Connect with us

Articles

വേനല്‍ കാഠിന്യത്തെ മറികടക്കാന്‍

Published

|

Last Updated

ഏതാനും ദിവസങ്ങളായി താങ്ങാനാകുന്നതിലേറെ ചൂടാണ് കേരളം അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമെന്ന് ഒരു ആശ്വാസത്തിന് പറയാമെങ്കിലും ചൂട് വര്‍ധിക്കുന്നതിന് ആക്കം കൂട്ടിയത് നമ്മുടെ ജീവിത രീതികളാണെന്ന് പറയാതെ വയ്യ. 44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും 3000 മില്ലീ മീറ്റര്‍ വര്‍ഷത്തില്‍ മഴയും പശ്ചിമ ഘട്ടത്തില്‍ വനങ്ങളും ലക്ഷക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളും നമുക്കുണ്ടായിട്ടും രാജസ്ഥാനിലെ മരുഭൂമി കണക്കെ സംസ്ഥാനത്തെ ജനങ്ങള്‍ അതീവ ഗുരുതരമായ പ്രയാസം നേരിട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങള്‍ കേരളീയ കാലാവസ്ഥയില്‍ ധൃതഗതിയില്‍ പ്രതികൂലമായ മാറ്റങ്ങള്‍ക്ക് വഴി വെക്കുകയാണ്.
നമ്മുടെ വനങ്ങള്‍ തേയിലത്തോട്ടങ്ങള്‍ക്കും റബ്ബര്‍, കാപ്പി, കുരുമുളക്, ജാതി, കുരുമുളക് എന്നീ കൃഷികള്‍ക്കും വഴിമാറുകയും കൈയേറ്റത്തിന്റെ പേരിലും കുടിയേറ്റത്തിന്റെ പേരിലും വനം കൊള്ള നടക്കുകയും ചെയ്തത് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമായി. നാണ്യവിളകള്‍ കാര്‍ഷിക കേരളത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴി വെച്ചെങ്കിലും, അത് മൂലമുണ്ടായ വനനാശം, കാലാവസ്ഥയിലെ മാറ്റത്തിന് തടയിടാനുള്ള പ്രകൃതിദത്തമായ ശേഷിയാണ് കുറച്ചുകളഞ്ഞത്.
യാതൊരു വീണ്ടുവിചാരവുമില്ലാതെ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും അംബരചുംബികളായ ആഡംബര സൗധങ്ങള്‍ കോണ്‍ക്രീറ്റില്‍ പണി തീര്‍ത്തത് രാത്രിയിലും പകലും ഒരുപോലെ താപ തരംഗം സൃഷ്ടിക്കാന്‍ ഇടവരുത്തിയിരിക്കുകയാണ്. പാടശേഖരങ്ങള്‍ നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയ കൊഴുത്തു. നിര്‍മാണ ചട്ടങ്ങള്‍ മറികടന്ന് കെട്ടിപ്പൊക്കിയവ സര്‍ക്കാര്‍ ഒത്താശയോടെ നിയമപരമാക്കി. മഴക്കാലത്ത് ജല മാനേജ്‌മെന്റ് നടത്തിയില്ല. പ്രകൃതിയുടെ ജലസംഭരണികളായ കുന്നുകളും മലകളും വികസനത്തിന്റെ പേരില്‍ തകര്‍ത്ത് ജലസ്രോതസ്സുകളും ചതുപ്പുകളും നികത്തിയെടുത്തു. മഴക്കാലത്ത് ജലം ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങി ഭൂഗര്‍ഭജല റീചാര്‍ജിംഗിന് വഴിവെക്കുന്ന സംവിധാനങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിച്ചു. മരങ്ങളെ വികസനത്തിന്റെ വര്‍ഗശത്രുവായി മാറിമാറി കേരളം ഭരിച്ച സര്‍ക്കാറുകള്‍ കണ്ടു. യാതൊരു ആസൂത്രണവുമില്ലാതെ റോഡുകള്‍ നിര്‍മിക്കുകയും മരങ്ങള്‍ മുറിക്കുകയും ചെയ്തതോടെ സംസ്ഥാനം വെന്തുരുകാന്‍ തുടങ്ങി.
ഇങ്ങനെ ആലോചിക്കുമ്പോള്‍ കേരളം ഇന്നനുഭവിക്കുന്ന അത്യുഷ്ണം പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ച സര്‍ക്കാറുകള്‍ വരുത്തിത്തീര്‍ത്തതാണെന്നതില്‍ തര്‍ക്കമില്ല. ഇവിടുത്തെ വാഹനപ്പെരുപ്പം ലക്ഷങ്ങളില്‍ നിന്ന് അനേക കോടികളിലേക്കാണ് വളര്‍ന്നത്. ഇത് മൂലം റോഡുകളില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി. ഇങ്ങനെ ഹരിത വാതക വര്‍ധനവിലേക്കും അന്തരീക്ഷ താപ വര്‍ധനവിലേക്കും കൊണ്ടുചെന്നെത്തിച്ചു. വേനലില്‍ മഴ പെയ്താല്‍ പോലും ചൂട് ഇരട്ടിക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ ഭൂവിഭാഗങ്ങളില്‍ എവിടെ വ്യവസായം തുടങ്ങണമെന്നോ എവിടെ വീടുകള്‍ പണിയണമെന്നോ കൃഷിഭൂമി എവിടെ നിലനിര്‍ത്തണമെന്നോ എത്ര ശതമാനം വനമേഖല നിലനിര്‍ത്തണമെന്നോ ഒന്നും ആസൂത്രിതമായി തീരുമാനിച്ച് നടപ്പിലാക്കാന്‍ സംസ്ഥാനം രൂപവത്കൃതമായതിനു ശേഷം വന്ന ഒരു സര്‍ക്കാറിനും കഴിഞ്ഞില്ലെന്നതാണ് സംസ്ഥാനത്തിന്റെ അതിതാപ നാളുകള്‍ക്ക് നിമിത്തമായിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. അതിന്റെ തിക്താനുഭവത്തിന് സാധാരണ ജനങ്ങളാണ് അടിപ്പെടുന്നത്.

അമിതമായ ചൂടിനെ നേരിടാന്‍
1. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കഴിവതും കുറച്ച് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക. ഇത് വഴി വായു മലിനീകരണവും അത് വഴിയുള്ള ഹരിത വാതക ഉത്പാദനവും തടയാം.

2. എ സി, ശീതീകരണ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറക്കുക. വീടുകളില്‍ തണുപ്പിന് ടെറസ്സില്‍ വെള്ളം നിര്‍ത്തുകയും ഓല മടല്‍ തുടങ്ങിയ സസ്യ ഉത്പന്നങ്ങളാല്‍ മേല്‍ക്കൂര മൂടുകയും ചെയ്യുക. കിടപ്പുമുറിയില്‍ പരന്ന പാത്രങ്ങളില്‍ ഫാനിന് താഴെ വെള്ളം വെക്കുക. അത് മുറിയിലെ ഈര്‍പ്പം വര്‍ധിപ്പിക്കാന്‍ ഇട വരുത്തും.

3. പകല്‍ ജനലും വാതിലും അടച്ചിടുക. വൈകീട്ട് അഞ്ചിന് ശേഷം ഇവയെല്ലാം തുറന്നിടുകയും വായു കയറി ഇറങ്ങാന്‍ അനുവദിക്കുകയും ചെയ്യുക.

4. പകല്‍ 12നും രണ്ടിനും ഇടയില്‍ റോഡ് യാത്ര ഒഴിവാക്കുക.

5. പകല്‍ സൂര്യ താപത്തില്‍ നടക്കേണ്ടതായിട്ടുണ്ടെങ്കില്‍ മുഖമൊഴികെയുള്ള ഭാഗങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.

6. ഉച്ച സമയത്ത് വെള്ളം ലഭ്യമാണെങ്കില്‍ തണുത്ത വെള്ളത്തില്‍ സോപ്പ് ഉപയോഗിക്കാതെ കുളിക്കുന്നത് നല്ലതായിരിക്കും.

