Connect with us

Gulf

ഉപഭോക്താക്കളെ കബളിപ്പിക്കുന്നവര്‍ക്ക് പതിനഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ

Published

|

Last Updated

മസ്‌കത്ത്: ഉപഭോക്തൃ നിയമം പാലിക്കാതെ വഞ്ചന നടത്തുകയും സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. പതിനഞ്ചു വര്‍ഷം വരെ തടവും കൂടാതെ സാമ്പത്തിക പിഴയും ചുമത്തും. സ്ഥാപനം സ്ഥിരമായി അടച്ചു പൂട്ടുന്നതുള്‍പെടെയുള്ള നടപടികളും സ്വീകരിക്കും. ചൂഷണങ്ങള്‍ തടയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഉപഭോക്തൃ അവകാശ നിയമത്തില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളിലാണ് കനത്ത നിര്‍ദേശങ്ങളുള്ളത്.
നിയമഭേദഗതിയുടെ കരടിന്റെ പരിശോധന മജ്‌ലിസ് ശൂറ പൂര്‍ത്തിയാക്കി. നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാണ് പൊതു അഭിപ്രായം. പിഴ സംഖ്യ അയ്യായിരത്തില്‍നിന്നും പതിനായിരം ആക്കി ഉയര്‍ത്താനാണ് നിയമം നിര്‍ദേശിക്കുന്നത്. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണത്തിനായുള്ള നടപടികള്‍ ശക്തമാക്കി വരികയാണ്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പ്രവര്‍ത്തന ഫലമായി രാജ്യത്ത് പരാതികള്‍ വര്‍ധിക്കുകയും നിരവധി ചൂഷണങ്ങള്‍ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 29,246 പരാതികളാണ് അതോറിറ്റിക്കു ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് കാര്‍ ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, വാച്ചുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇടപാടുകള്‍ക്കെതിരെയും പരാതികളുണ്ടായി.
ഉപഭോക്തൃ നിയമ ഭേദഗതിയുടെ പരിശോധന പൂര്‍ത്തിയായെന്നും ഇതിന്‍മെല്‍ ഈ മാസം 24നു നടക്കുന്ന സമ്മേളനത്തില്‍ വോട്ടെടുപ്പു നടക്കുമെന്നും ശൂറ അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ശൂറ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിയമം സ്റ്റേറ്റ് കൗണ്‍സിലിന്റെ പരിഗണനക്കു വിടും. തുടര്‍ന്ന് മന്ത്രിസഭ പരിഗണിക്കും. ശേഷമാണ് നിയമമായി അംഗീകരിപ്പെടുകയും ഉത്തരവിറങ്ങുകയും ചെയ്യുക. നീതിനിര്‍വഹണം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് നിയമം തയാറാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയന്നു. കോടതിയുടെയും നീതിന്യായ വ്യവസ്ഥിതിയുടെയും ഇടപെടല്‍ വര്‍ധിക്കും. വിപണിയിലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ് നിയമം ലക്ഷ്യം വെക്കുന്നത്.
പുതിയ ഉപഭോക്തൃ നിയമം വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപഭോക്തൃ അതോറിറ്റി ചെയര്‍മാന്‍ ഡോ. സാദ് ബിന്‍ ഖമീസ് അല്‍ കഅബി പറഞ്ഞു. വാണിജ്യ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. അതേസമയം, പുതിയ നിയമം വിപണിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പു വരുത്തുന്നു. കച്ചവടക്കാരുടെ അവകാശങ്ങളെയും നിയമം സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ ചില ഭേദഗതികള്‍ നിയമത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍ പരിഗണിച്ചാണ് വീണ്ടും നിയമം ഭേദഗതി ചെയ്യുന്നത്. നിലവിലുള്ള നിയമത്തിലെ പഴുതുകളും ദുര്‍ബലമായ ഭാഗങ്ങളും ഒഴിവാക്കിയാണ് പുതിയ നിയമ നിര്‍ദേശം. ഇത് ഉപഭോക്തൃ ലംഘനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.