Connect with us

Articles

ധനകാര്യം അഥവാ രാഷ്ട്രീയ മരണം

Published

|

Last Updated

പോളിംഗ് പൂര്‍ത്തിയാകാനും വോട്ടെണ്ണല്‍ അവസാനിക്കാനും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും അടുത്ത കേന്ദ്ര സര്‍ക്കാറിലെ ധനകാര്യമന്ത്രി ആരായിരിക്കും എന്ന മില്യണ്‍ ഡോളര്‍ ചോദ്യം കോര്‍പ്പറേറ്റുകള്‍ ഉയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. ബ്യൂറോക്രാറ്റുകളും സാമ്പത്തികവിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും കോര്‍പ്പറേറ്റുകളുടെ ഈ ചോദ്യത്തിന് ഉത്തരം തിരഞ്ഞ് നടക്കാനും തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍, 7 റേസ് കോഴ്‌സ് റോഡിലാരായിരിക്കും (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) താമസിക്കുന്നത് എന്നറിയുന്നതിനേക്കാളും ആകാംക്ഷ ധന മന്ത്രി ആരായിരിക്കും എന്നതിലാണെന്ന് പൂജ മെഹ്‌റ ദ ഹിന്ദുവില്‍(2014 മാര്‍ച്ച് 24) കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി. വളര്‍ച്ചയും വികസനവും മുഖ്യ മുദ്രാവാക്യമായി ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ സൗകര്യപൂര്‍വം പ്രചരിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍, ധനമന്ത്രിയുടെ കുപ്പായവും തുന്നിച്ച് തയാറായിരിക്കുന്നവര്‍ ചിലരുണ്ടെന്നാണ് പത്രങ്ങള്‍ എഴുതുന്നത്. കഴിഞ്ഞ ദശകത്തിലൊരിക്കലും ഉണ്ടാകാത്ത രീതിയില്‍ അഞ്ച് ശതമാനത്തിലും താഴെയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. അതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കാന്‍ പുതു “ധനവാള”ന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തരം കണക്കുകുട്ടലൊക്കെയും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയായതാണ് മുന്‍കാല കഥകള്‍.

