Connect with us

Kerala

പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍; നാളെ മുതല്‍ അധിക ഭാരം

Published

|

Last Updated

തിരുവനന്തപുരം: പുതിയ നികുതി നിര്‍ദേശങ്ങള്‍ നാളെ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു. അവശ്യസാധനങ്ങള്‍ക്ക് നേരിട്ട് പുതിയ നികുതി നിര്‍ദേശങ്ങളില്ലെങ്കിലും, ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരമടക്കമുള്ളവ വിപണിയില്‍ പ്രതിഫലനമുണ്ടാക്കും. കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വരുമാനവര്‍ധനവ് ലക്ഷ്യമിട്ട് ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അതേസമയം, കാറുകളുടെ എക്‌സൈസ് തീരുവ കേന്ദ്ര ബജറ്റില്‍ കുറച്ച സാഹചര്യത്തില്‍ വാഹന വിപണിയില്‍ വിലക്കുറവ് അനുഭവപ്പെടും. വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയും ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തിയതും യാത്രാച്ചെലവ് വര്‍ധിക്കാനും ഇടയാക്കും.
തുണിത്തരങ്ങള്‍, വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകള്‍, യു പി എസ്, ഇന്‍വര്‍ട്ടര്‍, അലൂമിനിയം കോമ്പസിറ്റ് പാനലുകള്‍ തുടങ്ങിയവയാണ് നേരിട്ടുള്ള നികുതി പരിഷ്‌കാരത്തില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍. വെളിച്ചെണ്ണക്ക് വില ഉയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷ്യ എണ്ണകളാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. ഇവക്ക് നാല് ശതമാനം നികുതി വരുന്നതോടെ വില വന്‍ തോതില്‍ ഉയരും. ഒരു കോടിക്ക് മുകളില്‍ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വസ്ത്രമെടുക്കുന്നവരില്‍ നിന്ന് രണ്ട് ശതമാനം നികുതി ഈടാക്കും. നൂറ് കോടി രൂപയാണ് ഇതിലൂടെ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്.
നിര്‍മാണ മേഖലയിലും രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെക്കുന്ന നികുതിനിര്‍ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ക്രഷര്‍ ഉത്പന്നങ്ങള്‍, എം സാന്‍ഡ് എന്നിവക്കെല്ലാം വില കൂടും. വിദേശ മദ്യം, ആഡംബര ബസുകളുടെ നിരക്ക്, ആഡംബര ബൈക്കുകള്‍, കാറുകള്‍, കാരവാന്‍/ക്യാമ്പര്‍, ജനറേറ്റര്‍ വാനുകള്‍, മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍, ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്ന റെസ്‌റ്റോറന്റുകളിലെ ഭക്ഷണം, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലെ മുറികള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ സേവനം എന്നിവക്കും ചെലവേറും. ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള ബൈക്കുകളുടെ നികുതി പത്ത് ശതമാനവും ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ നികുതി 22 ശതമാനമായുമാണ് വര്‍ധിക്കുന്നത്.
റവന്യൂ വകുപ്പ് പിരിക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. 17 വര്‍ഷത്തിന് ശേഷമാണ് ഈ രംഗത്തെ നികുതി വര്‍ധന. 1076 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകള്‍ക്കും 535 ചതുരശ്ര അടിക്ക് മുകളിലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ പരിധിക്ക് താഴെയുള്ള കെട്ടിടങ്ങളെയും കോഴി, കന്നുകാലി, പന്നി ഫാമുകള്‍ എന്നിവയെ പൂര്‍ണ നികുതിവിമുക്തമാക്കിയിട്ടുണ്ട്. 70 കോടി രൂപയുടെ വരുമാനമാണ് ഇതില്‍ നിന്ന് മാത്രം പ്രതീക്ഷിക്കുന്നത്.
പഞ്ചായത്തുകളില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനം ഉയര്‍ത്തിയതും ഇടത്തരക്കാര്‍ക്ക് തിരിച്ചടിയാകും. ഗതാഗത മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്ന നികുതി നിര്‍ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ചരക്ക് വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഈടാക്കും. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണിത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അവശ്യസാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ ഈ നിര്‍ദേശം വലിയ തോതിലുള്ള വിലക്കയറ്റത്തിന് വഴി വെക്കും. 116 കോടി രൂപയുടെ വരുമാനമാണ് ഈ രംഗത്തെ പരിഷ്‌കാരത്തിലൂടെ പ്രതീക്ഷിക്കുന്നത്.
ഒറ്റത്തവണ നികുതിയടച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ രണ്ട് വര്‍ഷത്തേക്ക് നികുതി ഈടാക്കിയിരുന്ന സമ്പ്രദായവും ഇനിയുണ്ടാകില്ല. അഞ്ച് വര്‍ഷത്തേക്ക് തന്നെ ഇനി മുതല്‍ നികുതി അടക്കണം. ബൈക്കുകള്‍ ഉള്‍പ്പെടെ എല്ലാ തരം വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.
അതേസമേയം, കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, ബൈക്ക്, സ്‌കൂട്ടര്‍, വാണിജ്യ വാഹനങ്ങള്‍, ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണുകള്‍, അരി, സോപ്പ്, ടി വി, ഫ്രിഡ്ജ് , വാഷിംഗ ്‌മെഷീന്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവക്കെല്ലാം കേന്ദ്ര ബജറ്റില്‍ നികുതി കുറച്ചിട്ടുണ്ട്. കേക്കുകള്‍, ഹല്‍വ, മിക്ചര്‍, ലഡ്ഡു, ജിലേബി, മൈദ, ഗോതമ്പ്‌പൊടി, ഉഴുന്നുപൊടി, സോയാബീന്‍ എണ്ണ, എല്‍ ഇ ഡി ലാമ്പുകള്‍, ആയൂര്‍വേദ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, പേപ്പര്‍ കപ്പുകള്‍, തവിടെണ്ണ, റബ്ബര്‍ സ്‌പ്രേ ഓയില്‍, സൈനിക, പോലീസ് കാന്റീനുകളിലെ സാധനങ്ങള്‍ തുടങ്ങിയവക്ക് സംസ്ഥാന ബജറ്റിലും നികുതി കുറച്ചിട്ടുണ്ട്.
എ ടി എം മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ക്ക് 2500 രൂപയും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലമുടമകളുമായി ഉണ്ടാക്കുന്ന കരാറുകള്‍ക്ക് 5000 രൂപയും ഇനി മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. ചിട്ടികളുടെയും കുറികളുടെയും വരിയോലകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിക്കും. കമ്പനികളുടെ മെമ്മോറണ്ടം ഓഫ് അസോസിയേഷന് മുദ്രവില 500 രൂപ നല്‍കണം.