Connect with us

Articles

ക്രിമിയയുടെ ബാക്കിപത്രം

Published

|

Last Updated

പ്രത്യക്ഷ കൊളോണിയലിസത്തിന്റെ കാലം അസ്തമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ക്രിമിയ റഷ്യയുടെ ഭാഗമായിരിക്കുന്നു. ഉക്രൈന്‍ എന്ന മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഒരു ഭാഗം തിരിച്ച് റഷ്യയില്‍ ചെല്ലുന്നതിന് സ്വാഭാവികമായ പരിണതിയുടെ പ്രധാന്യമേ ഉള്ളൂവെന്ന് വഌദമീര്‍ പുടിന്‍ ഉച്ചത്തില്‍ വാദിക്കുന്നുണ്ട്. ഉക്രൈന്‍ പൂര്‍ണമായി റഷ്യയില്‍ ചേരേണ്ടതാണെന്ന ധ്വനി പോലും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. അതതിടങ്ങളിലെ ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അതാണ് നടക്കേണ്ടതെന്ന പ്രസിദ്ധമായ യു എന്‍ നയത്തിന്റെ വക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉക്രൈനിന്റെ കാര്യമെത്തുമ്പോള്‍ മലക്കം മറിയുന്നതും ലോകം കാണുന്നു. റഷ്യക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയും അവിശിഷ്ട ഉക്രൈനിന് സൈനിക സഹായം വാരിക്കോരി നല്‍കിയും പരോക്ഷ അധിനിവേശത്തിന് ശ്രമിക്കുകയാണ് പാശ്ചാത്യര്‍. ഈ രണ്ട് സമീപനങ്ങളുടെയും ആകെത്തുക പുതിയ ഏറ്റുമുട്ടല്‍ മുന്നണി തുറന്നിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ക്രിമിയയില്‍ ഒതുങ്ങുന്നതല്ല വിഷയം.
ലോക മേധാവിത്വമാണ് ഇരു പക്ഷത്തിന്റെയും അടിസ്ഥാന പ്രശ്‌നം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ലോകരാഷ്ട്രീയത്തില്‍ റഷ്യയുടെ ഇടപെടല്‍ പരിമിതമായിരുന്നു. വഌദമീര്‍ പുടിന്റെ ഇത്തവണത്തെ ഊഴം ഈ പതിവ് തെറ്റിച്ചു. ആഗോള രാഷ്ട്രീയം ഏകധ്രുവകമാകുന്നതിനെ അദ്ദേഹം വെല്ലുവിളിച്ചു. തന്ത്രപരമായിരുന്നു നീക്കങ്ങള്‍. സിറിയയിലാണ് പദ്ധതി ഏറ്റവും ഫലപ്രദമായത്. ലിബിയയിലും ഈജിപ്തിലുമെല്ലാം ഇടപെടാന്‍ ശ്രമിച്ചതാണ്. പക്ഷേ വിജയത്തിലെത്തിക്കാനായില്ല. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ സംരക്ഷിച്ച് നിര്‍ത്താനും എണ്ണയുടെ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല നേട്ടങ്ങള്‍ കൊയ്യാനുമായിരുന്നു ശ്രമം. വീറ്റോ അധികാരം തന്നെയായിരുന്നു പ്രധാന മൂലധനം. പക്ഷേ ലിബിയയില്‍ യു എന്നിനെ അവഗണിച്ച് അമേരിക്ക സൈനിക ഇടപെടല്‍ നടത്തുമെന്ന് ഉറപ്പായതോടെ പ്രത്യക്ഷ യുദ്ധത്തിലേക്ക് പോകേണ്ടി വരുമെന്ന ഗതി വന്നു. അതില്‍ റഷ്യക്ക് താത്പര്യമുണ്ടായിരുന്നില്ല. ശീതസമരമാണല്ലോ ചരിത്രം. ശീതസമരത്തില്‍ നിഴല്‍യുദ്ധങ്ങളേ ഉള്ളൂ. ഒടുവില്‍ ഗദ്ദാഫിയെ കൈയൊഴിഞ്ഞു. അദ്ദേഹം അഴുക്കുചാലില്‍ മരിച്ചുകിടന്നു. ഇപ്പോള്‍ ലിബിയയില്‍ അമേരിക്കന്‍ ചേരിക്കാണ് മേധാവിത്വം. ഗദ്ദാഫിയുടെ കാലത്തേ കടന്നുകയറിയ റഷ്യന്‍ കമ്പനികള്‍ അവിടെ ഉണ്ടെങ്കിലും.
സിറിയയില്‍ എത്തുമ്പോള്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അവിടെ ആക്രമണമല്ലാതെ വഴിയില്ലെന്ന് വിജൃംഭിച്ചു നില്‍ക്കുകയായിരുന്നു അമേരിക്ക. ഫ്രാന്‍സിനെപ്പോലുള്ളവര്‍ എടുത്തുചാടുന്ന ഗതി വരെയെത്തി. കൊളോണിയല്‍ കാലത്തെ ഉടമസ്ഥതയുടെ മധുരിക്കുന്ന ഓര്‍മകളിലായിരുന്നു യൂറോപ്പ്. ബശര്‍ അല്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന് തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വിമതര്‍ തന്നെ അത് പ്രയോഗിച്ചുവെന്ന സത്യം കൂടി അംഗീകരിക്കേണ്ടി വന്നതോടെ റഷ്യക്ക് മുന്നില്‍ വഴി എളുപ്പമായി. അസദിനെ എന്ത് വില കൊടുത്തും സംരക്ഷിച്ചു നിര്‍ത്തണമെന്ന പുടിന്റെ ദൃഢനിശ്ചയം വിജയിച്ചു. രാസായുധങ്ങള്‍ പരിശോധനക്ക് തുറന്നുകൊടുക്കാനും നശിപ്പിക്കാനും അസദ് വഴങ്ങി. നാല്‍പ്പത്തിയഞ്ച് ശതമാനവും കടലില്‍ കളഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരം. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിനും ചോരക്കളിക്കും ഒരു മാറ്റവും വന്നില്ലെങ്കിലും സംയുക്ത സൈനിക നടപടിയില്‍ നിന്ന് അസദ് രക്ഷപ്പെട്ടു. ഇത് അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും പരാജയമായും റഷ്യയുടെ വിജയമായും കൊണ്ടാടപ്പെട്ടു. ഇറാനെ പാഠം പഠിപ്പിക്കാന്‍ ഇസ്‌റാഈല്‍ മുറവിളി കൂട്ടുമ്പോഴും അമേരിക്ക അതിന് മുതിരാത്തത് റഷ്യയുടെ കാവല്‍ ടെഹ്‌റാന് ഉള്ളത്‌കൊണ്ടാണ്. ഉത്തര കൊറിയ, വെനിസ്വേല, ക്യൂബ തുടങ്ങി അമേരിക്ക ഇടപെടുന്ന ഏത് മേഖലയിലും ഇന്ന് മറുപക്ഷത്ത് റഷ്യയുണ്ട്.
ഈ സിഥിതിവിശേഷത്തിന്റെ തുടര്‍ച്ചയായി ഉക്രൈന്‍ പ്രതിസന്ധിയെ കാണേണ്ടിയിരിക്കുന്നു. അമേരിക്കന്‍ ഇടപെടലിനെ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ഉക്രൈന്‍ പ്രക്ഷോഭത്തില്‍ വളരെ വൈകി മാത്രം അമേരിക്ക രംഗപ്രവേശം ചെയ്തത്. ഉക്രൈനില്‍ റഷ്യ ഏകപക്ഷീയമായ വിജയം നേടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത്. 2008ല്‍ ജോര്‍ജിയയില്‍ റഷ്യ നേടിയ വിജയത്തേക്കാള്‍ പ്രഹരശക്തിയുള്ളതാകും അതെന്ന് യു എസ് വിശാരദന്‍മാര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നടത്തിയ കരുനീക്കങ്ങളാണ് വിക്ടര്‍ യാനുക്കോവിച്ചിന്റെ പതനത്തില്‍ കലാശിച്ചത്. പക്ഷേ, ക്രിമിയയെ അടര്‍ത്തിയെടുത്തുകൊണ്ട് തിരിച്ചടിക്കാന്‍ റഷ്യക്ക് സാധിച്ചു.
