Connect with us

Gulf

ഒമാന്‍ എയര്‍ സ്വകാര്യവത്കരണം പരിണഗനയിലില്ല; മൂന്നു കമ്പനികളായി വിഭജിക്കും: ധനകാര്യ മന്ത്രി

Published

|

Last Updated

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സ്വകാര്യവത്കരണം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഒമാന്‍ ധനകാര്യ മന്ത്രി ദാര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി വ്യക്തമാക്കി. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ഈ വര്‍ഷം തന്നെ നഷ്ടമില്ലാത്ത സ്ഥാപനമാക്കി മാറ്റും. കമ്പനിയെ മൂന്നാക്കി വിഭജിച്ച് സമുദ്ര, കര ഗതാഗത പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്നാമ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൂടുതല്‍ സര്‍ക്കാര്‍ ഉയമസ്ഥ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ മേഖലക്കു കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഓഹരികള്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കും. എന്നാല്‍ സ്ഥാപനം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഖത്തര്‍ ധന വകുപ്പു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ഒമാന്‍ടെല്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിരുന്നു. ശേഷമാണ് കൂടുതല്‍ ഓഹരികള്‍ സ്വകാര്യമേഖലക്കു നല്‍കുമെന്ന് മന്ത്രി വെളിപ്പെടുത്തിയത്. ഒമാന്‍ ഓയില്‍ കമ്പനിയുടെ ഉപസ്ഥാപനങ്ങളുടെ ഓഹരികളും സ്വകാര്യ മേഖലക്കു നല്‍കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അടുത്തതായി സ്വകാര്യവത്കരിക്കുന്ന സ്ഥാപനം വൈകാതെ പ്രഖ്യാപിക്കുമെന്നും കൂടുതല്‍ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നനും മന്ത്രി വ്യക്തമാക്കി.
എണ്ണ, വാതക മേഖല ഇതില്‍ ഉള്‍പെടുത്തിയിട്ടില്ല. അതേസമയം, ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും ഖത്തര്‍ നിക്ഷേപത്തിനു സന്നദ്ധമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബജറ്റ് കമ്മി നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നയം അധികൃതര്‍ സ്വീകരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 60 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എത്ര കമ്പനകള്‍ സ്വകാര്യവത്കരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാന്‍ എയര്‍ സ്വകാര്യവത്കരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ ചോദ്യത്തിനാണ് മന്ത്രി ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മറുപടി നല്‍കിയത്.
ഒമാന്‍ടെല്‍ ഓഹരി വില്‍പനയുടെ ആദ്യഘട്ടം ഇക്കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 19 ശതമാനം ഓഹരികളാണ് വിതരണം ചെയ്യുന്നത്. ഇതുവഴി 570 ദശലക്ഷം ഡോളര്‍ കണ്ടെത്തുകയാണ് ലക്ഷ്യം. പൊതു ചെലവുകള്‍ക്കായി എണ്ണയിതര മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തുകയെന്ന പദ്ധതിയുടെകൂടി ഭാഗമായാണിത്. സര്‍ക്കാറിന്റെ പണം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒമാന്‍ എയര്‍ പുനക്രമീകരണത്തിന്റെ പാതയിലാണെന്ന് അദ്ദേം വിശദീകരിച്ചു. മൂന്നു കമ്പനികളാക്കിയുള്ള വിഭജനം ഈ വര്‍ഷം തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest