Connect with us

Ongoing News

കളിയല്ല ജീവന്‍; കങ്കാവ താരമായി

Published

|

Last Updated

10153085_657033117678882_69232796_nകീവ്: ഉക്രൈന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഡിനാമോ കീവും നിപ്രോയും തമ്മിലുള്ള മത്സരം ശ്രദ്ധേയമായത് ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍. കൂട്ടിയിടിച്ച് മരണാസന്നനായ ഡിനാമോ കീവ് ക്യാപ്റ്റന്‍ ഒലെഗ് ഗുസെവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നിപ്രോ മിഡ്ഫീല്‍ഡര്‍ ജാബ കങ്കാവയുടെ അവസരോചിത ഇടപെടല്‍. ബോക്‌സിനുള്ളില്‍ നിപ്രോ ഗോളി ഡെനിസ് ബൊയ്‌കോയുമായി വായുവില്‍ കൂട്ടിയിടിച്ച് നിലംപതിച്ച ഗുസെവ് ബോധരഹിതനായി.
തൊട്ടരികിലുണ്ടായിരുന്ന കങ്കാവ ഗുസെവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അപ്പോഴാണ് നാക്ക് ഉള്ളിലേക്ക് വലിഞ്ഞു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വായില്‍ കൈയ്യിട്ട് കങ്കാവ നാക്ക് പിടിച്ച് വലിച്ചു. ഇത് ഗുസെവിന്റെ ജീവന്‍ രക്ഷിച്ചുവെന്ന് മെഡിക്കല്‍ സംഘം ചൂണ്ടിക്കാട്ടി. നാക്ക് പൂര്‍ണമായും ഉള്ളിലേക്ക് ഇറങ്ങിപ്പോയാല്‍ ശ്വാസം ലഭിക്കാതെ മരണം സംഭവിക്കുമായിരുന്നു.
ഗുസെവിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 22 ാം മിനുട്ടിലായിരുന്നു സംഭവം. മത്സരം 2-0ന് കങ്കാവയുടെ ടീമായ നിപ്രോ ജയിച്ചു. തോല്‍വിയുടെ നിരാശ ഡിനാമോ കീവ് താരങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല.
കങ്കാവയുടെ ജീവന്‍രക്ഷാപ്രവര്‍ത്തനത്തനം മാത്രമായിരുന്നു അവരുടെ മനസ്സില്‍. മത്സരശേഷം കങ്കാവയോട് നന്ദി പറയാന്‍ മത്സരിക്കുകയായിരുന്നു ഡിനാമോ താരങ്ങല്‍. സഹതാരങ്ങളും ഒഫിഷ്യലുകളും കങ്കാവയെ അഭിനന്ദിച്ചു.
ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായി ഈ സംഭവം. സമാന സംഭവങ്ങള്‍ നേരത്തെയും ഗ്രൗണ്ടില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, മെഡിക്കല്‍ സംഘത്തിന്റെ ഇടപെടലായിരുന്നു അപ്പോഴെല്ലാം രക്ഷയായത്.

Latest