Connect with us

Kerala

മദ്യ ഉപയോഗം കുറയുമ്പോഴും വിറ്റുവരവില്‍ വന്‍ വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 9350 കോടി രൂപയുടെ മദ്യം. മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്‌സൈസ് കമ്മീഷന്‍ അവകാശപ്പെടുമ്പോള്‍ വിറ്റുവരവില്‍ ആറ് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 8841 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 509 കോടി വര്‍ധിച്ച് 9350 കോടിയായി.
അതേസമയം, മദ്യ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. 2013ല്‍ 244 ലക്ഷം കേയ്‌സ് മദ്യമാണ് ചെലവായതെങ്കില്‍ കഴിഞ്ഞ വര്‍ഷം 240 ലക്ഷം കേസ് മദ്യമാണ്. -~ഒരു ശതമാനത്തിന്റെ കുറവ്. എന്നാല്‍ ബിയറിന്റെ ഉപഭോഗം ആറ് ശതമാനം വര്‍ധിച്ചു. 2012-13ല്‍ 101 ലക്ഷം കേസായിരുന്നു ബിയര്‍ വില്‍പനയെങ്കില്‍ കഴിഞ്ഞ വര്‍ഷം 108 ലക്ഷം കേയ്‌സ് ബിയറാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്.
2010 മുതല്‍ മദ്യ ഉപഭോഗത്തില്‍ ക്രമാനുഗതമായ കുറവുണ്ടായെന്നാണ് കോര്‍പ്പറേഷന്റെ അവകാശവാദം. നേരത്തെ ബ്രാണ്ടിക്കും റമ്മിനും ഒരു പോലെ ആവശ്യക്കാരുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ബ്രാണ്ടിയോടാണ് കൂടുതല്‍ പ്രിയം. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത് 7500 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 കോടിയുടെ വര്‍ധന. 334 ഔട്ട് ലെറ്റുകളിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റ മദ്യത്തിന്റെ മാത്രം കണക്കാണിത്.
കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട് ലെറ്റുകള്‍ വഴിയും ബാറുകളിലൂടെയും വിറ്റ മദ്യത്തിന്റെ കണക്കു കൂടി പുറത്തു വന്നാല്‍ മാത്രമേ മലയാളിയുടെ മദ്യാസക്തിയുടെ യഥാര്‍ഥ ചിത്രമാകൂ.
ഇപ്പോള്‍ തന്നെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതോടെ ഔട്ട ്‌ലെറ്റുകളിലെ കച്ചവടം പൊടിപൊടിക്കുകയാണ്. സംസ്ഥാനത്തെ 338 വിതരണ കേന്ദ്രങ്ങളിലും വിറ്റുവരവ് റെക്കോര്‍ഡ് ഭേദിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ ശരാശരി 18 കോടി രൂപയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പ്പന. ഇത് 27.17 കോടി രൂപയില്‍ വരെയെത്തി. 35 ശതമാനത്തിലധികം വര്‍ധന.
ഉത്സവ സീസണുകളില്‍ പോലും അടുത്ത കാലത്ത് ഇത്രയും വിറ്റുവരവുണ്ടായിട്ടില്ല. മദ്യത്തിന്റെ വില പത്ത് ശതമാനം വര്‍ധിപ്പിച്ചതും വരുമാനം കൂടാന്‍ കാരണമായിട്ടുണ്ട്. ഈ ഇനത്തില്‍ സര്‍ക്കാറിന് നികുതിയായി ലഭിച്ചത് 23 കോടി രൂപ. വില്‍പ്പന കൂടിയത് നഗരങ്ങളിലെ ഔട്ട് ലെറ്റുകളിലാണ്. ചില ഔട്ട്‌ലെറ്റുകളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന നടന്നു. നഗരപ്രദേശങ്ങളിലാണ് വില്‍പ്പന കൂടുതല്‍.
ബാറുകളില്ലാത്തതുകാരണം പലയിടത്തും വൈകിട്ടായപ്പോഴേക്കും സ്റ്റോക്ക് തീര്‍ന്നിരുന്നു. നിലവാരമില്ലാത്ത 418 ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ സ്ഥലങ്ങളിലുള്ള ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുമുണ്ട്.
തിരക്ക് വര്‍ധിച്ചതോടെ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രവര്‍ത്തന സമയം. ഇത് അര മണിക്കൂര്‍ വരെ നീട്ടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബാറുകളില്ലാത്ത സാഹചര്യത്തില്‍ വ്യാജമദ്യമൊഴുക്ക് തടയുന്നതിനായി എക്‌സൈസും പോലീസും പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു പരിശോധനകള്‍ ശക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തെ മദ്യമൊഴുക്ക് തടയാനുള്ള പ്രത്യേക സംവിധാനത്തിനു പുറമെയാണിത്.