ഈ ഭൗമ രാഷ്ട്രീയത്തില്‍ സമ്പൂര്‍ണ വിജയം ആര്‍ക്കും അവകാശപ്പെടാനാകില്ലെന്ന് വ്യക്തം. ക്രിമയന്‍ ഹിതപരിശോധന തടസ്സപ്പെടുത്താനോ നിയമവിരുദ്ധമെന്ന് മുദ്ര കുത്താനോ പാശ്ചാത്യ ചേരിക്ക് സാധിച്ചില്ല എന്നത് അവരുടെ പരാജയം തന്നെയാണ്. അവര്‍ ഇത്ര കാലം പറഞ്ഞു കൊണ്ടിരുന്ന “ജനഹിതമെന്തോ അതാണ് ശരി”യെന്ന തത്വം തന്നെയാണ് അവര്‍ക്ക് ബാധ്യതയായത്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെയെല്ലാം കാര്യത്തില്‍ പാശ്ചാത്യ ചേരി കൈക്കൊണ്ട സമീപനം അതായിരുന്നു. റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തെ ചെറുക്കാനായി മുജാഹിദുകളെ സഹായിച്ചപ്പോഴും അമേരിക്ക പറഞ്ഞത് ജനഹിതത്തിന്റെ കാര്യമായിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പറയുന്ന അമേരിക്ക മുന്നോട്ട് വെക്കുക ഹിതപരിശോധന തന്നെയായിരിക്കും. ഉക്രൈനില്‍ മാത്രം അതിനെ തള്ളിപ്പറയേണ്ട ഗതികേടിലായി അവര്‍. ക്രിമിയന്‍ ഹിതപരിശോധനാ ഫലം അംഗീകരിക്കാനാകില്ലെന്ന് ബരാക് ഒബാമക്ക് പറയേണ്ടി വന്നു. ഇവിടെ ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. തള്ളാനോ കൊള്ളാനോ പോയില്ല. പാശ്ചാത്യ നിലപാടിന് സമ്പൂര്‍ണ ആഗോള അംഗീകാരമില്ലെന്ന് തന്നെയാണ് അതിനര്‍ഥം.
റഷ്യയുടെ മൂക്കിന്റെ ചുവട്ടില്‍ ചെന്നു നടത്തിയ കളി പ്രശ്‌നത്തെ വഷളാക്കുകയാണ് ചെയ്തതെന്ന അഭിപ്രായം യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ ഒരു വിഭാഗത്തിനുണ്ട്. റഷ്യയെ ജി എട്ടില്‍ നിന്ന് പുറത്താക്കിയതിലും അവര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിലും ഈ രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇന്ധന ഒഴുക്കില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ ആശ്രയിക്കാവുന്നത് റഷ്യയെയാണ്. ഉപരോധം ഈ സാധ്യതയാണ് അടക്കുന്നത്. മാത്രമല്ല, റഷ്യയുമായുള്ള വ്യാപാര ബന്ധം നിര്‍ണായകവുമാണ്. ഈ അതൃപ്തികളുടെ പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സൈനിക ഇടപെടലിന് അമേരിക്ക മടിക്കുന്നത്.