7. ഒരു കാരണവശാലും പൊതു നിരത്തുകള്‍, പറമ്പ്, പുരയിടം, വീട് എന്നിവ അടിച്ചുകൂട്ടി ഉണ്ടാകുന്ന കരിയിലയും കടലാസും അടങ്ങുന്ന ചപ്പു ചവറുകള്‍ കത്തിക്കരുത്. തീ പിടിക്കാതിരിക്കാന്‍ ഇത് വെള്ളം തെളിച്ചിടുക. ചവറ് കുഴികളില്‍ ശേഖരിക്കുന്നത് നന്നായിരിക്കും. വേനലില്‍ ചവറ് കത്തിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കാന്‍ ഇട വരുത്തും.

8. വേനലില്‍ കിണറുകളില്‍ നിന്നും പ്രത്യേകിച്ചും ജലദൗര്‍ബല്യം നേരിടുന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ നിന്നും ജലം ഊറ്റിയെടുത്ത് ടാങ്കര്‍ ലോറികളില്‍ എടുത്ത് വില്‍പ്പന നടത്തുന്നത് തടയണം. ജലവിതരണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റടെക്കണം.

9. പ്ലാസ്റ്റിക്, ഓയില്‍ വേസ്റ്റ്, തെര്‍മോകോള്‍, പെയിന്റ് വേസ്റ്റ്, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കവറുകള്‍, ചെരിപ്പുകള്‍, ഫഌക്‌സ്, മരുന്നുകള്‍, മണ്ണെണ്ണ, പെട്രോള്‍ ഉത്പന്നങ്ങള്‍ എന്നിവ യാതൊരു കാരണവശാലും പൊതു സ്ഥലങ്ങളിലോ ചൂളകളിലോ കത്തിക്കാന്‍ അനുവദിക്കരുത്. ഡയോക്‌സിന്‍ ഉത്പാദനം കുറക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.

10. വേനല്‍ക്കാലത്ത് പുതിയ കുഴല്‍ കിണറുകള്‍ കുത്തുന്നതിന് നിയന്ത്രണം വേണം.

11. വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ വേനലില്‍ പച്ചക്കറി കൃഷി ചെയ്യുന്നത് ഉത്തമമാണ്.

12. ഉപയോഗശൂന്യമായ കിണറുകളില്‍ ഒരു കാരണവശാലും മാലിന്യം തള്ളരുത്.

13. കുളങ്ങള്‍, കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍ എന്നിവ മലിനീകരിക്കപ്പെടുന്നത് തടയണം.

14. പൊതു മാലിന്യ സംസ്‌കരണ യാര്‍ഡുകളില്‍ വേനല്‍ക്കാലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിക്കണം.

15. ചൂടുള്ള ദിവസങ്ങളില്‍ പഴങ്ങളും വെള്ളവും ധാരാളം കഴിക്കണം.

16. ശിശുക്കളെ രണ്ട് നേരമെങ്കിലും കുളിപ്പിച്ച് വൃത്തി വരുത്താന്‍ ശ്രദ്ധിക്കണം.

17. അഴുക്കുള്ള വസ്ത്രങ്ങള്‍ മാറുന്നതിനും ദിവസവും അടിവസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം.

18. പൊതു ടാപ്പുകളും മറ്റു ജല ടാപ്പുകളും ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ജല ഉപയോഗം കഴിവതും കുറക്കണം.

19. രണ്ട് ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ മാത്രമേ പൂന്തോട്ടങ്ങളും വലിയ മരങ്ങളും നനക്കേണ്ടതുള്ളൂ. നനക്കുന്നത് എപ്പോഴും വൈകീട്ട് സൂര്യാസ്തമനത്തിന് ശേഷം മാത്രമാക്കുക. ജലത്തിന്റെ ദുരുപയോഗം കുറക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

20. ആവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

21. തെങ്ങ്, കമുങ്ങ്, ജാതി, പച്ചക്കറി ചെടികള്‍ എന്നിവയുടെ അടിത്തട്ടില്‍ ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുക. ഇത്തരം പുതകള്‍ വെള്ളം തെളിച്ച് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തണം.

22. ഈ വേനല്‍ തീരുന്നത് വരെ മരം മുറിക്കുന്നതിന് മൊറോട്ടോറിയം പ്രഖ്യാപിക്കണം.

23. വേനല്‍ തീരുന്നതിന് മുമ്പ് മഴ വെള്ളക്കൊയ്ത്തിനും ജല മാനേജ്‌മെന്റിനും വേണ്ട മുന്‍ കരുതലുകള്‍ നടത്തുക.

Latest