Connect with us

Gulf

വൈറ്റ് പോയന്റ് സംവിധാനത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കും: എഞ്ചി. സഫീന്‍

Published

|

Last Updated

ദുബൈ: വൈറ്റ് പോയന്റ് സംവിധാനത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നു ദുബൈ പോലീസ് ഗതാഗത വിഭാഗം മേധാവി മേജര്‍ ജനറല്‍ എഞ്ചി. മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍.
2012ലാണ് സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാനായി ദുബൈ പോലീസ് വൈറ്റ് പോയന്റ് സംവിധാനത്തിന് തുടക്കമിട്ടത്. പൊതുജനങ്ങളില്‍ നിന്നു മികച്ച പ്രതികരണവും പങ്കാളിത്തവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ നിയമലംഘനങ്ങള്‍ക്ക് ഇടയാക്കാതെ വാഹനം ഓടിച്ച 1,000 ഡ്രൈവര്‍മാര്‍ക്ക് ദുബൈ പോലീസിന്റെ സമ്മാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എഞ്ചി. സഫീന്‍.
378 സ്വദേശികളും 215 അറബ് വംശജരും 407 മറ്റുള്ളവരും ഉള്‍പ്പെടെയുള്ള 1,000 പേരെയാണ് വൈറ്റ് പോയന്റ് സമ്മാനത്തിനായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. 2013ല്‍ മൂന്നു ലക്ഷം പേരാണ് യാതൊരു നിയമലംഘനങ്ങളും നടത്താതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നാണ് സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. പാരിസ് ഗ്യാലറി, ഡി എം ഐ, വില്ല റൊട്ടാന എന്നിവയുടെ ഗിഫ്റ്റ് വൗച്ചറുകളും വിമാന ടിക്കറ്റും ഉള്‍പ്പെടെയുള്ള 700 ദിര്‍ഹം വിലമതിക്കുന്ന പാരിതോഷികങ്ങളാണ് മാതൃകാ ഡ്രൈവര്‍മാര്‍ക്ക് നല്‍കുക. ഇവരില്‍ ഒരാള്‍ക്ക് ഗ്രാന്റ് സമ്മാനമായി ഷെവര്‍ലറ്റ് ഇമ്പാല കാര്‍ നല്‍കും. ഇതിനുള്ള നറുക്കെടുപ്പ് അടുത്ത മാസം 21നാവും നടക്കുക. സമ്മാനത്തിന് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എസ് എം എസ് സന്ദേശം അയച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി 100 പേര്‍ക്കു വിതം സമ്മാനം നല്‍കാനാണ് പദ്ധതി. ആദ്യ വിതരണം 24ന് (തിങ്കള്‍)ട്രാഫിക് പോലീസ് ആസ്ഥാനത്ത് നടക്കും.
ഒരു വര്‍ഷം പരമാവധി 24 വൈറ്റ് പോയന്റുകളാണ് ലഭിക്കുക. ദുബൈയില്‍ നിന്നു വിതരണം ചെയ്ത കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരെയാണ് പങ്കാളികളാക്കിയത്. ഉടമയുടെ വാഹനം ദുബൈ രജിസ്റ്റര്‍ ചെയ്തതാവണമെന്നും വാഹന രജിസ്‌ട്രേഷനിലോ ലൈസന്‍സിലോ ഒരു വര്‍ഷത്തിനിടയില്‍ ഒരൊറ്റ ബ്ലാക്ക് പോയന്റും ഇല്ലാത്തവരുമായിരിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നു. സമ്മാനം ലഭിച്ചവരില്‍ 39 പേര്‍ 26നും 32നും ഇടയില്‍ പ്രായമുള്ളവരാണ്. 33നും 40നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം 355ഉം 40ന് മുകളിലുള്ളവരുടെ സംഖ്യ 332മാണ്. 204 പേര്‍ ഇന്ത്യക്കാരും 74 പേര്‍ ഈജിപ്തുകാരും 34 പേര്‍ പാക്കിസ്ഥാനികളും 24 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ആറു പേര്‍ ഓസ്‌ട്രേലിയക്കാരുമാണ്. ആയിരം പേരില്‍ 400 പേര്‍ വനിതകളാണെന്നും മേജര്‍ ജനറല്‍ എഞ്ചി. മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ വിശദീകരിച്ചു.

Latest