റഷ്യയുടെ നില ഭദ്രമാണോ? അല്ലെന്ന് തന്നെയാണ് അവിടെയും ഉത്തരം. ക്രിമിയയെ ലിയിപ്പിക്കുമ്പോള്‍ നിതാന്തമായ പ്രതിസന്ധികളിലേക്കാണ് അത് സഞ്ചരിക്കുന്നത്. ക്രിമിയ റഷ്യയോട് ചേരട്ടെയെന്ന് വിധിയെഴുതിയത് 96.7 ശതമാനം പേരാണെന്ന് ഓര്‍ക്കണം. 83 ശതമാനം പേരേ വോട്ടെടുപ്പില്‍ പങ്കെടുത്തുള്ളൂവെന്നും. അപ്പോള്‍ ഈ ഹിതം അംഗീകരിക്കാത്ത ഒരു ജനത അവിടെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താര്‍ത്താരി മുസ്‌ലിംകളാണ്. റഷ്യന്‍ വംശജര്‍ വരും മുമ്പേ ഉപദ്വീപില്‍ വന്നവരാണ് അവര്‍. 1940കളില്‍ സ്റ്റാലിന്‍ നടത്തിയ വംശശുദ്ധീകരണ ശ്രമം ഇന്നും അവരുടെ മനസ്സിലുണ്ട്. തലമുറ കൈമാറി ആ ഓര്‍മകള്‍ പച്ചയായി നില്‍ക്കുന്നു. ഉസ്‌ബെക്കിസ്ഥാനിലേക്ക് നാടുകടത്തിയിട്ടും അവശേഷിച്ചവരുടെ പിന്‍മുറക്കാരാണ് ഇന്ന് ക്രിമിയയില്‍ കാണുന്ന താര്‍ത്താരികള്‍. റഷ്യയുടെ ഭാഗമാകുന്നതിന്റെ ദുരിതം അവരേക്കാള്‍ നന്നായി അറിയുന്നവരില്ല. അതുകൊണ്ട് എന്തു തരം ചെറുത്തു നില്‍പ്പാണ് ഈ വിഭാഗത്തില്‍ നിന്ന് ഉണ്ടാകുകയെന്ന് പറയാനാകില്ല. ക്രിമിയന്‍ ലയനത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ റഷ്യയില്‍ തന്നെയുണ്ട്. മസ്‌കവൈറ്റ്‌സ് പോലുള്ള ഈ ഗ്രൂപ്പകളെ ശക്തമായ ഭാഷയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്താനാണ് പുടിന്റെ ശ്രമം. ക്രിമിയ ലയിച്ചതിനെ ആരെങ്കിലും എതിര്‍ത്താല്‍ അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുമെന്നാണ് ഭീഷണി. മിണ്ടിയാല്‍ കാച്ചിക്കളയുമെന്നു തന്നെ. അങ്ങനെ പേടിച്ച് മിണ്ടാതിരിക്കുന്നവരില്‍ രൂപപ്പെടുന്ന അമര്‍ഷം ദീര്‍ഘകാലത്ത് അത്യന്തം മാരകമാകുമെന്നതാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.
ഉപരോധം റഷ്യയെ ഒറ്റപ്പെടുത്തും. വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ മറികടക്കുന്നതിന് ഒരു പരിധിയുണ്ട്. റഷ്യന്‍ പ്രകൃതിവാതകത്തിന്റെ പ്രധാന ഉപഭോക്താക്കളായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതോടെ ശക്തമായ ഒരു ആയുധമാണ് റഷ്യക്ക് നഷ്ടമാകുക. ഇറാന്‍ പോലുള്ള അന്താരാഷ്ട്ര തര്‍ക്കങ്ങളിലെല്ലാം റഷ്യന്‍വിരുദ്ധര്‍ യോജിച്ച ആക്രമണത്തിന് മുതിരുകയും ചെയ്യും. ഉക്രൈന്‍ പ്രശ്‌നം ഉക്രൈനില്‍ നില്‍ക്കില്ലെന്ന് ചുരുക്കം.

musthafalokam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്