Connect with us

Ongoing News

Published

|

Last Updated

ന്യൂഡല്‍ഹി: തലേദിവസം രാത്രിയും കോണ്‍ഗ്രസിന് വേണ്ടി ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പത്രസമ്മേളനം നടത്തി തന്റെ വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്ത സ്ഥാനാര്‍ഥി നേരം വെളുത്തപ്പോള്‍ ബി ജെ പിയിലേക്ക് കൂറുമാറി. നോയ്ഡക്കു സമീപം ഗൗതം ബുദ്ധ നഗറിലെ സ്ഥാനാര്‍ഥി രമേഷ് ചന്ദ് ടോമര്‍ മണ്ഡലത്തിലെ പോളിംഗ് മാറ്റിവെക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇന്നലെ രാവിലെ സ്ഥലം വിടുകയായിരുന്നു. പിന്നീട് അല്‍പ്പം കഴിഞ്ഞാണ് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെ കണ്ട് അദ്ദേഹം കൂറുമാറിയ വിവരം കോണ്‍ഗ്രസ് നേതൃത്വം അറിയുന്നത്. ഏറ്റവും അടുത്ത അനുയായികള്‍ക്കു പോലും തലേന്ന് രാത്രി വരെ ടോമറിന്റെ നീക്കങ്ങള്‍ അറിവില്ലായിരുന്നു. ടോമര്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ബുധനാഴ്ചയുണ്ടായിരുന്നെങ്കിലും വൈകീട്ട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് അതെല്ലാം കെട്ടുകഥകളാണെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയെയും തങ്ങളെയും വഞ്ചിച്ച ടോമറിനുവേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് യുപി കോണ്‍ഗ്രസ് വക്താവ് ധീരേന്ദ്ര സിംഗ് പറഞ്ഞു. ഗാസിയബാദില്‍ നിന്ന് നാല് തവണ ബി ജെ പി ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ടോമര്‍ 2009ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രജപുത്രര്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള ടോമറിനെലഭിച്ചത് തങ്ങളുടെ ജയസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. ലക്ഷത്തോളം രജപുത്ര വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഈ മാസം പത്തിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.

Latest