Connect with us

Kerala

ഹജ്ജ്: മൊത്തം 56,088 അപേക്ഷകര്‍

Published

|

Last Updated

hajjകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി ഇന്നലെ പൂര്‍ത്തിയായതോടെ മൊത്തം അപേക്ഷകര്‍ 35 കുട്ടികള്‍ ഉള്‍പ്പടെ 56,088. ഇവരില്‍ 2,209 പേര്‍ 70 വയസ്സ് പൂര്‍ത്തിയായ റിസര്‍വ് കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ടവരും 7,696 പേര്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ച റിസര്‍വ് ബി വിഭാഗത്തില്‍പ്പെട്ടവരും ബാക്കിയുള്ള 46,148 പേര്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
സംസ്ഥാനത്ത് ഹജ്ജ് അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായതോടെ നറുക്കെടുപ്പ് നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് ഒരാഴ്ച നേരത്തെയാക്കി ഏപ്രില്‍ 19നു നടത്തണമെന്ന് സംസ്ഥാനം കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച് ഈ ദിവസം തന്നെ നറുക്കെടുപ്പ് നടത്തുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഹജ്ജ് സംബന്ധമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരിക്കുകയാണ്. മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള കെട്ടിട പരിശോധനക്കുള്ള പ്രതിനിധി സംഘം ഇതുവരെ പുറപ്പെട്ടിട്ടില്ല. സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ ഈ സംഘം പരിശോധന കഴിഞ്ഞെത്തി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വിശുദ്ധ നഗരങ്ങളിലെത്തി കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കുക. 12 പേര്‍ക്ക് ഒരു ബാത്ത് റൂം, 30 പേര്‍ക്ക് ഒരു അടുക്കള, എയര്‍ കണ്ടീഷന്‍ തുടങ്ങിയ സംവിധാനമുള്ള കെട്ടിടമാണ് കേരളം ആവശ്യപ്പെടുന്നത്. പ്രതിനിധി സംഘത്തിന്റെ യാത്ര വൈകുംതോറും ഹറമിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ നഷ്ടപ്പെടുകയായിരിക്കും ഫലം. ഇന്ത്യ കെട്ടിടങ്ങള്‍ ബുക്ക് ചെയ്യാനെത്തുമ്പോഴേക്ക് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഹറമിനോട് ചേര്‍ന്നതും മെച്ചപ്പെട്ടതുമായ കെട്ടിടങ്ങള്‍ ഏറ്റെടുത്തിരിക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിനു ഏപ്രില്‍ മധ്യത്തിലേ പുറപ്പെടാനാകൂ.
ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ച എല്ലാ കവറുകളിലെയും മുഖ്യ അപേക്ഷകന് കവര്‍ നമ്പറുകള്‍ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ അയച്ചതായി ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. 2011,12,13 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ച് നറുക്കെടുപ്പില്‍ അവസരം ലഭിക്കാതെ ഈ വര്‍ഷം വീണ്ടും അപേക്ഷിച്ചവര്‍ക്കും റിസര്‍വ് എ(70 വയസ്സ്) വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ക്കും അവരുടെ കവര്‍ നമ്പറിന്റെ മുന്നില്‍ കെ എല്‍ ആര്‍ എന്ന കോഡ് ഉണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് കവര്‍ നമ്പറിന്റെ മുന്നില്‍ കെ എല്‍ എഫ് എന്ന കോഡാണ് ഉണ്ടാകുക. ഹജ്ജ് അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച കവര്‍ നമ്പറുകളുടെ കോഡ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. കവര്‍ നമ്പര്‍ ലഭിക്കാത്തവരും അപേക്ഷയില്‍ നിന്ന് വ്യത്യസ്തമായതോ അപൂര്‍ണമായതോ ആയ വിവരം രേഖപ്പെടുത്തിയ കത്ത് ലഭിച്ചവരും ഏപ്രില്‍ അഞ്ചിനകം അവരുടെ ഹജ്ജ് അപേക്ഷയുടെ ഫോട്ടോ കോപ്പി, പണമടച്ച രശീതി, പാസ്‌പോര്‍ട്ട് ഫോട്ടോ കോപ്പി, തപാല്‍ രശീതി എന്നിവ സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള പരാതികള്‍ പരിഗണിക്കുന്നതല്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഇത്തവണയും കേരളത്തില്‍ നിന്നാകയാല്‍ ക്വാട്ട കൂട്ടണമെന്നും അല്ലാത്ത പക്ഷം മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ കേരളത്തിനു നല്‍കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ ശക്തമായി ആവശ്യപ്പെടും.

Latest