ബി ജെ പിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍, പ്രത്യേകം ധനകാര്യ മന്ത്രിയുടെ ആവശ്യം തന്നെയില്ലെന്നും ചായക്കടക്കാരന്‍ തന്നെ ചായയും അടിച്ചുണ്ടാക്കുമെന്നുമുള്ള നിരീക്ഷണം വന്നുകഴിഞ്ഞു. ഗുജറാത്തിലെ വന്‍ വികസനം ഫേസ്ബുക്കിലും മറ്റും ഒരു തമാശയായിക്കഴിഞ്ഞെങ്കിലും കോര്‍പ്പറേറ്റുകളുടെ ഈ ഇഷ്ടതോഴനെ അങ്ങനെയൊന്നും മാധ്യമങ്ങള്‍ താഴെയിടുമെന്നു തോന്നുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഐ കെ ഗുജ്‌റാളും ഡോ. മന്‍മോഹന്‍ സിംഗും ചില അവസരങ്ങളില്‍ പ്രധാനമന്ത്രി + ധനകാര്യമന്ത്രി എന്ന ഇരട്ടപ്പദവിയിലിരുന്നിട്ടുണ്ടെന്ന ചരിത്രം മോദിയും ആവര്‍ത്തിക്കുമെന്നാണ് ഭക്തര്‍ പറയുന്നത്. മോദി മറ്റാരെയെങ്കിലും ധനകാര്യമന്ത്രിയാകാന്‍ കനിഞ്ഞനുവദിക്കുകയാണെങ്കില്‍ മുന്‍ വാണിജ്യ/വ്യവസായ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ ടെലകോം മന്ത്രി അരുണ്‍ ഷൂറിയുമാണ് മുന്നിലോടുന്നത് എന്നാണ് നിരീക്ഷണം. വിവിധ കോര്‍പ്പറേറ്റുകളുമായി ഇവര്‍ രണ്ട് പേരും അടഞ്ഞ വാതിലുകള്‍ക്കകത്ത് ചര്‍ച്ചകള്‍ നടത്തിയതായി ഡല്‍ഹിയിലും മുംബൈയിലുമുള്ള പിങ്ക് പത്ര പാപ്പരാസികള്‍ ഇതിനകം പുറത്തു കൊണ്ടുവന്നിട്ടുണ്ട്(!). അടുത്ത തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, പാര്‍ലിമെന്റ് അംഗീകാരത്തിന്റെ നൂലാമാലകള്‍ ഇല്ലാതെ നടപ്പിലാക്കാനുള്ള സൂത്രവിദ്യകളും കൗശലങ്ങളും വാചാടോപങ്ങളും കൈവശമുള്ളവരാണിവര്‍ എന്നതും കാണാതിരുന്നു കൂടാ. ഷൂറി, ന്യൂയോര്‍ക്കിലെ സിറാക്യൂസ് സര്‍വകലാശാലയില്‍ നിന്ന് എക്കണോമിക്‌സ് ഡോക്ടറേറ്റ് എടുക്കുകയും ലോക ബേങ്കില്‍ എക്കണോമിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച് ഡി എടുത്തിട്ടുള്ള ഡോ. സുബ്രഹ്മണ്യ സ്വാമിയും ഇപ്പോള്‍ ബി ജെ പിയിലുണ്ടെന്ന കാര്യം മറക്കേണ്ട. എന്നാല്‍ ഈ സാമിയെ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെന്ന് കരുതാനാകില്ല. ബീഹാര്‍ ധനകാര്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോഡി, കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറായ ജഗ്ദീഷ് എന്‍ ഭഗവതി, ഏഷ്യന്‍ ഡവലപ്‌മെന്റ് ബേങ്കിലെ ചീഫ് എക്കണോമിസ്റ്റായിരുന്ന അരവിന്ദ് പനഗാരിയ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്.
പ്രധാനമന്ത്രിപദവിയിലെത്താന്‍ സാധ്യതയുള്ള പ്രാദേശിക പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവും നിതീഷ് കുമാറും ജയലളിതയും മറ്റും അവരുടെ ധനമന്ത്രി സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചതായി കണ്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അവര്‍ തന്നെ കരുതാത്തതു കൊണ്ട് അവര്‍ക്ക് ആ സ്ഥാനത്തേക്ക് ആര് വരുമെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടതില്ല. എന്നാല്‍, നിലവില്‍ ഗ്രാമ വികസന മന്ത്രിയായ ജയറാം രമേഷിനെ ധനകാര്യമന്ത്രിയാക്കണമെന്ന പാര്‍ട്ടിയിലെ ധാരണ രാഹുല്‍ ഗാന്ധി അംഗീകരിക്കാന്‍ സാധ്യതയില്ലത്രേ. അദ്ദേഹത്തിനിഷ്ടം, ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ നന്ദന്‍ നിലേകനിയെ ആണ്. കോര്‍പ്പറേറ്റുകള്‍ക്ക് ഏറ്റവും പഥ്യമായ ഒരു തീരുമാനമായിരിക്കും ഇത് എന്നതില്‍ സംശയമേതുമില്ല. സര്‍ക്കാര്‍ ഒന്നിനും കൊള്ളില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആധാര്‍ പോലുള്ള ഒരു മര്‍ദനാധികാര പദ്ധതി നടപ്പിലാക്കിയതിന്റെ അഹങ്കാരത്തിലാണ് നന്ദന്‍ നിലേകനി നില്‍ക്കുന്നതെന്നതാണ് കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുന്നത്. മാത്രമല്ല, അദ്ദേഹം തന്നെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ(ഇന്‍ഫോസിസ്) ഉടമകളിലൊരാളാണല്ലോ. ഡോളര്‍ ജനാധിപത്യത്തിന്റെ വക്താവാണ് നന്ദന്‍ നിലേക്കനി എന്ന് 2005ല്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഇന്നത്തെ പഴഞ്ചന്‍ (ആം ആദ്മി) ജനാധിപത്യത്തിനു പകരം, ഒരു രൂപക്ക് ഒരു വോട്ട് എന്ന മാനദണ്ഡം നടപ്പിലാക്കണമെന്നാണ് ഡോളര്‍ ജനാധിപത്യത്തിന്റെ തത്വം. അതായത്, നന്ദന്‍ നിലേകനിക്ക് 800 കോടി വോട്ടുകള്‍ ലഭിക്കുമെന്ന് സാരം. ഗ്രാമങ്ങളെ വികസിപ്പിക്കുക എന്ന മുദ്രാവാക്യം ഒഴിവാക്കി നഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും നിലേകനി പറയുന്നു. ഇന്ത്യയെ മനസ്സിലാക്കാന്‍ ഗ്രാമങ്ങളിലേക്ക് പോകൂ എന്നാഹ്വാനം ചെയ്ത മഹാത്മാ ഗാന്ധിയുടെ യഥാര്‍ഥ പിന്‍ഗാമി തന്നെ! ആ പ്രസംഗം മുഴുവന്‍ വിവരിക്കാന്‍ തുനിഞ്ഞാല്‍ സ്ഥലവും സമയവും ഏറെ ചെലവാക്കേണ്ടി വരുമെന്നതിനാല്‍ അതിന് മുതിരുന്നില്ല.

എന്നാല്‍, ഇന്ത്യയില്‍ ഉദാരവത്കരണം നടപ്പിലാക്കാന്‍ തുടങ്ങിയ 1990നു ശേഷം ഇന്ത്യയില്‍ ധനമന്ത്രിയായിരുന്നവരുടെ ഈ തിരഞ്ഞെടുപ്പിലെ ഗതി എന്താണ് എന്ന് ഇത്രയൊക്കെയായിട്ടും ആരും അന്വേഷിക്കുകയോ തുറന്നെഴുതുകയോ ചെയ്യുന്നില്ല എന്നത് കൗതുകകരമായിരിക്കുന്നു. യശ്വന്ത് സിന്‍ഹ, ഡോ. മന്‍മോഹന്‍ സിംഗ്, ജസ്വന്ത് സിംഗ്, പി ചിദംബരം, ഐ കെ ഗുജ്‌റാള്‍, പ്രണാബ് കുമാര്‍ മുഖര്‍ജി എന്നിവരാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം കാലം ഇന്ത്യയുടെ ധനകാര്യമന്ത്രിമാരായിരുന്നിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍, 1990 നവംബര്‍ 10ന് സ്ഥാനമൊഴിഞ്ഞ വി പി സിംഗ് സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന മധു ദന്തവദൈക്കു ശേഷം മാറി മാറി ധനകാര്യം കൈകാര്യം ചെയ്ത മഹാത്മാക്കളാണ് ഇവര്‍. ഇവരില്‍ ഐ കെ ഗുജ്‌റാള്‍ മരിച്ചു പോയി. പ്രണാബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിത്തീരുകയും ചെയ്തു. മറ്റുള്ളവര്‍ ഒക്കെയും ഇപ്പോഴുമുണ്ടെന്നു മാത്രമല്ല, ആരും രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ ഈ നാല് വീരകേസരികള്‍ക്കും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നതാണ് ഭീകരമായ യാഥാര്‍ഥ്യം. ചിലരെ അവരവരുടെ പാര്‍ട്ടി നിരാകരിച്ചു. മറ്റുള്ളവര്‍ സ്വയം മാറി നിന്നു. എന്താണ് അര്‍ഥം? ഇവരിലാരും ജയിക്കാനുള്ള സാധ്യതയില്ല, അതു തന്നെ. ജയിക്കുന്നത് പോയിട്ട് കെട്ടി വെച്ച കാശെങ്കിലും തിരിച്ചു കിട്ടാവുന്ന ഒരു മണ്ഡലം പോലും ചിദംബരത്തിനും മന്‍മോഹന്‍ സിംഗിനുമില്ല. ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കുന്നുണ്ടെന്നത് മാത്രമാണ് ഒരപവാദം. അതും വെറുതെയായിപ്പോകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

