Connect with us

Ongoing News

നാഗാ കുന്നുകള്‍ കയറാന്‍ കോണ്‍ഗ്രസ് വിയര്‍ക്കും

Published

|

Last Updated

സംസ്ഥാനത്തിന്റെ പേര് തന്നെയുള്ള ഏക ലോക്‌സഭാ മണ്ഡലമാണ് നാഗാലാന്‍ഡ്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തെ ഈ സംസ്ഥാനം അടുത്ത മാസം ഒമ്പതിനാണ് ജനവിധി തേടുന്നത്. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ഇവിടെ യു പി എ സഖ്യം വിട്ട നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും (എന്‍ പി എഫ്) കോണ്‍ഗ്രസുമാണ് പ്രധാന രാഷ്ട്രീയ കക്ഷികള്‍. മുഖ്യമന്ത്രി തന്നെയാണ് ഇത്തവണ കോണ്‍ഗ്രസിനെതിരെ എന്‍ എഫ് പി സ്ഥാനാര്‍ഥിയായി മത്സര രംഗത്തെത്തുന്നത്. മഞ്ഞണിഞ്ഞ നാഗാ കുന്നുകളില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടി വരുമെന്നാണ് നാഗാലാന്‍ഡിന്റെ രാഷ്ട്രീയ പാഠം.

11,74,633 വോട്ടര്‍മാരാണ് സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി നിര്‍ണയിക്കുക. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 8,32,224 വോട്ടുകള്‍ നേടിയാണ് വിജയം കൊയ്തത്. 69.96 ശതമാനം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. 90.26 വോട്ടിംഗ് ശതമാനമാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. ഇത്തവണയും എന്‍ പി എഫ് തന്നെ സംസ്ഥാനം പിടിച്ചടക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ എന്‍ പി എഫിന്റെ ചോംഗ്‌സണ്‍ മോന്‍ഗോസുഗം ആണ് നാഗാലാന്‍ഡിനെ പ്രതിനിധാനം ചെയ്ത് ലോക്‌സഭയിലെത്തിയത്. 2004ലെ തിരഞ്ഞെടുപ്പിലും എന്‍ പി എഫ് തന്നെയാണ് മണ്ഡലം പിടിച്ചത്.
1996ലാണ് അവസാനമായി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ടായത്. എന്‍ പി എഫ് ദേശീയതലത്തില്‍ എന്‍ ഡി എയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളെയും കൂടാതെ ബി ജെ പി, ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് സംസ്ഥാനത്തെ മറ്റ് പ്രമുഖ പാര്‍ട്ടികള്‍. വടക്കുകിഴക്ക് മേഖലയിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, നാഷനലിസ്റ്റ് ഡെമോക്രാറ്റിക് മൂവ്‌മെന്റ്, നാഗാ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുടെയും സാന്നിധ്യം ഇവിടെയുണ്ട്.
നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്പിയു റിയോയാണ് ഇത്തവണ എന്‍ പി എഫിന് വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി എന്‍ ഡി എയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബി ജെ പിയും ജെ ഡി യുവും അദ്ദേഹത്തിന് വിജയാശംസകളുമായി രംഗത്തെത്തി.
കോണ്‍ഗ്രസിലെ കെ വി പുസയാണ് റിയോയുടെ എതിര്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇരുവരുടെയും ലോക്‌സഭയിലേക്കുള്ള കന്നിയങ്കവുമാണ് ഇത്തവണത്തേത്. നാഗാലാന്‍ഡിന്റെ വികസനത്തിന് വേണ്ടിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് മുഖ്യമന്ത്രി റിയോ പറഞ്ഞു. ദേശീയ തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തലുള്ള യു പി എ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് പാര്‍ട്ടി എന്‍ ഡി എക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മവിശ്വാസമാണ് റിയോയെ മത്സരത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ തവണ യു പി എക്കായിരുന്നു എന്‍ പി എഫിന്റെ പിന്തുണ. പത്ത് വര്‍ഷം ഭരിച്ചിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ സംസ്ഥാനം ഒരിക്കല്‍ പോലും സന്ദര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2003ല്‍ അടല്‍ ബിഹാരി വാജ്പയി നാഗാലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ച 1,500 കോടി രൂപയുടെ നാഗാലാന്‍ഡ് പ്രത്യേക പാക്കേജ് നടപ്പാക്കാമെന്ന് പറഞ്ഞ് യു പി എ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് റോഡ്, റെയില്‍, ദേശീയ പാതാ വികസനത്തിന് വേണ്ടി പ്രോജക്ടുകള്‍ പ്രഖ്യാപിച്ചപ്പോഴും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ തഴഞ്ഞത് പാര്‍ട്ടി അണികളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി. കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ പ്രവര്‍ത്തകര്‍ കൈയൊഴിയുമെന്ന തിരിച്ചറിവും എന്‍ പി എഫിനെ എന്‍ ഡി എ പാളയത്തിലേക്കെത്തിച്ചു.
എന്നാല്‍, മുന്നണി വിട്ട എന്‍ പി എഫിനെതിരെ ശക്തമായ പ്രചാരണവുമായാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. മുഖ്യന്ത്രി വര്‍ഗീയവാദികളുടെ പിടിയിലാണെന്നും ബി ജെ പി കൂട്ടുകെട്ട് അതാണ് തെളിയിക്കുന്നതെന്നും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കോണ്‍ഗ്രസിനെ പഴി പറയുകയാണെന്നും നാഗാലാന്‍ഡ് പി സി സി മീഡിയാ സെല്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.
വികസനമാണ് തന്റെ മുഖ്യലക്ഷ്യമെന്നാണ് പ്രചാരണത്തിലുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ വി പുസ പറയുന്നത്. കോണ്‍ഗ്രസും എന്‍ പി എഫും രണ്ട് പാര്‍ട്ടികളാണെന്നും കോണ്‍ഗ്രസിന് വ്യക്തമായ വികസന നയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പ്രചാരണത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ കൊഹിമയിലാണ് രാഹുല്‍ പങ്കെടുക്കുന്ന പ്രചാരണമെങ്കിലും തീയതി തീരുമാനമായിട്ടില്ല.
1964 സെപ്തംബര്‍ ആറിന് സംസ്ഥാനം രൂപവത്കരിച്ചത് മുതല്‍ കോണ്‍ഗ്രസിന്റെ ശ്രമഫലമാണ് ഇക്കാണുന്ന വികസനങ്ങളുണ്ടായതെന്നും ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നയം നാഗാ വിരുദ്ധതയാണും പുസ പറഞ്ഞു.

 

Latest