Connect with us

Wayanad

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി പി എമ്മിന് അഖിലേന്ത്യാ പദവി നഷ്ടപ്പെടും: ചെന്നിത്തല

Published

|

Last Updated

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി പി എമ്മിന് അഖിലേന്ത്യാ പാര്‍ട്ടിയെന്ന പദവി നഷ്ടപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫ് ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ നാലോ അഞ്ചോ സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്, പിന്നീടുള്ള കേരളത്തിലെ സ്ഥിതിയും ദയനീയമാണ്.
നിശ്ചിതശതമാനം വോട്ടുകിട്ടിയില്ലെങ്കില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന പദവി നഷ്‌പ്പെടും. സി പി എം അപചയം നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതയും ഇത്തവണ ആര്‍ എസ് പിയും ഇടതുമുന്നണി വിട്ടുപോയി. എല്‍ ഡി എഫ് അടിത്തറ നഷ്ടപ്പെട്ട പാര്‍ട്ടിയായി മാറി കഴിഞ്ഞു. പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്തവരെയാണ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത്. സി പി എമ്മില്‍ പെയ്‌മെന്റ് സീറ്റ് ശക്തമാവുകയാണ്. മറ്റ് പാര്‍ട്ടിയിലെ ആളുകളെ തേടിപ്പിടിച്ച് മത്സരിപ്പിക്കേണ്ട ഗതികേടാണ് അവര്‍ക്കുള്ളത്. അച്യുതാനന്ദന് ആഭിമുഖ്യമുള്ള ഒരാള്‍ക്ക് പോലും ഇത്തവണ സി പി എം സീറ്റ് നല്‍കിയിട്ടില്ല. പ്രതിപക്ഷ നേതാവ് പോലും പറയുന്നത് തിരഞ്ഞെടുപ്പ് ഫലം പറയാറായിട്ടില്ലെന്നാണ്. വംശീയഹത്യക്ക് നേതൃത്വം കൊടുത്ത മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് വന്‍കിടലോബിയാണ്. അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളാണ് മോഡിയെ വാഴ്ത്തുന്നത്. ബി ജെ പി വന്നാല്‍ മതേതരത്വവും ജനാധിപത്യവും തകരുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയിരിക്കുകയാണ്. ടി പിയുടെ കൊലപാതകം കൊണ്ടും സി പി എമ്മിന് മതിയാവുന്നില്ല. കഴിഞ്ഞ ദിവസം പെരിങ്ങലത്ത് നവാസ് എന്ന യുവാവിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയതും സി പി എമ്മാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ടി പി വധക്കേസില്‍ എത്ര ഉന്നതന്മാരുണ്ടെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് കേസ് സി ബി ഐക്ക് വിട്ടിരിക്കുന്നത്. തങ്ങളല്ല കൊന്നതെന്ന് പറയുമ്പോഴും ടി പിയെ അറുംകൊല ചെയ്തവര്‍ക്ക് വേണ്ടി വക്കാലത്തുമായി ജയിലില്‍ പോയവരാണ് കോടിയേരിയും സംഘവും. ടി പിക്ക് ജീവിക്കാനുള്ള അവകാശം കൊടുക്കാത്തവരാണ് പ്രതികളുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സി പി വര്‍ഗീസ്, മുന്‍മന്ത്രി പി കെ കെ ബാവ മുഖ്യപ്രഭാഷണം നടത്തി.
മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, പി കെ ഗോപാലന്‍, എന്‍ ഡി അപ്പച്ചന്‍, സജീവ് ജോസഫ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍, പി ടി ഗോപാലക്കുറുപ്പ്, പി പി ആലി, അഡ്വ. പി ശങ്കരന്‍, കെ ജെ ദേവസ്യ, എം സി സെബാസ്റ്റ്യന്‍, ടി മോഹനന്‍, എച്ചോം ഗോപി, പ്രവീണ്‍ തങ്കപ്പന്‍, അഹമ്മദ്ഹാജി, പി പി വി മൂസ, സുരേഷ് ബാബു, മുഹമ്മദ് തുടങ്ങിയവരും ഡി സി സി, പോഷകസംഘടനാഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.