120 കോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന തീരുമാനങ്ങളൊക്കെയും കൈക്കൊണ്ട് ഇന്ത്യക്കാരെ മുഴുവനും ദുരിതത്തിലാറാടിച്ചതു കൊണ്ടാണ് ഈ ധനകാര്യ പുംഗവന്മാര്‍ കൂട്ടത്തോടെ നിരാകരിക്കപ്പെട്ടതെന്ന യാഥാര്‍ഥ്യം ആരും തുറന്നു പറയാത്തതെന്ത്? എല്ലാവരുടെയും വായകളും പേനകളും കീ ബോര്‍ഡുകളും കോര്‍പ്പറേറ്റുകള്‍ കൈയടക്കിയതുകൊണ്ടു തന്നെയായിരിക്കണം അത് മൂടിവെക്കപ്പെടുന്നത്. രണ്ടാം യു പി എ ഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ആകെ നികുതിയിളവ് 23.84 ലക്ഷം കോടി രൂപയാണെന്നത് പുറത്തു വന്ന വാര്‍ത്തയാണ്. ഇക്കാലയളവില്‍, ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപം പതിനായിരം കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എഴുപത് പേരുടെ ആകെ സ്വത്ത് 24 ലക്ഷം കോടി രൂപയാണ്. നിലേകനിയുടെ കണക്കനുസരിച്ച് ഇവരുടെ വോട്ടവകാശം 24 ലക്ഷം കോടി എണ്ണം വരും. ഗ്രാമീണ ദരിദ്രരായ എണ്‍പത് ശതമാനം പേരുടെ പ്രതിദിനച്ചെലവ് കേവലം അമ്പത് രൂപ മാത്രമാണ്. അവര്‍ക്ക് ഒരു വോട്ട് പോലും ലഭിക്കാന്‍ അര്‍ഹതയില്ലെന്നു ചുരുക്കം. വിലക്കയറ്റം നിര്‍വചനാതീതവും പ്രവചനാതീതവുമായ തരത്തില്‍ എത്രയോ മടങ്ങായി സംഭവിച്ചിരിക്കുന്നു. സാമ്പത്തിക കണക്കുകള്‍ അങ്ങനെ പോകുന്നു. സ്വതന്ത്ര ഇന്ത്യയുടെ യഥാര്‍ഥ ചിത്രം ഇതാണ്. ഇത് സംഭവിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ ആഗോളവത്കരണ നയങ്ങളാണെന്നതില്‍ യാതൊരു സംശയവുമില്ല. അതിനുത്തരവാദികളായവരും ചുക്കാന്‍ പിടിച്ചവരുമായ ധനകാര്യമന്ത്രിമാരാണ് ആര്‍ക്കും വേണ്ടാതെ സ്ഥാനാര്‍ഥിപ്പട്ടികകളുടെ ഓരങ്ങളിലുള്ള ചവറ്റുകുട്ടകളില്‍ എറിയപ്പെട്ടത്. ചുരുക്കത്തില്‍, ജനവിരുദ്ധ നയങ്ങള്‍ തുടരെത്തുടരെ നടപ്പിലാക്കിക്കൊണ്ടിരുന്ന ധനകാര്യ മന്ത്രിപദം എന്നത് പില്‍ക്കാലത്തെ രാഷ്ട്രീയ മരണത്തിനുള്ള വാറണ്ടാണ് എന്ന സത്യം ആ പദവി കൊതിച്ചു നടക്കുന്നവരും അതിലേക്ക് ചിലരെ കയറ്റിയിരുത്താന്‍ വെമ്പല്‍ കൊള്ളുന്നവരും മനസ്സിലാക്കിയാല്‍ നന്ന്. ഈ കൂട്ടമരണം ഒഴിവാക്കാനുള്ള പോംവഴി, ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരമുള്ള ചില കാര്യങ്ങളെങ്കിലും നടപ്പാക്കുക എന്നതു മാത്രമായിരിക്കും. അതിന് ഇനിയുള്ള കാലത്തെ ധനകാര്യ മന്ത്രിമാരും അവരുടെ തലതൊട്ടപ്പന്മാരും തുനിയുമോ എന്നതാണ് വില കൂടിയ ചോദ്യം.

---- facebook comment plugin here -----

Latest