Connect with us

Gulf

എല്ലാ പാര്‍ട്ടികളും പ്രവാസികളെ വിസ്മരിക്കുന്നു: കാന്തപുരം

Published

|

Last Updated

ദുബൈ: നാട്ടിലുള്ള എല്ലാ പാര്‍ട്ടികളും പ്രവാസികളെ വിസ്മരിക്കുകയാണെന്ന് സിറാജ് ദിനപത്രം ചെയര്‍മാന്‍ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറാജ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ എല്ലാവര്‍ക്കും വേണം. സ്വന്തം രാഷ്ട്രീയം വളര്‍ത്താനാണ് പ്രവാസികളെ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും കാലത്ത് പ്രാവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയതായി തോന്നിയിട്ടില്ല. ഗള്‍ഫ് നാടുകളില്‍ വന്ന് പിരിവെടുക്കാത്ത ഒരു രാഷ്ട്രീയക്കാരനുമില്ല. വോട്ടവകാശം, വിമാന ടിക്കറ്റ് വര്‍ധന, യാത്രാ ദുരിതം മറ്റ് നിരവധി പ്രശ്‌നങ്ങള്‍ ഒന്നിനും ഒരു പരിഹാരവും ഉണ്ടാക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കോ ഇടതിനോ വലതിനോ സാധിച്ചിട്ടില്ല. പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൊടിയുടെ നിറത്തിന് അതീതമായി യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം.
വര്‍ഷങ്ങളോളം മരുഭൂമിയില്‍ ദുരിതം പേറി മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും മൂന്നും നാലും ഇരട്ടി തുക നല്‍കേണ്ട ഗതികേടിലാണ് പ്രവാസി സമൂഹം. ഇതിനെല്ലാം മാറ്റമുണ്ടായേ പറ്റൂ. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് പ്രവാസികളെ വേണ്ടൂ. പ്രവാസികളുടെ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയ ഒരു നേതാവിനെയും കാണാനായിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹിം മാത്രമാണ് അതിന് അപവാദം. അദ്ദേഹത്തിന്റെ കാലത്ത് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ സാക്ഷാത്ക്കരിക്കാനായില്ല. അപ്പോഴേക്കും മന്ത്രിസഭ വീണു. ദുബൈയില്‍ നിന്ന് ആറ് മണിക്കൂറില്‍ അധികം സഞ്ചരിക്കേണ്ട ലണ്ടനിലേക്ക് 35,000 മുതല്‍ 40,000 രൂപ വരെ മതി പോയി വരാന്‍, എന്നാല്‍ മൂന്നര മണിക്കൂര്‍ സഞ്ചരിക്കേണ്ട കേരളത്തിലേക്ക് വിശേഷ ദിനങ്ങളില്‍ ഇതിന്റെ ഇരട്ടി നല്‍കേണ്ട സ്ഥിതിയാണ്. പെരുന്നാള്‍, ക്രിസ്മസ് തുടങ്ങിയ ആഘോഷ നാളുകൡ നാട്ടില്‍ പോയി വരുന്നവരെല്ലാം ഈ ചൂഷണം അനുഭവിച്ചവരാണ്.
വ്യക്തിഹത്യ ചെയ്യുന്ന ലേഖനങ്ങളും റിപോര്‍ട്ടുകളും കൊടുക്കാന്‍ പാടില്ലെന്നാണ് സിറാജിന്റെ നയം. പരിശുദ്ധ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണിത്. ഒരു വ്യക്തിക്കെതിരെ ആരോപണം വന്നാല്‍ അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തണം. കണ്ടെത്തിയാലും പുറത്തുപറയേണ്ടതാണോയെന്നു ചിന്തിക്കണം. ആണെങ്കില്‍ ആര് പറയണം എപ്പോള്‍ പറയണം എന്നെല്ലാം നോക്കേണ്ടതുണ്ട്. സത്യമല്ലാത്തത് എഴുതുകയും പറയുകയും ചെയ്യുന്ന മാധ്യമങ്ങള്‍ നാടിനോ ജനങ്ങള്‍ക്കോ ഗുണം ചെയ്യില്ല. സത്യമായ കാര്യങ്ങള്‍ ധാരാളം എഴുതാനുണ്ടെന്ന് ഈ മധ്യമങ്ങള്‍ ഓര്‍ക്കണം. സുന്നീ പ്രസ്ഥാനം നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിച്ചതായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഈ ഗണത്തില്‍പ്പെട്ടവയാണ്. പച്ചകള്ളമാണ് ഇത്തരം മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇത് ആശാസ്യമല്ലെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
കെ എം അബ്ബാസ് മോഡറേറ്ററായിരുന്നു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ആമുഖം അവതരിപ്പിച്ചു. ഡോ. മുഹമ്മദ് ഖാസിം, എം ജി പുഷ്പാകരന്‍, പുന്നക്കന്‍ മുഹമ്മദലി, നാരായണന്‍ വെളിയംകോട്, എല്‍വിസ് ചുമ്മാര്‍, സനീഷ് നമ്പ്യാര്‍, സ്വാദിഖലി, ഹരികുമാര്‍, എം സി എ നാസര്‍, ശരീഫ് കാരശ്ശേരി പങ്കെടുത്തു.

Latest