Connect with us

Ongoing News

സോളാര്‍ കേസ്:സി ബി ഐ അന്വേഷണത്തിന് വി എസ് ഹരജി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ അഴിമതി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും.
വി എസിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ദൈ ഹൈക്കോടതിയില്‍ ഹാജരാകും. സോളാര്‍ കേസില്‍ നേരത്തെ തന്നെ നിയമപോരാട്ടത്തിന് തയ്യാറെടുത്തിരുന്ന വി എസിന് സി പി എം കേന്ദ്ര നേതൃത്വം പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
സരിതാ നായരും ബിജു രാധാകൃഷ്ണനും മുഖ്യ പ്രതികളായ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്. മുമ്പ് ഡല്‍ഹിയിലെത്തിയപ്പോള്‍ സോളാറില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരുമായി വി എസ് ചര്‍ച്ച നടത്തിയിരുന്നു.
മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം സതീശനാണ് ഹരജിക്ക് രൂപം നല്‍കിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും ഓഫീസ് ദുരുപയോഗം ചെയ്തതും അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ അന്വേഷണത്തിന് ഏറെ പോരായ്മകളുണ്ടെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് വി എസ് ആവശ്യപ്പെടുന്നത്. സോളാര്‍ കേസില്‍ എവിടെ നിന്നൊക്കെയാണ് പണം വന്നതെന്നും എവിടേക്കാണ് മാറ്റിയതെന്നും അന്വേഷിക്കണം.
ശ്രീധരന്‍ നായര്‍ പരാതി നല്‍കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ സോളാര്‍ കേസില്‍ മറ്റൊരാള്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഈ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പോലും പോലീസ് തയ്യാറായില്ലെന്നും തെളിവ് നശിപ്പിക്കുന്നതിന് സാവകാശം നല്‍കിയെന്നും ഹരജിയില്‍ ആരോപിക്കും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് സി ബി ഐ കേസ് അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെടുക.

 

Latest