Connect with us

Kerala

വായ്പയെടുക്കാന്‍ അനുമതി തേടി: ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ട്രഷറി പൂട്ടുന്നത് ഒഴിവാക്കാന്‍ ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ദിവസം ഒരു ട്രഷറിയില്‍ നിന്ന് ഒരു കോടി രൂപയുടെ ബില്‍ മാറിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഒരു കോടിക്ക് മുകളില്‍ വരുന്ന ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ, രണ്ടര കോടി രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നത്. നേരത്തെയും ഒരു കോടിക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ഇതിന് ഇളവ് നല്‍കിയാണ് രണ്ടര കോടിയായി ഉയര്‍ത്തിയതെന്നും ഇപ്പോള്‍ പഴയ രീതി പുന:സ്ഥാപിക്കുകയാണ് ചെയ്തതെന്നുമാണ് ധനവകുപ്പിന്റെ വിശദീകരണം. അതേസമയം, ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഭൂരിഭാഗം ബില്ലുകളും ധനവകുപ്പിന്റെ പരിഗണനക്ക് അയക്കുകയാണ്. ഇതിനിടെ, 500 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി തേടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു.
മാര്‍ച്ചിലെ സാമ്പത്തിക ഞെരുക്കം നേരിടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ട്രഷറി പൂട്ടുന്ന സാഹചര്യമുണ്ടായാല്‍ വന്‍തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ പ്രതിസന്ധി ജനങ്ങളെ ബാധിക്കാത്ത വിധം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ധനവകുപ്പ്. ട്രഷറിയില്‍ മാറാന്‍ എത്തുന്ന ബില്ലുകള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുന്നതിനൊപ്പമാണ് ഒരു കോടിക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും പ്രോവിഡന്റ് ഫണ്ട് വായ്പയും നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും വ്യക്തമാക്കി. അപേക്ഷിക്കുന്നവര്‍ക്കൊക്കെ ഇവ രണ്ടും നല്‍കുന്നുണ്ടെന്നും ആര്‍ക്കും നിഷേധിച്ചിട്ടില്ലെന്നും ഏപ്രില്‍ ഒന്നിനു ശേഷവും സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് ധനമന്ത്രി കെ എം മാണിയും വ്യക്തമാക്കി. ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശവും സര്‍ക്കാറിന്റെ പരിഗണനക്ക് വരികയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാപെരുമാറ്റചട്ടം അനുസരിച്ച് പുതുതായി അനുവാദം നല്‍കുന്നതിന് വിലക്കുള്ളസാമ്പത്തിക അനുമതികള്‍ക്ക് മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളു എന്ന്മന്ത്രി മാണി വിശദീകരിച്ചു.ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. ജീവനക്കാരിലും പൊതുജനങ്ങളിലും ഭീതി പരത്തി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ളഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും മാണി കുറ്റപ്പെടുത്തി.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ട് ആഴ്ചകളിലാണ് ബില്ലുകള്‍ കൂട്ടത്തോടെ ഒഴുകുന്നത്. ഈ സാഹചര്യം മറികടക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ധനവകുപ്പ്. പദ്ധതി വിഹിതം ചെലവിടുന്നതില്‍ വകുപ്പുകള്‍ കാണിച്ച വീഴ്ച മൂലം ഈ ഗണത്തില്‍ കുറെ പണം ട്രഷറിയില്‍ മിച്ചം പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി വരെയുള്ള കണക്ക് അനുസരിച്ച് 46.84 ശതമാനമാണ് പദ്ധതി ചെലവ്. ഇതില്‍ തന്നെ ഒമ്പത് വകുപ്പുകള്‍ മുപ്പത് ശതമാനത്തില്‍ താഴെ തുകയാണ് ചെലവിട്ടത്. 500 കോടി രൂപ കൂടി റിസര്‍വ് ബേങ്ക് മുഖേന പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 12,200 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 15ന് ആയിരം കോടി രൂപയുടെ കടപ്പത്രം ഇറക്കിയതോടെ ഈ പരിധി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.