Connect with us

Ongoing News

അഴിമതി പാര്‍ട്ടികളെ പിന്തുണക്കില്ല ; സങ്കീര്‍ണ സാഹചര്യമുണ്ടായാല്‍ ജനഹിതം തേടും: ആം ആദ്മി

Published

|

Last Updated

തിരുവനന്തപുരം: അധികാരത്തില്‍ വരാന്‍ അഴിമതി പാര്‍ട്ടികളെ പിന്തുണക്കില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം സങ്കീര്‍ണ സാഹചര്യങ്ങളില്‍ ആരെയെങ്കിലും പിന്തുണക്കേണ്ടി വന്നാല്‍ ജനഹിതം തേടി തീരുമാനമെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.
കോണ്‍ഗ്രസും ബി ജെ പിയും അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്നും ഇവരെ പിന്തുണച്ച് അധികാരത്തില്‍ വരില്ലെന്നും എ എ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും അഭിഭാഷകനുമായ പ്രശാന്ത് ഭുഷണ്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ എ എ പിയുടെ 15 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആലപ്പുഴയില്‍ അശ്വതി നായരെ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് മാഫിയകളുടെ കൈയിലെ പാവകളാണ്. റിലയന്‍സിന് വേണ്ടി നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയാണ് ഈ പാര്‍ട്ടികള്‍. എല്ലാ പാര്‍ട്ടികളും റിലയന്‍സിന്റെ കീശയിലാണ്.
കേന്ദ്രത്തില്‍ എന്‍ ഡി എ, യു പി എ, മുന്നണികള്‍ ഭരിച്ചപ്പോഴും കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും മാറ്റമില്ല. പരമ്പരാഗത പാര്‍ട്ടികള്‍ പണവും അധികാരവുമുപയോഗിച്ച് ജാതീയമായും വര്‍ഗപരമായും ധ്രുവീകരിച്ചാണ് അധികാരത്തില്‍ വരുന്നത്. നിലവിലുള്ള ഈ വ്യവസ്ഥിതിയെ മാറ്റാനാണ് എ എ പി ജനവിധി തേടുന്നത്. അഴിമതിയുടെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് രാജ്യം. ജനാധിപത്യം, പോലീസ്, നിയമസംഹിത തുടങ്ങിയവയെല്ലാം പുനഃക്രമീകരിക്കണം. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളും വിഭാഗവും എ എ പിയെ ഒരു പോലെ പിന്തുണച്ചിട്ടുണ്ട്.
നിലവിലുള്ള ജാതിരാഷ്ട്രീയത്തെ തകര്‍ത്താണ് ഡല്‍ഹിയില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത്. സാധാരണക്കാരന് ഗുണം ചെയ്യുന്ന ഏത് ആശയവും പാര്‍ട്ടിയുടെ ആശയമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളും പ്രകടനപത്രിക ഇറക്കുന്നുണ്ടെങ്കിലും നേതാക്കന്‍മാര്‍ അത് വായിക്കാന്‍ പോലും തയാറാകാറില്ല. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി അധികാരത്തില്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest