Connect with us

Kerala

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നവംബര്‍ വരെ കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ 1654 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരള പോലീസിന്റെ ക്രൈം റിക്കോര്‍ഡനുസരിച്ചുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2008ലേതിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നിരട്ടിയിലധികമായിട്ടുണ്ട്.
2008ല്‍ 549ഉം 2009ല്‍ 589ഉം 2010ല്‍ 596ഉം 2011ല്‍ 1452ഉം 2012ല്‍ 1324ഉം കുറ്റകൃത്യങ്ങളാണ് കുട്ടികള്‍ക്കു നേരെ നടന്നത്. 2012 ഒഴിച്ചാല്‍ 2008 മുതലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കൊലപാതകങ്ങളും പീഡനങ്ങളും തട്ടിക്കൊണ്ടുപോകലും അപായപ്പെടുത്തലുകളും ഭ്രൂണഹത്യകളും ആത്മഹത്യാശ്രമങ്ങളും ഉപേക്ഷിക്കലുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയതും ശൈശവ വിവാഹങ്ങളും കുട്ടികള്‍ക്ക് നേരെയുള്ള മറ്റ് ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങളാണ് ഏറ്റവും കൂടുതല്‍. 565 പീഡനങ്ങളാണ് നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം 920 ആണ്. 2012 പോലെ കഴിഞ്ഞ വര്‍ഷവും ഭ്രൂണഹത്യ ഓരോന്നാണുണ്ടായത്.
2012ല്‍ 455 പീഡനങ്ങളും 1324 അതിക്രമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ലും 2013ലും ശിശുഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2012ലേതിനേക്കാള്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം കുറവാണ്. 2012ല്‍ ഇത്തരം 141 സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ 2013ല്‍ നവംബര്‍ വരെ 101 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശൈശവ വിവാഹ നിയമലംഘനത്തിന് ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ആറെണ്ണമായിരുന്നു.
2008 മുതലുള്ള അഞ്ച് വര്‍ഷങ്ങളില്‍ കൊലപാതകങ്ങള്‍ ഏറ്റവുമധികം നടന്നത് 2011ലാണ്; 46 എണ്ണം. ആത്മഹത്യാ ശ്രമത്തിന് നാല് കേസുകളാണ് കഴിഞ്ഞ വര്‍ഷമുള്ളത്. മോഷണം, പിടിച്ചുപറി തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 920 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2012ല്‍ 664ഉം 2011ല്‍ 835ഉം 2010ല്‍ 211ഉം 2009 ല്‍ 206ഉം 2008ല്‍ 181ഉം എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest