Connect with us

Ongoing News

കടന്നപ്പള്ളി ഓര്‍ക്കുന്നു, 71ലെ തീപാറും പോരാട്ടം

Published

|

Last Updated

കണ്ണൂര്‍: തികച്ചും അപ്രതീക്ഷിതമായായിരുന്നു രാമചന്ദ്രന്‍ കടന്നപ്പള്ളി എന്ന കെ എസ് യുക്കാരന്‍ 1971ല്‍ കാസര്‍കോട് പാര്‍ലിമെന്റ് സീറ്റില്‍ മത്സരിക്കാന്‍ നിയോഗിക്കപ്പെടുന്നത്. അന്ന് മത്സരരംഗത്തുള്ളവരെല്ലാം പ്രഗത്ഭര്‍. അതുകൊണ്ട് തന്നെ മത്സരം സ്വപ്‌നം പോലും കണ്ടിരുന്നില്ല കടന്നപ്പള്ളി. മാത്രമല്ല സാമ്പത്തികവും അനുകൂലമായിരുന്നില്ല. അന്ന് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നത് കൊണ്ടു തന്നെ കടന്നപ്പള്ളി കേരളത്തിലെ യുവ കോണ്‍ഗ്രസുകാരുടെ ആവേശമായിരുന്നു. തൃശൂരില്‍ കെ എസ് യു സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെയാണ് കാസര്‍കോട് കടന്നപ്പള്ളിയാണ് സ്ഥാനാര്‍ഥിയെന്ന് കടന്നപ്പള്ളി പോലുമറിയുന്നത്. ഇന്നത്തെ പോലെ ഓരോ സീറ്റിലേക്കും മത്സരിക്കാന്‍ യോഗ്യരായവരുടെ ജംബോ ലിസ്റ്റൊന്നും ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്ന പരിപാടിയില്ലെന്ന് കടന്നപ്പള്ളി പറഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ഥികളാരാകണമെന്നത് സംബന്ധിച്ച് കെ പി സി സി ഹൈക്കമാന്‍ഡിന് ഓരോ പേര് നല്‍കുന്നു. അതംഗീകരിച്ചു കൊണ്ട് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു. എ കെ വിശ്വനാഥനായിരുന്നു അന്ന് കെ പി സി സി പ്രസിഡന്റ്. കാസര്‍കോട് പിടിക്കാന്‍ യോഗ്യന്‍ കടന്നപ്പള്ളി തന്നെയാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് 1971ല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് കന്നിയങ്കം കുറിക്കാന്‍ കടന്നപ്പള്ളി നിയോഗിക്കപ്പെടുന്നത്.

