Connect with us

Ongoing News

സുനില്‍ ഗവാസ്‌കറെ ബി സി സി ഐ അധ്യക്ഷനാക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സുനില്‍ ഗവാസ്‌കറെ ബി സി സി ഐ ഇടക്കാല അധ്യക്ഷനായി നിയമിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. അധ്യക്ഷ പദവി ഒഴിയില്ലെന്നും എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കാന്‍ സന്നദ്ധനാണെന്നും എന്‍ ശ്രീനിവാസന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. വാതുവെപ്പില്‍ ആരോപണ വിധേയരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ ഐ പി എല്‍ ഏഴാം സീസണില്‍ നിന്ന് പുറത്താക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സുമായി അടുപ്പമുള്ള ബി സി സി ഐയിലെ എല്ലാ അംഗങ്ങളെയും പുറത്താക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ത്യാ സിമന്റ്‌സ് ജീവനക്കാര്‍ ടീമുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ സ്ഥാനത്ത് പരിചയ സമ്പന്നനായ ഗവാസ്‌കറെ ബി സി സി ഐ അധ്യക്ഷ പദവിയിലേക്ക് കോടതി നിര്‍ദേശിക്കുകയാണെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്ക് വിചാരണ വേളയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ സ്വതന്ത്രമായ അന്വേഷണം നടക്കണമെങ്കില്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. രാജിവെക്കുന്നില്ലെങ്കില്‍ ഉത്തരവിലൂടെ പുറത്താക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ സി ഇ ഒയുമായ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ബി സി സി ഐ കോടതിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ബി സി സി ഐ ആവശ്യപ്പെട്ടു. ഇന്നലെയാണ് വാതുവെപ്പ് കേസില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
അതേസമയം, ഐ പി എല്‍ ഏഴാം സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബിയില്‍ ഇന്നലെ ബി സി സി ഐ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. ബി സി സി ഐക്കെതിരെയും ഐ പി എല്ലിനെതിരെയും സുപ്രീം കോടതി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം മാറ്റിയത്. പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഐ പി എല്‍ മത്സരത്തിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മാച്ചിന്റെ പ്രാഥമിക മത്സരങ്ങള്‍ യു എ ഇയില്‍ നടത്താന്‍ തീരുമാനിച്ചത്.

Latest