Connect with us

Kerala

നെല്ലിയാമ്പതി തോട്ടങ്ങള്‍ വനഭൂമിയെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാരാപ്പാറ എസ്റ്റേറ്റ് കേസിലാണ് സംസ്ഥാന സര്‍ക്കാറിന്റെ സുപ്രധാന നിലപാട്. ഇതോടെ, യു ഡി എഫ് രാഷ്ട്രീയത്തെ പിടിച്ചുലച്ച നെല്ലിയാമ്പതി കേസ് ഒരു ഇടവേളക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാറും സര്‍ക്കാര്‍ ചീഫ് പി സി ജോര്‍ജും തമ്മിലുണ്ടായ തുറന്ന പോരിന് വഴിതുറന്നത് നെല്ലിയാമ്പതി ഭൂമി ഇടപാട് വിവാദമായിരുന്നു. വനം വകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരെ പി സി ജോര്‍ജ് ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു.
വനസംരക്ഷണ നിയമം തോട്ടങ്ങള്‍ക്ക് ബാധകമല്ലെന്നും അതിനാല്‍ തോട്ടങ്ങള്‍ക്കായി എസ്‌റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
1980 ലെ വനസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഭൂമിയാണ് തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നത്. വനസംരക്ഷണ നിയമപ്രകാരം കാപ്പി, തേയില, ഓറഞ്ച് തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നെല്ലിയാമ്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയില്‍ പെടുന്നതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നടത്താന്‍ കഴിയില്ല.
വനഭൂമിയുടെ പട്ടികയില്‍ വരുന്ന തോട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ അനുമതി വേണം. ഇത്തരം തോട്ടങ്ങള്‍ക്ക് കൈവശരേഖ നല്‍കാനാകില്ല. കാരാപ്പാറ എസ്‌റ്റേറ്റിന് കീഴിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം നേരത്തെ കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് കാരാപ്പാറ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കൊടുവില്‍ തോട്ടങ്ങള്‍ വനഭൂമിയല്ലെന്നും അളന്ന് തിരിച്ചു കൈവശക്കാര്‍ക്കു നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. അതുചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്. 1902ലും 1930 ലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്ത് പാട്ടത്തിനു നല്‍കിയ തോട്ടങ്ങളാണു നെല്ലിയാമ്പതിയിലുള്ളത്. 1980 ലെ വനസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഭൂമിയാണ് തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നത്.
നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെങ്കില്‍ എന്തുകൊണ്ട് അതു തിരിച്ചുപിടിച്ചുകൂടെന്ന് നേരത്തെ സുപ്രീംകോടതിയും വാക്കാല്‍ ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇക്കാര്യത്തിലെ ഉറച്ച നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചത്.
അതേസമയം, സത്യവാങ്മൂലത്തെക്കുറിച്ച് പ്രതികരിക്കാന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായില്ല. പഠിച്ച ശേഷം വിശദീകരണം നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പച്ചക്കള്ളമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു.
സര്‍ക്കാറിന്റെ നിലപാട് കര്‍ഷകരോടുള്ള വഞ്ചനയാണ്. പ്രശ്‌നം യു ഡി എഫില്‍ വിശദമായി ചര്‍ച്ച ചെയ്തതായി അറിവില്ല. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുമായി ഇത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്താണെങ്കിലും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജോര്‍ജ് ആവര്‍ത്തിച്ചു.
എന്തായാലും, തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സത്യവാങ്മൂലം യു ഡി എഫില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുമെന്നുറപ്പാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോര്‍ജിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ നെല്ലിയാമ്പതി ആയുധമാക്കി അദ്ദേഹം രംഗത്ത് വരാനിടയുണ്ട്. നെല്ലിയാമ്പതിയെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലാണ് മുന്‍ വനം മന്ത്രി ഗണേഷ് കുമാറിന്റെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

Latest