തൃശൂരില്‍ കെ എസ് യുവിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെയാണ് മുഖ്യസംഘാടകനായ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ഇന്ദിരാ ഗാന്ധി വിളിക്കുന്നത്. അടുത്തദിവസം തന്നെ നാമനിര്‍ദേശപത്രിക നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പിന്നെ ഒരു നിമിഷം ആലോചിച്ചില്ല. സമ്മേളനത്തിന്റെ പകുതി വഴിയില്‍ ഇറങ്ങി നേരെ നാട്ടിലേക്ക്. കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലായിരുന്നു പത്രികാ സമര്‍പ്പണം. പാമ്പന്‍ മാധവന്‍ തുടങ്ങി ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളുടെ അനുഗ്രഹം വാങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നത്തെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന വേളയിലുണ്ടായിരുന്നത് കടന്നപ്പള്ളി ഇന്നും ഓര്‍ത്തെടുക്കുന്നു.
കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എ കെ ജിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രഗത്ഭനായിരുന്ന എ കെ ജിയോട് ഏറ്റുമുട്ടാനായിരുന്നു കോണ്‍ഗ്രസിലെ യുവതുര്‍ക്കി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ പാര്‍ട്ടി പടച്ചട്ടയണിയിച്ചതെങ്കിലും അത്തവണ എ കെ ജി മത്സരിച്ചത് പാലക്കാടായിരുന്നു. പാലക്കാട് സിറ്റിംഗ് എം പി. ഇ കെ നായനാര്‍ കാസര്‍കോട്ടേക്കും മാറി. അങ്ങിനെ കാസര്‍കോടിന്റെ മണ്ണില്‍ ചരിത്രം തിരുത്തി ക്കുറിച്ച തിരഞ്ഞെടുപ്പ് അങ്കം തന്നെയായിരുന്നു പിന്നെ നടന്നത്. പശുവും കിടാവുമായിരുന്നു ചിഹ്നം.
ഇന്ന് കാണുന്ന ധാരാളിത്തവും ധൂര്‍ത്തും കാണുമ്പോള്‍ അന്നത്തെ പ്രചാരണം ഓര്‍ത്തുപോകാറുണ്ടെന്ന് കടന്നപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഒരിടത്തുമുണ്ടാകാറില്ല. കണ്ണൂരിലെ അഹ്മദ് കുട്ടി പ്രസ്സിലായിരുന്നു പോസ്റ്റര്‍ അച്ചടിച്ചത്. വെള്ള കടലാസില്‍ നീല നിറത്തിലായിരുന്നു അച്ചടി. പിന്നെ ചുവരെഴുത്തുകളുമുണ്ട്. ചെറുവത്തൂരിലെ ഒരു സ്ഥലത്ത് തന്റെ പേരില്‍ അന്നെഴുതിയ ചുവരെഴുത്ത് ഇന്നുമുണ്ടെന്നതും കടന്നപ്പള്ളി ഓര്‍മിച്ചു. മെഗാഫോണിലൂടെയായിരുന്നു വോട്ടഭ്യര്‍ഥന. വലിയ കുന്നിന്‍ മുകളിലും മറ്റും കയറി രാത്രികാലങ്ങളില്‍ പ്രവര്‍ത്തകര്‍ മെഗാഫോണിലൂടെ ഉച്ചത്തില്‍ വോട്ടഭ്യര്‍ഥന നടത്തും. സ്ഥാനാര്‍ഥിയെന്ന നിലയിലും മെഗാഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ജീപ്പുകളായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചത്. ജീപ്പിന് രണ്ടുവശത്തും ബോര്‍ഡ് കെട്ടും. മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും കൊടിയുമുണ്ടാകും. മൈക്കും ഘടിപ്പിച്ചിട്ടുണ്ടാകും. ഓരോ കവലകളിലും നിര്‍ത്തി വോട്ടഭ്യര്‍ഥിക്കും. പ്രകടനങ്ങളും പതിവായിരുന്നു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചാരണത്തിനുള്ള പണമെല്ലാം എടുത്തത്. ഇന്നത്തെ പോലെ സ്ഥാനാര്‍ഥി തന്നെ പ്രവര്‍ത്തകര്‍ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടില്ല. കൊടുത്താലും വാങ്ങില്ലെന്നതാണ് സത്യം. കാരണം അത്രയേറെ ആത്മാഭിമാന ബോധമുള്ളവരായിരുന്നു അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍. മതവും ജാതിയുമൊന്നും തിരഞ്ഞെടുപ്പില്‍ ഇല്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. തിരഞ്ഞെടുപ്പുകളില്‍ മതവും ജാതിയും മുഖ്യഘടകമായി മാറുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ അന്നത്തെ ഈയൊരു സാഹചര്യത്തെ ഓര്‍ക്കുമ്പോള്‍ വികാരഭരിതനാകും- കടന്നപ്പള്ളി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയെയോ നേതാക്കളെയോ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പ്രചാരണം പോലുമുണ്ടാകാറില്ല. പ്രസംഗങ്ങളില്‍ ആക്ഷേപങ്ങളൊന്നും അതിര് കടക്കാറുമില്ല. പാര്‍ട്ടിയുടെ നയങ്ങള്‍ തന്നെയാണ് ഏത് മുന്നണിയുടെയും പ്രചാരണായുധം. കന്നിയങ്കത്തില്‍ ഇ കെ നായനാരെ പരാജയപ്പെടുത്തി പാര്‍ലിമെന്റിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറിയ കടന്നപ്പള്ളി 1977ല്‍ വീണ്ടും ജനവിധി തേടാനെത്തിയപ്പോള്‍ എതിരാളി മാറിയിരുന്നു. ഇ കെ നായനാര്‍ അത്തവണ കാസര്‍കോട് മത്സരിച്ചില്ല. എം രാമണ്ണറെയായിരുന്നു സി പി എം സ്ഥാനാര്‍ഥി. ആ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കാര്യവും കടന്നപ്പള്ളി ഓര്‍മിക്കുന്നു. ഒടുവില്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ 1991ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.