Connect with us

Ongoing News

കാറും കോളുമടങ്ങാതെ തീരം

Published

|

Last Updated

സാമ്രാജ്യത്വവിരുദ്ധ പോരാട്ട ചരിത്രത്തിലെ വീറുറ്റ പോരാളികള്‍ ഉഴുതുമറിച്ച പൊന്നാനിയുടെ മണ്ണില്‍ മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ. ഇരു മുന്നണികളും തമ്മിലുള്ള പോര് കനക്കുമ്പോള്‍ തീരദേശം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ശക്തമായ പ്രചാരണങ്ങളുമായി സിറ്റിംഗ് എം പി. ഇ ടി മുഹമ്മദ് ബഷീറും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അപരന്‍മാരുടെ ശല്യവും യു ഡി എഫിന് പാളയത്തില്‍ പടയുമാണ് ഇക്കുറി പൊന്നാനിയിലെ മത്സരത്തെ വേറിട്ട് നിര്‍ത്തുന്നത്.

ഒരിക്കല്‍ കൂടി കോണി കയറാമെന്ന പ്രതീക്ഷയുമായി ഇ ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ കപ്പും സോസറുമായാണ് ഇടത് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ രംഗപ്രവേശം. പ്രതീക്ഷിച്ച ചിഹ്നം അബ്ദുര്‍റഹ്മാന് ലഭിച്ചില്ലെങ്കിലും വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെയാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചങ്ങരംകുളം, പൊന്‍മുണ്ടം, ചെറിയമുണ്ടം, തിരൂരങ്ങാടി, കോട്ടക്കല്‍ തുടങ്ങി പൊന്നാനി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ് – ലീഗ് പടലപ്പിണക്കം എല്‍ ഡി എഫിന് അനുകൂലമായാല്‍ ഒരു ചരിത്രപിറവിക്കായിരിക്കും വഴിവെക്കുക. എട്ട് വര്‍ഷത്തോളം കെ പി സി സി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന വി അബ്ദുര്‍റഹ്മാന് കോണ്‍ഗ്രസിന്റെ വോട്ട് കൂടി ലഭിക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. പരിഹരിക്കാനാകാത്ത രീതിയില്‍ കീറാമുട്ടിയായി തുടരുന്ന ലീഗ് – കോണ്‍ഗ്രസ് ബന്ധം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മൂര്‍ച്ഛിച്ചു കൊണ്ടിരിക്കുകയാണ്. ലീഗിനോട് കടുത്ത ശത്രുതയുള്ള കോണ്‍ഗ്രസുകാരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും. പലരും അക്കാര്യം പരസ്യമായി അറിയിക്കുന്നില്ലെങ്കിലും ഉള്ളില്‍ അഗ്‌നിയായി പടരുന്നുണ്ട്. പൊന്‍മുണ്ടത്ത് കോണ്‍ഗ്രസ് ധര്‍ണയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചതും കോട്ടക്കലില്‍ കോണ്‍ഗ്രസ് ഓഫീസിന് മുകളില്‍ ഇടത് സ്ഥാനാര്‍ഥിക്കായി ഫഌക്‌സ് ഉയര്‍ന്നതുമെല്ലാം ഇതിന്റ തെളിവുകളാണ്. അച്ചടക്കലംഘനം നടത്തിയതിന്റെ പേരില്‍ ഇതിനകം കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും മണ്ഡലം കമ്മിറ്റികള്‍ പിരിച്ചിവിടുന്നിടത്തേക്കുമെത്തി. എന്നാല്‍, വന്‍ ഭൂരിപക്ഷത്തില്‍ ഇത്തവണയും കോട്ട കാക്കുമെന്ന പ്രതീക്ഷയിലാണ് ലീഗും യു ഡി എഫ് കേന്ദ്രങ്ങളും.
