Connect with us

International

സിറിയന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

Published

|

Last Updated

ഇസ്തംബൂള്‍/ദമസ്‌കസ്: അതിര്‍ത്തി മേഖലയിലെ വിമത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്ന സിറിയന്‍ യുദ്ധ വിമാനം തുര്‍ക്കി സൈന്യം വെടിവെച്ചു വീഴ്ത്തി. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കസബ് മേഖലയിലാണ് ആക്രമണം നടന്നത്. മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരായ വിമത സൈന്യത്തെ തുരത്തുന്നതിനിടെയാണ് സിറിയന്‍ സൈന്യത്തിന് നേരെ തുര്‍ക്കി അപ്രതീക്ഷിത ആക്രമണം നടത്തിയെതന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ അതിര്‍ത്തി മേഖലയിലെ തുര്‍ക്കി പ്രതിരോധ സേനയും സായുധ സംഘവുമാണെന്ന് സിറിയന്‍ സൈനിക മേധാവികള്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ ഭാഗത്തുനിന്നുള്ള കൈയേറ്റമായും സമാധാന ലംഘനമായും ഈ ആക്രമണത്തെ കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സിറിയന്‍ യുദ്ധവിമാനത്തെ വെടിവെച്ചു വീഴ്ത്തിയ സംഭവത്തെ ന്യായീകരിച്ച് തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തി. അതിര്‍ത്തി ലംഘനം നടത്തിയ സിറിയന്‍ യുദ്ധ വിമാനം തങ്ങളുടെ എഫ് 16 വിമാനം വെടിവെച്ചിട്ടതായും വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ ഇത്തരത്തിലുള്ള ആക്രമണം ഇനിയും ഉണ്ടാകുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി.
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന തുര്‍ക്കി, പാശ്ചാത്യ ശക്തികള്‍ക്കൊപ്പം സിറിയന്‍ വിമതര്‍ക്ക് സഹായവും പിന്തുണയും നല്‍കുന്ന പ്രധാനരാജ്യമാണ്. അതുകൊണ്ടുതന്നെ തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കസബ് മേഖല പിടിച്ചെടുക്കാന്‍ ശക്തമായ ആക്രമണമാണ് വിമതര്‍ നടത്തുന്നത്.
2011 ഒക്‌ടോബറില്‍ അതിര്‍ത്തി ലംഘിച്ച തുര്‍ക്കിയുടെ യുദ്ധ വിമാനം സിറിയന്‍ സൈന്യം വെടിവെച്ച് വീഴ്ത്തിയതോടെയാണ് സൗഹൃദ രാജ്യമായിരുന്ന തുര്‍ക്കി സിറിയക്കെതിരെ തിരിഞ്ഞത്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ച സമയത്ത് തുര്‍ക്കി സ്വീകരിച്ച നിലപാട് സിറിയന്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2011ലെ ആക്രമണത്തിനുള്ള പ്രതികാരമെന്നോണമാണ് സിറിയന്‍ വിമാനത്തിന് നേരെയുള്ള തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം.