Connect with us

Ongoing News

ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ടിവിറ്റി ഇല്ലാതെ സൗജന്യ ചാറ്റിംഗ്; ഫയര്‍ ചാറ്റ് ഹിറ്റാകുന്നു

Published

|

Last Updated

firechat_android_screenshot
ഇന്റര്‍നെറ്റും ഡാറ്റ കണക്ഷനും മൊബൈല്‍ നെറ്റവര്‍ക്കും ആവശ്യമില്ലാതെ തന്നെ ചാറ്റിംഗ് സാധ്യമാക്കുന്ന സൗജന്യ ആപ്പായ ഫയര്‍ ചാറ്റ് (FireChat) ആപ്പിള്‍ സ്‌റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറിലും ഹിറ്റാകുന്നു. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ആപ്പിള്‍ ഐ സ്‌റ്റോറില്‍ നിന്ന് പ്രതിദിനം ലക്ഷത്തിലേറെ പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫയര്‍ ചാറ്റിന്റെ ഐ ഫോണ്‍ വെര്‍ഷനാണ് ഒരാഴ്ച മുമ്പ് ആദ്യമായി അവതരിപ്പിച്ചത്. ഇന്നലെ ആന്‍ഡ്രോയിഡ് വെര്‍ഷനും പുറത്തിറക്കി.

ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മെഷ് നെറ്റ് വര്‍ക്കിംഗ് ടെക്‌നോളജി ഉപയോഗിച്ച് ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ വഴിയാണ് ഫെയര്‍ ചാറ്റില്‍ ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നത്. 30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി തടസ്സമാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ആപ്പിളില്‍ മള്‍ട്ടിപീര്‍ കണക്ടിവിറ്റിയാണ് ഡാറ്റ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ആപ്പിളിന്റെ മിക്ക ഫോണുകളിലും ഈ സംവിധാനമുണ്ട്.