അച്ചടക്കലംഘനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി തുടരുമ്പോഴും വിവിധ കോണുകളില്‍ ഇ ടിക്കെതിരെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് പൊന്നാനി തീരത്ത് ഇത്തവണ കാറ്റ് മാറി വീശുമെന്ന വിശ്വാസം എല്‍ ഡി എഫ് കേന്ദ്രങ്ങളിലുണ്ടാക്കിയിട്ടുണ്ട്. അപരന്മാരാണ് അബ്ദുര്‍റഹ്മാനെ അലട്ടുന്നത്. മൂന്ന് പേരാണ് അപരന്‍മാരായി രംഗത്തുള്ളത്. താമര വിരിയിക്കാമെന്ന പ്രതീക്ഷയുമായി ബി ജെ പി സ്ഥാനാര്‍ഥിയായി കെ നാരായണന്‍ മാസ്റ്ററും മണ്ഡലത്തില്‍ സജീവമാണ്. ദേശീയ, സംസ്ഥാന പ്രശ്‌നങ്ങളോടൊപ്പം എം പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം, റെയില്‍വേ വികസനം, തിരുനാവായ – ഗുരുവായൂര്‍ റെയില്‍പാത, പൊന്നാനി കോള്‍പ്പാടം വികസനം, ദേശീയപാതാ വികസനം, കുറ്റിപ്പുറം എഫ് സി ഐ ഗോഡൗണ്‍, തീരദേശ വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം എന്നിവയാണ് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.
മുസ്‌ലിം ലീഗിന്റെ ജി എം ബനാത്ത്‌വാല തുടര്‍ച്ചയായി ഏഴ് തവണ വിജയത്തേരിലേറിയ മണ്ഡലമാണ് പൊന്നാനി. 1962ല്‍ ഇ കെ ഇമ്പിച്ചിബാവ, 1967ല്‍ സി കെ ചക്രപാണി, 1971ല്‍ എം കെ കൃഷ്ണന്‍ എന്നിവര്‍ ഇടതുപക്ഷത്തേരില്‍ പൊന്നാനിയുടെ എം പിമാരായിട്ടുമുണ്ട്. ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. 1991ല്‍ ഇബ്‌റാഹിം സുലൈമാന്‍ സേട്ടും 2004ല്‍ ഇ അഹമ്മദും 2009ല്‍ ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ നിന്നുള്ള ലീഗിന്റെ എം പിമാരായി. കഴിഞ്ഞ തവണ ഇടതുപക്ഷ സ്വതന്ത്രനായിരുന്ന ഹുസൈന്‍ രണ്ടത്താണിക്കെതിരെ 82,684 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീര്‍ സ്വന്തമാക്കിയത്. ഏഴ് മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയുണ്ടായി. 2004ല്‍ 4,848 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പൊന്നായില്‍ ഇ അഹമ്മദ് പാര്‍ലമെന്റിലെത്തിയത്.
പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തവനൂര്‍, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ അഞ്ച് മണ്ഡലങ്ങള്‍ യു ഡി എഫിന്റെ കൈവശമാണ്. കഴിഞ്ഞ തവണ ലീഗ് വിജയിച്ച താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍ എന്നിവയും പാലക്കാട് ജില്ലയിലെ തൃത്താലയും ഇതില്‍ ഉള്‍പ്പെടും. മണ്ഡലത്തിന്റെ ആസ്ഥാനമായ പൊന്നാനിയും തൊട്ടടുത്ത് കിടക്കുന്ന തവനൂരും ഇടതുപക്ഷത്തിന്റെ സ്വാധീനത്തിലാണ്. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തില്‍ യു ഡി എഫിന് മുന്‍തൂക്കമുണ്ടെങ്കിലും തൃത്താല പോലുള്ള മണ്ഡങ്ങളിലെ വര്‍ധിച്ച ഇടതു സ്വാധീനം മുന്നണിയെ ഭയപ്പെടുത്തുന്നതാണ്. മാത്രമല്ല, പൊന്നാനി മണ്ഡലത്തിന്റെ തെക്കന്‍ മേഖല ഏതാണ്ട് പൂര്‍ണമായും ഇടതു സ്വാധീന മേഖലയാണെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. മണ്ഡലത്തിന്റെ വടക്കു പടിഞ്ഞാറുള്ള താനൂര്‍, ലീഗിന് എന്നും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള വോട്ട് ബേങ്കാണ്. ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴൂര്‍, പൊന്‍മുണ്ടം, താനാളൂര്‍, താനൂര്‍ എന്നീ പഞ്ചായത്തുകളാണ് താനൂരില്‍ ഉള്‍പ്പെടുന്നത്. തൊട്ടടുത്ത് കിടക്കുന്ന തിരൂരങ്ങാടി മേഖലയും പൊന്നാനിയും തെരഞ്ഞടുപ്പ് ചിത്രത്തില്‍ ലീഗിന്റെ ഉറച്ച തട്ടകമാണ്. എടരിക്കോട്, നന്നമ്പ്ര, പരപ്പനങ്ങാടി, തെന്നല, തിരൂരങ്ങാടി, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളാണ് തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലുള്ളത്. ഈ മേഖലയിലും ലീഗിന് വ്യക്തമായി ഭൂരിപക്ഷമുണ്ടെങ്കിലും പലയിടത്തും കോണ്‍ഗ്രസുമായുള്ള ബന്ധം സുഖകരമല്ല. തിരൂര്‍ നിയമസഭാ മണ്ഡലമാകട്ടെ നിലവില്‍ ലീഗിന്റെ നിയന്ത്രണത്തിലാണെങ്കിലും ലീഗിന് അടിതെറ്റിയ ചരിത്രവും ഇവിടെയുണ്ട്. തിരൂരിലെ വോട്ടുകള്‍ എപ്പോഴും കൂടെ നില്‍ക്കുമെന്ന പഴയ പ്രതീക്ഷയൊന്നും ലീഗിന് ഇന്നില്ല. തിരൂര്‍ നഗരസഭ, ആതവനാട്, കല്‍പ്പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂര്‍, വെട്ടം പഞ്ചായത്തുകളാണ് തിരൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്.
പുതിയ നിയമസഭാ മണ്ഡലമായ കോട്ടക്കല്‍ യു ഡി എഫിനെ പിന്തുണക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. എന്നാല്‍, മലപ്പുറം ജില്ലയില്‍ ഇടതു തരംഗം വീശിയടിച്ചപ്പോള്‍ തകര്‍ന്നുപോയ പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗങ്ങളാണ് കോട്ടക്കലിലുള്ളത്. എടയൂര്‍, ഇരുമ്പിളിയം, കോട്ടക്കല്‍, കുറ്റിപ്പുറം, മാറാക്കര, പൊന്‍മള, വളാഞ്ചേരി പഞ്ചായത്തുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലീഗില്‍ വിമതശല്യം രൂക്ഷമായ മേഖലയുമാണിത്. ഇടതുപക്ഷം അപ്രതീക്ഷിത വോട്ടുകള്‍ക്ക് കാത്തിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കോട്ടക്കല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റ രണ്ട് മണ്ഡലങ്ങളാണ്. പൊന്നാനിയും തവനൂരും രണ്ടിടത്തും ഇടതു സ്ഥാനാര്‍ഥികള്‍ സ്വാധീനമുറപ്പിച്ചു. ഇടത് പരമ്പരാഗത വോട്ടുകള്‍ ഏറെയുള്ള എടപ്പാള്‍, തവനൂര്‍, വട്ടംകുളം പഞ്ചായത്തുകളും പുറത്തുര്‍, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് അടുത്ത കാലത്ത് നിലവില്‍ വന്ന തവനൂര്‍. പൊന്നാനിയാകട്ടെ കാലമേറെയായി മലപ്പുറം ജില്ലയിലെ ചുവപ്പു കോട്ടയാണ്. ഇമ്പിച്ചിബാവയിലൂടെയും പാലോളി മുഹമ്മദ്കുട്ടിയിലൂടെയും കേരളം കേട്ടറിഞ്ഞ പൊന്നാനിയില്‍ കഴിഞ്ഞ തവണയും യു ഡി എഫിനു വിജയിക്കാനായില്ല. പൊന്നാനി നഗരസഭയിലെയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലെയും വോട്ടര്‍മാരാണ് പൊന്നാനി മേഖലയില്‍ ഉള്‍പ്പെടുന്നത്.
എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി വി ടി ഇഖ്‌റാമുല്‍ ഹഖ്, ആം ആദ്മി പാര്‍ട്ടിയുടെ പി വി ഷൈലോക്ക്, ബഹുജന്‍ സമാജ് പാര്‍ട്ടയുടെ ടി അയ്യപ്പന്‍ തുടങ്ങി പത്ത് സ്ഥാനാര്‍ഥികളാണ് പൊന്നാനിയില്‍ ജനവിധി തേടുന്നത്. എസ് ഡി പി ഐയുടെ വി ടി ഇഖ്‌റാമുല്‍ ഹഖിന്റെയും സ്വതന്ത്രനായി രംഗത്തുള്ള ടി പി അബുലൈസിന്റെയും സാന്നിധ്യം എത് മുന്നണിയെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Latest