Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് വില സൂചികയുടെ അഭാവം ചൂഷണത്തിനു വഴിവെക്കുന്നതായി പരാതി

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ പദ്ധതികള്‍ വരുമ്പോള്‍ വില സൂചിക പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. രാജ്യത്തു വര്‍ധിച്ചു വരുന്ന ടൂറിസം പദ്ധതികളും ഹോട്ടല്‍ വ്യവസായവും വാണിജ്യ വ്യവസയായ സംരംഭങ്ങളും കെട്ടിട നിര്‍മാണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ വരുന്നതിന് ഇടയാക്കുന്നു. സ്ഥാപനങ്ങളും കൂടുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഓഫീസ്, പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ധാരാളം ആവശ്യമായി വരുന്നു. സാഹചര്യം മുതലെടുത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണം ഒഴിവാക്കുന്നതിനാണ് വാടക, വില നിലവാരം പ്രസിദ്ധപ്പെടുത്തണണമെന്ന ആവശ്യം ഉയരുന്നത്.
തലസ്ഥാന നഗരിയുള്‍പെടെ രാജ്യത്തെവിടെയും റിയല്‍ എസ്റ്റേറ്റ് വില സൂചിക പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇതു സൃഷ്ടിക്കുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൂചിക പ്രസിദ്ധപ്പെടുത്തണം എന്ന ആവശ്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളെയും അതോറ്റികളെയും സമീപിച്ചു വരികയാണെന്ന് ഒമാന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ സലീം അല്‍ ബുസൈദി പറഞ്ഞു. സ്ഥലവും കെട്ടിടവും വില്‍ക്കുകയോ വാടകക്കു കൊടുക്കുകയോ ചെയ്യുമ്പോള്‍ അതിന് ഈടാക്കുന്ന വില നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അനിയന്ത്രിതമായ വില ഈടാക്കാമെന്നു വരുന്നത് ഈ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ചൂഷണം വര്‍ധിക്കുകയും ഇട നിലക്കാരുടെ ഇടപെല്‍ വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയയുന്നു.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കനത്ത നിബന്ധനകള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണം കൊണ്ടു വരുന്നതിനായി വാണിജ്യം, പാര്‍പ്പിടം, മാനവവിഭവം തുടങ്ങിയ മന്ത്രാലയങ്ങളുമായി പല തവണ ചര്‍ച്ചകള്‍ നടത്തി. രാജ്യത്തിന്റെ വികസനത്തിനും വിദേശ നിക്ഷേപം ആകര്‍ഷിക്കപ്പെടുന്നതിനും ഇത് അനിവാര്യമാണ്. പാര്‍പ്പിട മേഖലയിലാണ് കൂടുതല്‍ ചൂഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഉള്‍പെടെയുള്ള അയല്‍ രാജ്യ നഗരങ്ങളില്‍ വാടക സൂചികയും വില സൂചികയും തയാറാക്കിയിട്ടുണ്ട്. ഇത് ഗുണഭോക്താക്കള്‍ക്കും ഉടമകള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നു. യഥാര്‍ഥ വാടക ലഭിക്കുന്നു എന്നതാണ് ഉടമകളുടെ ഗുണം. സൂചിക അനുസരിച്ചുള്ള തുകക്ക് കെട്ടിടം സ്വന്തമാക്കാമെന്ന സൗകര്യം ഗുണഭോക്താവിനും നേരത്തെ ഏജന്റുമാര്‍ അമിത നിരക്ക് ഈടാക്കുകയും എന്നാല്‍ ഇത് ഉടമക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹര്യം നിലനിന്നിരുന്നു. സൂചിക അനുസരിച്ചുള്ള നിരക്കില്‍ മാത്രമേ നഗരസഭ വാടകക്കരാര്‍ ഒപ്പിട്ടു നല്‍കൂ.

 

Latest