Connect with us

National

ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കി. ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാമേറില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ജസ്വന്ത് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്. വിമത സ്വരമുയര്‍ത്തിയപ്പോള്‍ തന്നെ ജസ്വന്തിനെ പുറത്താക്കുമെന്ന് സൂചനയുണ്ടായിരുന്നു. എങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വരെ കാക്കാന്‍ കേന്ദ്ര നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കുന്നത്. നേരത്തെ മുഹമ്മദലി ജിന്നയെ അനുകൂലിച്ച് പുസ്തകമെഴുതിയതിനെ തുടര്‍ന്ന് ജസ്വന്തിനെ പുറത്താക്കിയിരുന്നു. അന്ന് അഡ്വാനിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് സാധ്യമായത്. പാര്‍ട്ടിയില്‍ അഡ്വാനിയുടെ വിശ്വസ്തനാണ് ജസ്വന്ത് സിംഗ്. വാജ്‌പെയ് മന്ത്രിസഭയില്‍ വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Latest