക്കുന്നുവെന്നത് ആ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. സംഭവത്തിന് പിന്നില്‍ സിന്‍ജിയാംഗിലെ ഉയ്ഗൂര്‍ ഗ്രൂപ്പുകളാകാമെന്ന തരത്തില്‍ ചൈന പടച്ചുവിട്ട സന്ദേഹമാണ് ഏറ്റവും പരിഹാസ്യം. വിമാനം തകര്‍ന്നു വീണിരിക്കാമെന്ന് കരുതപ്പെടുന്ന ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍ കപ്പലുകള്‍ തിരച്ചിലിനായി എത്തുന്നതിനെ ചൈന സംശയത്തോടെ കാണുന്നുവെന്നതാണ് മറ്റൊരു കാര്യം. മലേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അവകാശ തര്‍ക്കത്തിലിരിക്കുന്ന പ്രദേശമാണ് ദക്ഷിണ ചൈനാ കടല്‍. അവിടെ ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയുടെ സഹായത്തോടെ പിടിമുറുക്കുന്നുവെന്ന പരാതി ചൈനക്ക് നേരത്തേയുണ്ട്. തിരച്ചില്‍ യജ്ഞം അതിന് മറയാക്കുമോയെന്നതാണ് ചൈനയുടെ ആശങ്ക. അസ്ഥാനത്തെ ആശ്ചര്യ ചിഹ്നം പോലെ അരോചകമാണ് ഈ ആശങ്ക.
ലോകം പ്രതീക്ഷ കൈവിടുന്നില്ല. ഇത്തരം തിരോധാനങ്ങള്‍ ആദ്യത്തേതല്ലല്ലോ. 228 യാത്രക്കാരുമായി അറ്റ്‌ലാന്റിക്കില്‍ (2009) തകര്‍ന്നു വീണ എയര്‍ ഫ്രാന്‍സ് ഫ്‌ളൈറ്റ് 447ന്റെ അവശിഷ്ടങ്ങള്‍ രണ്ട് വര്‍ഷത്തെ ചെലവേറിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പക്ഷേ അന്ന് ഏറെ വൈകാതെ തിരച്ചില്‍ മേഖലയെന്ന് ബന്ധിച്ച് തീര്‍പ്പിലെത്താന്‍ സാധിച്ചിരുന്നു. ഇന്ന് ഒരു നിശ്ചയവും ആര്‍ക്കുമില്ല. ഉള്ളത് കുറേ ചോദ്യങ്ങള്‍ മാത്രം. വല്ലാത്തൊരു നിസ്സഹയാവസ്ഥ. ഈ സാഹചര്യം മനുഷ്യനെ കൂടുതല്‍ വിനീതനാക്കുകയാണ് വേണ്ടത്. തന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല കാര്യങ്ങളെന്ന എളിമയായിരിക്കണം അവശേഷിക്കേണ്ടത്. എത്ര പരിമിതമാണ് അറിവെന്നും സാങ്കേതിക വികാസമെന്നും സമ്മതിക്കണം. ലോകം കീഴടക്കിയെന്ന അഹങ്കാരം അസ്തമിക്കണം. സമുദ്രത്തിന്റെ അടിയൊഴുക്കുകള്‍, ആകാശത്തിന്റെ അടരുകള്‍, മണ്ണിലെ നിഗൂഢതകള്‍, വനാന്തരങ്ങളുടെ ഇരുട്ട്, മരുപ്പറമ്പിന്റെ നിശ്ശൂന്യം, അഗ്നിപര്‍വതങ്ങളുടെ ഉഗ്രതാപം, ഋതുപ്പകര്‍ച്ചകള്‍….. മനുഷ്യന് ഇഴപിരിച്ചു തീര്‍ക്കാനാകാത്ത അപാരതയാണ് പ്രപഞ്ചം. എന്നാല്‍ അത് തിരിച്ചറിയുമ്പോഴും അന്വേഷണം അവസാനിക്കുന്നില്ല. പിഴവുകളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ട് നീങ്ങും. അറിവിന്റെ ചക്രവാളങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest